അഹമ്മദാബാദ്: ഐപിഎല്ലില്‍ രാജസ്ഥാന് റോയല്‍സിനെതിരായ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ വിജയം കൃത്യസമയത്തേതെന്ന് ക്യാപ്ടന് വിരാട് കോഹ്ലി. വെള്ളിയാഴ്ച രാത്രിയിലെ മുഖാമുഖത്തില്‍ ഒമ്പത് വിക്കറ്റിനായിരുന്നു റോയല്‍ ചലഞ്ചേഴ്സിന്റെ ജയം.
ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് റോയല്‍സിന് 9ന് 130 റണ്‍സേ നേടാനായുള്ളു. മൂന്നു വിക്കറ്റ് പിഴുത ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കും രണ്ടുപേരെ വീതം മടക്കിയ ഹര്‍ഷല്‍ പട്ടേലും യശ്വേന്ദ്ര ചഹലും റോയല്‍സിനെ വരിഞ്ഞുമുറുക്കി.
സ്റ്റീവന്‍ സ്മിത്ത് (31), നായകന് ഷെയ്ന് വാട്സന് (26), അജിന്‍ക്യ രഹാനെ (18), കരുണ്‍ നായര്‍ (16) സ്റ്റ്യുവര്‍ട്ട് ബിന്നി (20) എന്നിവര്‍ മാത്രം റോയല്‍സ് നിരയില്‍ രണ്ടക്കം കണ്ടു. ചെറിയ സ്കോര്‍ പിന്തുടര്‍ന്ന ബാംഗ്ലൂര്‍ സംഘം 16.1 ഓവറില്‍ ഒരു വിക്കറ്റ് മാത്രം കളഞ്ഞ് 134 റണ്‍സെടുത്ത് ലക്ഷ്യം മറികടന്നു. ക്രിസ് ഗെയ്ല് (20) വീണെങ്കിലും വിരാട് കോഹ്ലിയും (62 നോട്ടൗട്ട്) എബി ഡിവില്ലിയേഴ്സും (47 നോട്ടൗട്ട്) റോയല്‍ ചലഞ്ചേഴ്സിനെ അനായാസം വിജയതീരമണച്ചു.
ഇതുപോലൊരു പ്രകടനമാണ് നമുക്ക് ആവശ്യമായിരുന്നത്. ഇതൊരു മാറ്റത്തിന്റേതാകാം. കൃത്യസമയത്തെ ജയം, കോഹ്ലി പറഞ്ഞു. ഇങ്ങനെയൊക്കെ കളിക്കാന്‍ കഴിയുന്ന ടീമാണു നമ്മുടേതെന്നറിയാം. വിജയ തൃഷ്ണയേറെയുണ്ടായിരുന്നു. അതില്‍ അഭിമാനിക്കുന്നെന്നും കോഹ്ലി കൂട്ടിച്ചേര്‍ത്തു.
















