മോസ്കോ: സ്പാനിഷ് ക്ലബ്ബ് സെവിയയും ഇറ്റാലിയന്‍ സാന്നിധ്യം നാപ്പോളിയും യൂറോപ്പ ലീഗ് ഫുട്ബോളിന്റെ അവസാന നാലിലേക്ക് ഗമിച്ചു.
രണ്ടാം പാദ ക്വാര്‍ട്ടറില്‍ റഷ്യയില്‍ നിന്നുള്ള സെനിത്തിനോട് സെവിയയും ജര്‍മ്മന്‍ ടീം വോള്‍ഫ്സ്ബര്‍ഗിനോട് നാപ്പോളിയും 2-2ന് സമനില വഴങ്ങി. എന്നാല്‍ ആദ്യപാദത്തില്‍ സെവിയ 2-1നും നാപ്പോളി 4-1നും ജയിച്ചിരുന്നു. അതോടെ അഗ്രഗേറ്റ് സ്കോറുകളുടെ ബലത്തില്‍ ഇരുടീമുകളും മുന്നേറി.
ആറാം മിനിറ്റില്‍ കാര്‍ലോസ് ബാക്കയിലൂടെ മുന്നില്‍ക്കയറിയ സെവിയയെ സലോമന്‍ റോന്‍ഡന്‍ (48-ാം മിനിറ്റ്) ഹള്‍ക്ക് (72) എന്നിവരിലൂടെ സെനിത് ഞെട്ടിച്ചതാണ്. സ്വന്തം തട്ടകത്തില്‍ അഗ്രഗേറ്റ് സ്കോര്‍ 3-3 എത്തിച്ച സെനിത് മത്സരം അധികസമയത്തേക്കു നീട്ടുമെന്നു തോന്നിച്ചു.
പക്ഷേ, 85-ാം മിനിറ്റില്‍ വിറ്റോലോയുടെ പാസ് സ്വീകരിച്ച കെവിന് ഗമേരിയോ സെനിത്തിന്റെ വലകുലുക്കിയതോടെ സെവിയ പ്രയാണം തുടര്‍ന്നു.
നാപ്പോളി- വോള്‍ഫ്സ്ബര്‍ഗ് മുഖാമുഖത്തിലെ നാലു ഗോളുകളും രണ്ടാം പകുതിയിലാണ് പിറന്നത്. കല്ലെജന്‍ (50), മെര്‍ട്ടെന്‍സ് എന്നിവര്‍ നാപ്പോളിക്ക് വ്യക്തമായ മുന്‍തൂക്കം നല്കി.
ടിം ക്ലോസെയും (71) പെരിസിച്ചും വോള്‍ഫ്സ്ബര്‍ഗിനെ ഒപ്പമെത്തിച്ചു. എന്നാല്‍ ആദ്യപാദത്തിലെ വന്‍ തോല്‍വിയുടെ ക്ഷീണമകറ്റാന്‍ അതുപോരായിരുന്നു. സെമിയില്‍ സെവിയ ഫിയോന്റിനയെ നേരിടും.
















