ന്യൂദല്‍ഹി: ദക്ഷിണാഫ്രിക്കന്‍ ലെഗ് സ്പിന്നര്‍ ഇമ്രാന്‍ താഹിര്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനുവേണ്ടി നൂറുശതമാനവും യത്‌നിക്കുന്നെന്ന് ക്യാപ്ടന്‍ ജെപി ഡുമിനി. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ വിജയത്തിനുശേഷമാണ് ഡുമിനി സ്വന്തം നാട്ടുകാരന്‍ കൂടിയായ താഹിറിനെ അഭിനന്ദിച്ചത്.
37 റണ്‍സിനായിരുന്നു ഡെവിള്‍സിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത ഡെയര്‍ ഡെവിള്‍സ് ശ്രേയസ് അയ്യര്‍ (56 പന്തില്‍ 83, 7 ഫോര്‍, 5 സിക്‌സ്), ഡുമിനി (50 പന്തില്‍ 78 നോട്ടൗട്ട്, 3 ഫോര്‍, 6 സിക്‌സ്) എന്നിവരുടെ തുണയില്‍ 4ന് 190 എന്ന സ്‌കോര്‍ പടുത്തുയര്‍ത്തി. മുംബൈയ്‌ക്കുവേണ്ടി മിച്ചല്‍ മക് ക്ലെനാഗന്‍ രണ്ടു വിക്കറ്റ് പിഴുതു.
മറുപടിക്കിറങ്ങിയ ഇന്ത്യന്‍സിനെ ഡെവിള്‍സ് 9ന് 153ല്‍ പിടിച്ചുകെട്ടി. താഹിര്‍ മൂന്നു വിക്കറ്റുമായി കസറിയപ്പോള്‍ എയ്ഞ്ചലോ മാത്യൂസും അമിത് മിശ്രയും രണ്ടുപേരെ വീതം മടക്കിയയച്ചു. 17-ാം ഓവറില്‍ മൂന്നു പേരെ പുറത്താക്കി താഹിറാണ് മത്സരഗതി മാറ്റിയത്.
ഏതു ടീമിനുവേണ്ടിയായാലും താഹിര്‍ നൂറു ശതമാനം ആത്മാര്‍ത്ഥതയോടെ കളിക്കും. ഡെവിള്‍സിനൊപ്പവും അങ്ങനെ തന്നെ, ഡുമിനി പറഞ്ഞു.
നമ്മള്‍ 190 റണ്‍സെടുത്തു. പക്ഷേ, നന്നായി പന്തെറിയേണ്ടിയിരുന്നു. ആക്രമണോത്സുകമായ മനസോടെ ബൗളര്‍മാര്‍ ആ ദൗത്യം നിര്‍വ്വഹിച്ചു. ഇതിലും മികവിലേക്ക് ഉയരാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ചെറിയ ഗ്രൗണ്ടാണ്. എന്നിരുന്നാലും സിക്‌സറുകളുടെ മൂല്യത്തിന് മാറ്റമില്ലല്ലോ?. സുന്ദരമായി ബാറ്റ് ചെയ്യാന്‍ സാധിക്കുന്ന പിച്ചായിരുന്നു കോട്‌ലയിലേതെന്നും ഡുമിനി കൂട്ടിച്ചേര്‍ത്തു.
















