ചണ്ഡീഗഡ്: ഐപിഎല്‍ എട്ടാം പതിപ്പില്‍ ഇതുവരെ ഫോം കണ്ടെത്താന്‍ കഴിയാതെ വിഷമിക്കുന്ന സെവാഗിനെയും ടീം പുറത്തിരുത്തി. തിങ്കളാഴ്ച രാത്രി സണ്‍റൈസേഴ്‌സിനെതിരായ മത്സരത്തിലാണ് കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്റെ താരമായ സെവാഗിന് ആദ്യ ഇലവനില്‍ ഇടംപിടിക്കാന്‍ കഴിയാതിരുന്നത്. കിംഗ്‌സ് ഇലവന്റെ ഏഴാം മത്സരമായിരുന്നു ഇത്. ഏഴ് മത്സരങ്ങളില്‍ അഞ്ചെണ്ണത്തിലും തോല്‍ക്കാനായിരുന്നു കിംഗ്‌സ് ഇലവന്റെ വിധി. പോയിന്റ് പട്ടികയില്‍ ഏറ്റവും പിന്നിലാണ് കിംഗ്‌സ് ഇലവന്റെ സ്ഥാനം. ഇനിയൊരു തിരിച്ചുവരവ് ഏറെക്കുറെ അസാദ്ധ്യമാണുതാനും.
ഇന്ത്യന്‍ ടീമിലേക്കുള്ള മടങ്ങിവരവിന് കളമൊരുക്കാന്‍ സെവാഗിന് ഐപിഎല്ലിലെ മികച്ച പ്രകടനം കൊണ്ട് സാധിക്കുമായിരുന്നു. എന്നാല്‍ ഈ സീസണില്‍ തീര്‍ത്തും നിരാശപ്പെടുത്തിയ സെവാഗ് ആറ് കളികളില്‍ നിന്ന് നേടിയത് വെറും 96 റണ്‍സ്. ദല്‍ഹിക്കെതിരെ നേടിയ 47 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ആദ്യ ഇന്നിംഗ്‌സില്‍ പൂജ്യം. അവസാന രണ്ടിന്നിംഗ്‌സിലും ഓരോ റണ്‍സ് വീതവും. ഇതോടെയാണ് കിംഗ്‌സ് ഇലവന് കഴിഞ്ഞ മത്സരത്തില്‍ നിന്ന് സെവാഗിനെ ഒഴിവാക്കിയത്. പകരമെത്തിയ യുവതാരം മനന്‍ വോറ അഞ്ച് റണ്‍സിന് പുറത്തായത് മാത്രമാണ് സെവാഗിന് തിരിച്ചുവരവിനുള്ള പ്രതീക്ഷ നല്‍കുന്നത്.
മറ്റൊരു താരമായ ഓസീസിന്റെ ഗ്ലെന്‍ മാക്‌സ്‌വെല്ലും സൂപ്പര്‍ ഫാസ്റ്റ് ബൗളറായ ഡെയ്ല്‍ സ്‌റ്റെയിനും നിരാശയാണ് ഈ സീസണില്‍ സമ്മാനിച്ചിട്ടുള്ളത്. മൂന്ന് കളികളില്‍ നിന്ന് മൂന്ന് വിക്കറ്റ് മാത്രം നേടിയ സ്‌റ്റെയിന് പകരം ഹെന്റിക്വസാണ് ടീമിലെത്തിയത്.
എന്നാല്‍ ഫോമിലേക്കുയരാന്‍ കഴിയാതെ വിഷമിക്കുന്ന സെവാഗിനെയും മാക്‌സ്‌വെല്ലിനെയും പുറത്തിരുത്തിയിട്ടും കിംഗ്‌സ് ഇലവന് കഴിഞ്ഞ മത്സരത്തില്‍ സണ്‍റൈസേഴ്‌സിനെതിരെ വിജയിക്കാന്‍ കഴിഞ്ഞില്ല. 20 റണ്‍സിനായിരുന്നു സണ്‍റൈസേഴ്‌സ് ഈ കളിയില്‍ വിജയിച്ചത്.
ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സ് ആറ് വിക്കറ്റിന് 150 റണ്‍സെടുത്തപ്പോള്‍ കിംഗ്‌സ് ഇലവന് 9 വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. സണ്‍റൈസേഴ്‌സിന് വേണ്ടി ശിഖര്‍ ധവാനും വിഹാരിയും രവി ബൊപ്പാറയും ഉള്‍പ്പെടെയുള്ളവര്‍ ബാറ്റിംഗില്‍ ദയനീയമായി പരാജയപ്പെട്ടപ്പോള്‍ 58 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറും 30 റണ്‍സെടുത്ത ഹെന്റിക്വസും 28 റണ്‍സെടുത്ത നമന്‍ ഓജയും പുറത്താകാതെ 22 റണ്‍സെടുത്ത ആശിഷ് റെഡ്ഡിയുമാണ് മികച്ച പ്രകടനം നടത്തിയത്.
കിംഗ്‌സ് ഇലവന്‍ നിരയില്‍ 42 റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയാണ് ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ ജോര്‍ജ് ബെയ്‌ലി 22 റണ്‍സുമെടുത്തു. ട്രെന്റ് ബൗള്‍ട്ടിന്റെ (19ന് മൂന്ന്)യും ഭുവനേശ്വര്‍കുമാറിന്റെ (23ന് രണ്ട്) മികച്ച ബൗളിങാണ് സണ്‍റൈസേഴ്‌സിന് വിജയം സമ്മാനിച്ചത്. ബൗള്‍ട്ടായിരുന്നു മാന്‍ ഓഫ് ദി മാച്ച്.
















