അഹമ്മദാബാദ്: ഐപിഎല്ലില്‍ രാജസ്ഥാന് റോയല്‍സിനെതിരെ കിംഗ്സ് ഇലവന് പഞ്ചാബിന്റെ ജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച ഓസീസ് പേസര്‍ മിച്ചല്‍ ജോണ്‍സനും ഓള് റൗണ്ടര്‍ അക്ഷര്‍ പട്ടേലിനും ക്യാപ്ടന് വീരേന്ദര്‍ സെവാഗിന്റെ അഭിനന്ദനം. സൂപ്പര്‍ ഓവര്‍വരെ നീണ്ട മത്സരത്തിലാണ് കിങ്സ് ഇലവന് വിജയം പിടിച്ചെടുത്തത്.
നമ്മളെ സംബന്ധിച്ച് നല്ലൊരു മത്സരമായിരുന്നു. മിച്ചല്‍ ജോണ്സന് ബാറ്റിംഗിലും ബൗളിംഗിലും മികവുകാട്ടി. വിജയത്തിന്റെ ക്രെഡിറ്റ് മിച്ചലിനും അക്ഷറിനുമുള്ളതാണ്, സെവാഗ് പറഞ്ഞു.
ഭാഗ്യവും നമ്മള്‍ക്കൊപ്പം നിന്നു.
എന്നാല്‍ അടുത്ത മത്സരങ്ങളില്‍ ഭാഗ്യത്തെ ആശ്രയിക്കുന്നതില്‍ ഉപരി നല്ല ക്രിക്കറ്റിനായിരിക്കും ശ്രമം. കഴിഞ്ഞ ഐപിഎല്ലില്‍ ഗ്ലെന്‍ മാക്സ്വെല് മികച്ച ഫോമിലായിരുന്നു. ഇക്കുറി അദ്ദേഹത്തിന്റെ ഫോം ടീമിനെ ആശങ്കയിലാഴ്ത്തുന്നു. ഗ്ലെന്‍ ഉടന്‍ മികവില്‍ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷയെന്നും വീരു കൂട്ടിച്ചേര്‍ത്തു.
ചൊവ്വാഴ്ച രാത്രി സൂപ്പര്‍ ഓവറിലേക്ക് നീണ്ട വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് പഞ്ചാബ് കിംഗ്സ് ഇലവന് വിജയം സ്വന്തമാക്കിയത്. തുടര്‍ച്ചയായി അഞ്ച് മത്സരങ്ങള്‍ വിജയിച്ച രാജസ്ഥാന് റോയല്‍സിന്റെ ഈ സീസണിലെ ആദ്യ തോല്‍വിയാണിത്. അഞ്ച് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ കിംഗ്സ് ഇലവന്റെ രണ്ടാമത്തെ വിജയവും. പരാജയപ്പെട്ടെങ്കിലും പോയിന്റ് പട്ടികയില്‍ റോയല്‍ തന്നെയാണ് ഒന്നാം സ്ഥാനത്ത്.
ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് റോയല്‍സ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സ് അടിച്ചുകൂട്ടി. 54 പന്തില്‍ നിന്ന് 74 റണ്‍സെടുത്ത അജിന്‍ക്യ രാവനെയുടെയൂം 35 പന്തില്‍ നിന്ന് 45 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഷെയ്ന് വാട്സന്റെയും 13 പന്തില്‍ നിന്ന് 25 റണ്‍സെടുത്ത കരുണ്‍ നായരുടെയും മികച്ച ബാറ്റിംഗാണ് രാജസ്ഥാന് കൂറ്റന്‍ സ്കോര്‍ സമ്മാനിച്ചത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ കിംഗ്സ് ഇലവന്ഷോണ് മാര്‍ഷിന്റെയും (40 പന്തില്‍ 65), ഡേവിഡ് മില്ലറുടെയും (30 പന്തില്‍ 54) വെടിക്കെട്ടിന്റെ കരുത്തിലാണ് ലക്ഷ്യത്തിലേക്ക് നീങ്ങിയത്.
ഇരുവരും പുറത്തായതാണ് അവര്‍ക്ക് തിരിച്ചടിയായത്. എട്ട് പന്തില്‍ നിന്ന് 19 റണ്‍സ് നേടിയ വൃദ്ധിമാന്‍ സാഹയും 7 പന്തില്‍ നിന്ന് പുറത്താകാതെ 12 റണ്‍സ് നേടിയ അക്ഷര്‍ പട്ടേലും 13 റണ്‍സ് നേടിയ മിച്ചല്‍ ജോണ്‍സണും ചേര്‍ന്ന് ഫോക്നര്‍ എറിഞ്ഞ അവസാന ഓവറില്‍ 13 റണ്‍സ് നേടിയതോടെയാണ് കളി ടൈയില്‍ സമാപിച്ചത്. അവസാന പന്തില്‍ അക്ഷര്‍ പട്ടേല്‍ ബൗണ്ടറി നേടിയതോടെയാണ് കളി ടൈ ആയത്. തുടര്‍ന്നായിരുന്നു ഈ സീസണിലെ ആദ്യ സൂപ്പര്‍ ഓവര്‍.
സൂപ്പര്‍ ഓവറില്‍ മോറിസിന്റെ ആദ്യ പന്തില്‍ മില്ലര്‍ ഔട്ടായെങ്കിലും മൂന്ന് ഫോറടിച്ച മാര്‍ഷ് 15 റണ്‍സ് കുറിച്ചു. മറുപടിയായി മിച്ചല്‍ ജോണ്‍സന്റെ ഓവറിന്റെ ആദ്യ പന്തില്‍ തന്നെ വാട്സണ് ക്ലീന്‍ ബൗള്‍ഡ്. മൂന്നാം പന്തില്‍ ഫോക്നര്‍ റണ്ണൗട്ടാകുകയും ചെയ്തു. ഷോണ്‍ മാര്‍ഷാണ് മാന്‍ ഓഫ് ദി മാച്ച്.
















