ഖുല്‍ന: ഏകദിന പരമ്പരയും ട്വന്റി 20 പരമ്പരയും നേടിയതിന്റെ ആത്മവിശ്വാസത്തില്‍ പാക്കിസ്ഥാനെതിരെ ആദ്യ ടെസ്റ്റിനിറങ്ങിയ ബംഗ്ലാദേശിന് മികച്ച തുടക്കം. ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിവസം കൡനിര്‍ത്തുമ്പോള്‍ ബംഗ്ലാദേശ് നാല് വിക്കറ്റ് നഷ്ടത്തില്‍ 236 റണ്‍സ് എന്ന മികച്ച നിലയിലാണ്.
19 റണ്‍സെടുത്ത ഷക്കിബ് അല്‍ ഹസ്സനാണ് ക്രീസില്‍.
നേരത്തെ ടോസ് നേടിയ ബംഗ്ലാദേശ് ക്യാപ്റ്റന്‍ മുഷ്ഫിഖര്‍ റഹിം ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റന്റെ തീരുമാനത്തെ ന്യായീകരിച്ച് ഭേദപ്പെട്ട തുടക്കം ഓപ്പണര്‍മാരായ തമിം ഇഖ്ബാലും ഇംറുള്‍ കെയ്‌റും ടീമിന് നല്‍കുകയും ചെയ്തു.
ആദ്യ വിക്കറ്റില്‍ 52 റണ്‍സാണ് ഇരുവരും കൂട്ടിച്ചേര്‍ത്തത്. 25 റണ്‍സെടുത്ത തമിം ഇഖ്ബാലിനെ അസ്ഹറിന്റെ കൈകളിലെത്തിച്ച് യാസിര്‍ ഷായാണ് ഈ കൂട്ടുകെട്ട് പിരിച്ചത്. തുടര്‍ന്നെത്തിയ മൊനിമുള്‍ ഹഖ് തുടക്കം മുതലേ മികച്ച ബാറ്റിംഗ് പുറത്തെടുത്തു. എന്നാല്‍ സ്‌കോര്‍ബോര്‍ഡില്‍ 92 റണ്‍സായപ്പോള്‍ അര്‍ദ്ധസെഞ്ചുറി നേടി മുന്നേറുകയായിരുന്ന ഇംറുള്‍ കെയ്‌സിനെ (51) മുഹമ്മദ് ഹഫീസ് സ്വന്തം ബൗളിംഗില്‍ പിടികൂടി.
മൂന്നാം വിക്കറ്റില്‍ മൊനിമുള്‍ ഹഖും മഹ്മദുള്ളയും ഒത്തുചേര്‍ന്നതോടെ ബംഗ്ലാദേശ് മികച്ച സ്‌കോറിലേക്ക് നീങ്ങി. 95 റണ്‍സാണ് ഇരുവരും കൂട്ടിച്ചേര്‍ത്തത്. ഒടുവില്‍ സ്‌കോര്‍ 187-ല്‍ എത്തിയപ്പോള്‍ 49 റണ്‍സെടുത്ത മഹ്മദുള്ളയെ വഹാബ് റിയാസിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ സര്‍ഫ്രാസ് പിടികൂടി. സ്‌കോര്‍ 236-ല്‍ എത്തിയപ്പോള്‍ നാലാം വിക്കറ്റും ബംഗ്ലാദേശിന് നഷ്ടമായി.
80 റണ്‍സെടുത്ത മൊനിമുള്‍ ഹഖിനെ സുള്‍ഫിഖര്‍ ബാബര്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി മടക്കി. ബംഗ്ലാദേശിന് വേണ്ടി മൊഹമ്മദ് ഷാഹിദും സൗമ്യ സര്‍ക്കാരും പാക്കിസ്ഥാന് വേണ്ടി സാമി അസ്‌ലമും അരങ്ങേറ്റം കുറിച്ചു.
















