ലണ്ടന്‍: മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ കാര്യത്തില്‍ ആരാധകര്‍ക്കുള്ള ആശങ്കകളെല്ലാം ഒഴിഞ്ഞതായിരുന്നു. ഇപ്പോഴിതാ അതു തിരിച്ചുവന്നിരിക്കുന്നു.
പ്രീമിയര്‍ ലീഗില്‍ എവര്‍ട്ടന്റെ കളമായ ഗുഡിസന്‍ പാര്‍ക്കില്‍ ചെന്ന ചുവന്ന ചെകുത്താന്മാര് എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് തോറ്റമ്പി. ജയിംസ് മക്കാര്‍ത്തി (5), ജോണ്‍ സ്റ്റോണ്‍സ് (35), കെവിന് മിറാലസ് (74) എന്നിവര്‍ എവര്‍ട്ടന്റെ വിജയഗോളുകള്‍ കുറിച്ചു. തോറ്റെങ്കിലും മാന്‍.യുവിന്റെ ചാമ്പ്യന്‍സ് ലീഗ് പ്രവേശന സാധ്യത മങ്ങില്ല. നാലാം സ്ഥാനത്തുള്ള മാന്‍.യു(65) വിനിപ്പോള് ലിവര്‍പൂളി(58) നെക്കാള്‍ ഏഴു പോയിന്റ് കൂടുതലുണ്ട്.
പന്തില്‍ ആധിപത്യം പുലര്‍ത്തിയ മാന്‍.യു ലക്ഷ്യബോധമില്ലായ്മയിലൂടെയും പ്രതിരോധപ്പിഴവുകൡലൂടെയും കളി കളഞ്ഞുകുളിക്കുകയായിരുന്നു. മറുവശത്ത് കിട്ടിയ അവസരങ്ങള്‍ മുതലാക്കിയ എവര്ട്ടന് ആറാം ലീഗ് ഗെയിമുകളിലെ അഞ്ചാം ജയം കൈക്കലാക്കി. കൗണ്ടര്‍ അറ്റാക്കിലൂടെയാണ് മക്കാര്‍ത്തി സ്കോര്‍ ചെയ്തത്. സ്റ്റോണ്‍സിന്റെ ഹെഡ്ഡര്‍ ആദ്യ പകുതിയില്‍ തന്നെ അവരുടെ ലീഡ് ഇരട്ടിപ്പിച്ചു.
രണ്ടാം പകുതിയില്‍ മാന്‍.യു റദമേല്‍ ഫല്ക്കാവോയേയും എയ്ഞ്ചല്‍ ഡി മരിയയെയും കളത്തിലിറക്കിയെങ്കിലും വൈകിപ്പോയിരുന്നു. മിറാലസും ഗോളടിച്ചതോടെ ലൂയീസ് വാന്‍ ഗാലിന്റെ ടീം ചിത്രത്തിലേ ഇല്ലാതായി. കഴിഞ്ഞ ദിവസം നിലവിലെ ചാമ്പ്യന്‍ മാഞ്ചസ്റ്റര്‍ സിറ്റി ആസ്റ്റണ്‍ വില്ലയെ 3-2ന് അതിജീവിച്ചു. സെര്‍ജിയോ അഗ്യൂറോയും അലെക്സാണ്ടര്‍ കൊളറോവും ഫെര്‍ണാണ്ടിഞ്ഞോയും സിറ്റിയുടെ സ്കോര്‍ ഷീറ്റിലെത്തി.
ലിവര്‍പൂളിനെ വെസ്റ്റ്ബ്രോമും (0-0) സ്റ്റോക്ക് സിറ്റിയെ സണ്ടര്‍ലാന്റും (1-1) ക്യൂപിആറിനെ വെസ്റ്റ് ഹാമും (0-0) ടോട്ടനത്തെ സതാംപ്റ്റനും (2-2) സമനിലയില്‍ തളച്ചു. ക്രിസ്റ്റല്‍ പാലസ് ഹള്‍ സിറ്റിക്കു മുന്നില്‍ കീഴടങ്ങി (2-0); ന്യൂകാസില്‍ സ്വാന്സിയോടും (3-2).
















