ന്യൂദല്‍ഹി: ഭൂമിയേറ്റെടുക്കല്‍ ബില്ലുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോകാന്‍ ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗം തീരുമാനിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന എംപിമാരുടെ യോഗത്തില്‍ ബില്ലിലെ വ്യവസ്ഥകളില്‍ മാറ്റം വരുത്തേണ്ടതില്ലെന്നും തീരുമാനിച്ചു. കേന്ദ്രമന്ത്രിസഭയിലെ മുതിര്‍ന്ന മന്ത്രിമാരുമായും പ്രധാനമന്ത്രി വിഷയത്തില്‍ ചര്‍ച്ച നടത്തിയിട്ടുണ്ട്.
ഭൂമിയേറ്റെടുക്കല്‍ ബില്ലിനെ വിമര്‍ശിച്ചുകൊണ്ട് കോണ്‍ഗ്രസ് പാര്‍ട്ടി നടത്തുന്ന പ്രചാരണങ്ങള്‍ ചെകുത്താന്‍ വേദമോതുന്നതിന് തുല്യമാണെന്ന് കേന്ദ്രപാര്‍ലമെന്ററികാര്യമന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു. കോണ്‍ഗ്രസ് ഭരണകാലത്ത് ഓര്‍ഡിനന്‍സ് ഭരണം നടത്തിയവര്‍ തങ്ങളെ കുറ്റപ്പെടുത്തേണ്ടതില്ല. ഓര്‍ഡിനന്‍സിനെതിരെ പ്രചരണം നടത്തുന്ന കോണ്‍ഗ്രസ് ഭരണകാലത്ത് 456 ഓര്‍ഡിനന്‍സുകളാണ് പുറത്തിറക്കിയതെന്നും വെങ്കയ്യ കുറ്റപ്പെടുത്തി.
ജവഹര്‍ലാല്‍ നെഹ്രുവിന്റെ ഭരണകാലത്ത് 77 ഓര്‍ഡിനന്‍സുകളാണ് പുറത്തിറക്കിയത്. ഇന്ദിരാഗാന്ധിയും 77 ഓര്‍ഡിനന്‍സുകള്‍ പുറത്തിറക്കി. രാജീവ്ഗാന്ധി പുറത്തിറക്കിയത് 35 ഓര്‍ഡിനന്‍സുകളാണ്.
സിപിഎമ്മിന്റെ പിന്തുണയോടെ ഭരിച്ച ഒന്നാം യുപിഎ സര്‍ക്കാരും 77 ഓര്‍ഡിനന്‍സുകള്‍ ഇറക്കി. ഒരു മാസം 3 എണ്ണം വീതമെന്ന കണക്കിലായിരുന്നു അക്കാലത്ത് ഓര്‍ഡിനന്‍സുകളിറങ്ങിയത്. 77ല്‍ 61 എണ്ണം മാത്രമാണ് ബില്ലുകളായി പാസായതെന്നും ഓര്‍ക്കണം. തെറ്റായ കാര്യങ്ങളാണ് കോണ്‍ഗ്രസ് പാര്‍ട്ടി പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. തെറ്റ് പത്തുതവണ ആവര്‍ത്തിച്ചാല്‍ ശരിയാവില്ല. ജനാധിപത്യത്തിന്റെ മരണം എന്നൊക്കെ എന്‍ഡിഎ സര്‍ക്കാരിന്റെ ഭരണത്തെ കുറ്റപ്പെടുത്തുമ്പോള്‍ അടിയന്തരാവസ്ഥയും മറ്റും ഓര്‍ക്കേണ്ടതാണ്. കോണ്‍ഗ്രസ് പഴയ ചരിത്രമെല്ലാം മറന്നപടിയാണ് പെരുമാറുന്നത്, വെങ്കയ്യ നായിഡു പറഞ്ഞു.
ഗുജറാത്ത് മാതൃകയിലുള്ള ഭരണമാണ് നടപ്പാക്കുന്നതെന്നും അത് രാജ്യത്തിന് ദോഷമാണെന്നും പ്രചരിപ്പിക്കുന്ന കോണ്‍ഗ്രസിന്റെ ഭരണകാലത്ത് കേന്ദ്രസര്‍ക്കാര്‍ നിയമിച്ച സമിതി തന്നെയാണ് ഗുജറാത്ത് മാതൃകയാണ് ഏറ്റവും നല്ലതെന്ന് കണ്ടെത്തിയതെന്നും കോണ്‍ഗ്രസ് ഓര്‍ക്കണം. ഗുജറാത്തിന്റെ ഭൂനയം ഏറ്റവും നല്ലതാണെന്ന് സുപ്രീംകോടതിയും അംഗീകരിച്ചിട്ടുണ്ട്. ഇത്തരം വിഷയങ്ങളെല്ലാം പാര്‍ലമെന്റില്‍ ഉന്നയിച്ച് കോണ്‍ഗ്രസിന്റെ തനിനിറം പുറത്തുകൊണ്ടുവരണം, വെങ്കയ്യ നായിഡു ബിജെപി എംപിമാരോട് ആവശ്യപ്പെട്ടു.
ലോക്‌സഭയില്‍ വിവിധ വിഷയങ്ങളുന്നയിച്ച് ഇന്നലെയും പ്രതിഷേധ പരിപാടികള്‍ തുടര്‍ന്ന പ്രതിപക്ഷവുമായി ഇനി യോജിപ്പില്‍ പോകേണ്ടതില്ലെന്ന് ഭരണപക്ഷം തീരുമാനിച്ചിട്ടുണ്ട്. മുസ്ലിം വോട്ടവകാശം അനുവദിക്കരുതെന്ന ശിവസേന പത്രത്തിന്റെ മുഖലേഖനത്തെപ്പറ്റി പ്രസ്താവന നടത്തിയ കേന്ദ്രആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ് എല്ലാവര്‍ക്കും തുല്യനീതിയെന്നതാണ് കേന്ദ്രനയമെന്ന് വ്യക്തമാക്കി.
കള്ളപ്പണം തടയല്‍ നിയമമുള്‍പ്പെടെയുള്ള നിയമങ്ങള്‍ പാസാക്കിയശേഷം ബജറ്റ് സെഷന്റെ അവസാനഘട്ടത്തില്‍ ഭൂമിയേറ്റെടുക്കല്‍ ബില്‍ അവതരിപ്പിച്ച് പാസാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നാണ് സൂചന.
















