മുംബൈ: വംശീയ അധിക്ഷേപമെന്ന് ആരോപണത്തെ തുടര്‍ന്ന് കല്ല്യാണ്‍ ജുവലറിയുടെ പുതിയ പരസ്യം പിന്‍വലിച്ചു.
കറുത്ത കുട്ടി പിടിച്ച കുടയ്‌ക്ക് കീഴില്‍ ഐശ്വര്യ റായി പ്രത്യക്ഷപ്പെടുന്ന പരസ്യ ചിത്രമാണ് വിവാദമായത്.
പരസ്യം പുറത്തു വന്നപ്പോള്‍ വംശീയ വിരോധവും ബാലവേലയുമുള്ള പരസ്യത്തില്‍ അഭിനയിച്ചതിന് ഐശ്വര്യ റായിക്ക് നേരെയും വിമര്‍ശനങ്ങളുണ്ടായിരുന്നു. തുറന്ന കത്തിലൂടെ ഒരൂകൂട്ടം ആക്ടിവിസ്റ്റുകളാണ് ആരോപണം ഉന്നയിച്ചത്. എന്നാല്‍ പരസ്യങ്ങളുടെ ഉള്ളടക്കം തീരുമാനിക്കുന്നത് പരസ്യ ഏജന്‍സിയുടെ ക്രിയേറ്റീവ് ടീം ആണെന്ന് വ്യക്തമാക്കിയ താരസുന്ദരി പരസ്യത്തിനായി എടുത്ത യഥാര്‍ത്ഥ ചിത്രവും വിശദീകരണത്തിനോടൊപ്പം നല്‍കിയിരുന്നു.
പരസ്യത്തിന്റെ മറ്റൊരു വശത്തെപ്പറ്റി ചൂണ്ടിക്കാണിച്ചതിന് നന്ദിയുണ്ടെന്നും ഈ വിഷയങ്ങള്‍ ക്രിയേറ്റീവ് ടീമിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും ഐശ്വര്യ നല്‍കിയ വിശദീകരണത്തില്‍ വ്യക്തമാക്കിയിരുന്നു.
അതേസമയം പരസ്യത്തിന് ഭംഗിയും പ്രൗഢിയും നല്‍കുന്നത് പരസ്യ ഏജന്‍സിയുടെ ക്രിയേറ്റീവ് ടീം ആണെന്നും പരസ്യം ഏതെങ്കിലും വ്യക്തികളുടേയോ സംഘടനകളുടേയോ വികാരത്തെ മുറിവേല്‍പ്പിച്ചിട്ടുണ്ടെങ്കില്‍ അതിന് ഖേദം പ്രകടിപ്പിക്കുന്നെന്നും കല്യാണ്‍ ജുവലറി അറിയിച്ചു.
പരസ്യം പിന്‍വലിക്കാനുള്ള നടപടികള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്നും അവര്‍ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.

















