ശ്രീനഗര്‍:ജമ്മു കാശ്മീര്‍ വിഘടനവാദി നേതാവ് മസറത് ആലമിനെതിരേ കടുത്ത ശിക്ഷ ഉറപ്പ് നല്‍കുന്ന പൊതുജന സുരക്ഷാ നിയമവും ചുമത്തി. രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റ് ചെയ്ത ആലമിന് ഇനി രണ്ട് വര്‍ഷത്തോളം ജയിലില്‍ കഴിയേണ്ടി വരും.
രാജ്യത്തോട് യുദ്ധപ്രഖ്യാപനം നടത്തിയെന്നുള്‍പ്പെടെയുള്ള കുറ്റങ്ങള്‍ നേരത്തെ ഇയാള്‍ക്കെതിരേ ചുമത്തിയിരുന്നു.
ആലം സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ വിധി പ്രഖ്യാപിക്കുന്നത് ബുദ്ഗാം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ശനിയാഴ്ചയിലേക്ക് മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് പോലീസിന്റെ നടപടി.
2010 ല്‍ കാശ്മീര്‍ താഴ് വരയില്‍ കലാപമുണ്ടാക്കിയതിന് ജയിലിലായിരുന്ന ആലമിനെ കഴിഞ്ഞ മാസമാണ് വിട്ടയച്ചത്.
വിഘടനവാദി നേതാവ് സയ്യീദ് അലി ഷാ ഗിലാനിക്ക് പിന്തുണ പ്രഖ്യാപിച്ച് അനുയായികള്‍ നടത്തിയ റാലിക്കിടെയാണ് ആലമിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം പാക് പതാകയുമേന്തി ദേശവിരുദ്ധ മുദ്രാവാക്യങ്ങളുമായി നിറഞ്ഞത്.
















