ന്യൂദല്‍ഹി: ഷൂട്ടിംഗിലെ ഭാവി വാഗ്ദാനങ്ങള്‍ക്ക് ഒളിംപിക് സ്വര്‍ണമെഡല്‍ ജേതാവ് അഭിനവ് ബിന്ദ്രയുടെ അമൂല്യസമ്മാനം. അഞ്ചു ജൂനിയര്‍ താരങ്ങള്‍ക്ക് ജര്‍മ്മന്‍ നിര്‍മ്മിത അത്യാധുനിക വാല്‍തെര്‍ എയര്‍ റൈഫിളുകള്‍ ബിന്ദ്ര കൈമാറി.
അരുണ്‍ ശര്‍മ്മ (21 വയസ്, ജമ്മു കശ്മീര്‍), പ്രശാന്ത് തന്‍വാര്‍ (19, ഹരിയാന), ബി. നിഖില്‍ (16, കര്‍ണാടക), ഉത്തര്‍ പ്രദേശില്‍ നിന്നുള്ള സത്യന്‍ ചൗഹാന്‍ (20), ഗജേന്ദ്ര റായ് (16) എന്നിവര്‍ക്കാണ് അപൂര്‍വ്വ ഭാഗ്യം സിദ്ധിച്ചത്. രാജ്യത്തെ 30 റൈഫിള്‍-പിസ്റ്റള്‍ ഷൂട്ടര്‍മാര്‍ക്കായി ബിന്ദ്രയും ജി സ്‌പോര്‍ട്‌സ് ഫൗണ്ടേഷനും ഒരുക്കുന്ന പരിശീലന പദ്ധതിയുടെ ഭാഗമായായിരുന്നു തോക്ക് കൈമാറ്റം. 300 പേരില്‍ നിന്നാണ് പരിശീലന പരിപാടിക്കുള്ള താരങ്ങളെ തെരഞ്ഞെടുത്തത്.
ഇന്ത്യയില്‍ ഷൂട്ടിംഗ് പ്രതിഭകളേറെയുണ്ട്. എല്ലാ ഇനങ്ങളിലും അവര്‍ നല്ല പ്രകടനം പുറത്തെടുക്കുന്നു. ഇപ്പോള്‍ തെരഞ്ഞെടുക്കപ്പെട്ട അഞ്ചുപേരും പ്രതിഭയുള്ളവരാണ്. പരിമിതമായ സൗകര്യങ്ങള്‍ക്കിടയിലും ദേശീയ തലത്തില്‍ അവര്‍ മിന്നുന്നു, ബിന്ദ്ര പറഞ്ഞു. വാല്‍തെര്‍ റൈഫിള്‍ മികവ് ഉയര്‍ത്താന്‍ താരങ്ങളെ സഹായിക്കുമെന്നും ബിന്ദ്ര പ്രത്യാശ പ്രകടിപ്പിച്ചു.
















