ന്യൂദല്‍ഹി: ഭാരത റെയില്‍വേയുടെ എഞ്ചിനീയറിംഗ് മേഖലയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി രൂപീകരിച്ച റെയില്‍ വികാസ് നിഗം ലിമിറ്റഡ് 12-ാം വാര്‍ഷികം ആഘോഷിച്ചു. ദല്‍ഹിയിലെ ബിക്കാജികാമ പ്ലേസിലെ ആര്‍വിഎന്‍എല്‍ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ റെയില്‍വേ സഹമന്ത്രി മനോജ് സിന്‍ഹ മുഖ്യാതിഥിയായി പങ്കെടുത്തു.
2003ല്‍ രൂപീകൃതമായ ആര്‍വിഎന്‍എല്‍ പ്രവര്‍ത്തന മികവുകൊണ്ട് മിനി രത്‌ന പദവിയിലുള്ള പൊതുമേഖലാ സ്ഥാപനമാണ്. കഴിഞ്ഞ നാലു വര്‍ഷങ്ങളായി ഉയര്‍ന്ന ലാഭമുണ്ടാക്കി പ്രവര്‍ത്തിക്കുന്നതിനാല്‍ ‘എക്‌സലന്റ്’ കാറ്റഗറിയിലാണ് നിലകൊള്ളുന്നതെന്നും സ്ഥാപനത്തെ കൂടുതല്‍ മുന്‍നിരയിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്നും എംഡി. എസ് സി അഗ്നിഹോത്രി പറഞ്ഞു.
റെയില്‍വേയുടെ സുവര്‍ണ്ണ ഇടനാഴി പദ്ധതിയും തുറമുഖവുമായി ബന്ധപ്പെട്ടുള്ള റെയില്‍വേ ലൈനുകളും ആര്‍വിഎന്‍എല്ലിന്റെ നേതൃത്വത്തിലാണ് നിര്‍മ്മിക്കുന്നത്. കൊല്‍ക്കത്തയിലെ ഭട്ഗുനിയില്‍ റിക്കാര്‍ഡ് സമയത്തിനുള്ളില്‍ പൂര്‍ത്തിയായ ഇലക്ട്രിക് ലോക്കോ അസംബ്ലി യൂണിറ്റ് ആര്‍വിഎന്‍എല്ലിന്റെ പ്രവര്‍ത്തന മികവിന്റെ ഉദാഹരണമാണെന്നും റെയില്‍സഹമന്ത്രി മനോജ് സിന്‍ഹ ചൂണ്ടിക്കാട്ടി.
ഋഷികേശ് മുതല്‍ കര്‍ണ്ണപ്രയാഗ് വരെ നിര്‍മ്മിക്കുന്ന ഹിമാലയന്‍ ലൈന്‍ ഉടന്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കും. കൊല്‍ക്കത്തയിലെ മെട്രോ പാത വികസിപ്പിക്കാനും ആര്‍വിഎന്‍എല്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്ന് മനോജ് സിന്‍ഹ പറഞ്ഞു.
ആര്‍വിഎന്‍എല്ലിന്റെ സഹോദര സ്ഥാപനമായി രൂപീകരിച്ച ഹൈസ്പീഡ് റെയില്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ സഹകരണത്തോടെയാണ് രാജ്യത്തെ മഹാനഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഹൈസ്പീഡ് റെയില്‍പദ്ധതിയുടെ പഠനം നടത്തുന്നതെന്ന് മാനേജിംഗ് ഡയറക്ടര്‍ അഗ്നിഹോത്രി പറഞ്ഞു.
















