മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ഇന്ന് മാഡ്രിഡ് ഡെര്‍ബി. ചാമ്പ്യന്‍സ് ലീഗില്‍ റയല്‍ മാഡ്രിഡും അത്‌ലറ്റികോ മാഡ്രിഡുമാണ് ഏറ്റുമുട്ടുന്നത്. രണ്ടാം പാദ ക്വാര്‍ട്ടര്‍ ഫൈനലിനാണ് റയലിന്റെ തട്ടകമായ സാന്റിയാഗോ ബെര്‍ണാബ്യു അരങ്ങൊരുങ്ങുന്നത്. അത്‌ലറ്റികോയുടെ തട്ടകത്തില്‍ നടന്ന ചാമ്പ്യന്‍സ് ലീഗിലെ ആദ്യ മാഡ്രിഡ് ഡെര്‍ബി ഗോള്‍രഹിത സമനിലയില്‍ കലാശിച്ചിരുന്നു. അതുകൊണ്ടുതന്നെ ഇന്ന് ഇരു ടീമുകള്‍ക്കും നിര്‍ണ്ണായകമാണ്.
ചാമ്പ്യന്‍സ് ലീഗിന്റെ ചരിത്രത്തില്‍ ഇരുടീമുകളും തമ്മില്‍ ഏറ്റുമുട്ടുന്നത് ആറാം തവണയാണ്. മുന്‍പ് കളിച്ച അഞ്ച് കളികളില്‍ മൂന്ന് പ്രാവശ്യം ജയം റയല്‍ മാഡ്രിഡിനൊപ്പം നിന്നപ്പോള്‍ ഒരിക്കല്‍ മാത്രമാണ് അത്‌ലറ്റികോയെ വിജയം കടാക്ഷിച്ചത്. കഴിഞ്ഞ വര്‍ഷം ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനലിലാണ് ഇരുടീമുകളും ഏറ്റുമുട്ടിയത്. അന്ന് ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് വിജയിച്ച് റയല്‍ മാഡ്രിഡ് കിരീടം സ്വന്തമാക്കി. എന്നാല്‍ ഇത്തവണത്തെ സ്പാനിഷ് ലീഗില്‍ രണ്ട് തവണയും സ്പാനിഷ് സൂപ്പര്‍ കപ്പില്‍ ഒരുപ്രാവശ്യവും വിജയം അത്‌ലറ്റികോയ്‌ക്കൊപ്പമായിരുന്നു. ഇത്തവണത്തെ കോപ്പ ഡെല്‍റേയില്‍ ഒരെണ്ണം സമനിലയില്‍ കലാശിച്ചപ്പോള്‍ ഒരെണ്ണത്തില്‍ അത്‌ലറ്റികോ ജയിച്ചു.
സൂപ്പര്‍താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ബൂട്ടുകളില്‍ പ്രതീക്ഷിയര്‍പ്പിച്ചാണ് റയല്‍ മാഡ്രിഡ് ഇന്ന് സ്വന്തം മൈതാനത്ത് കളിക്കാനിറങ്ങുന്നത്. ഈ സീസണില്‍ 50 ഗോളുകളുമായി കുതിക്കുന്ന ക്രിസ്റ്റിയാനോ ഇന്നും മിന്നിയാല്‍ റയലിന് അവസാന നാലില്‍ ഇടംപിടിക്കാം. എന്നാല്‍ പരിക്കേറ്റ വെയ്ല്‍സ് സൂപ്പര്‍താരം ഗരെത്ത് ബെയ്ല്‍ ഇന്ന് കളിക്കാന്‍ സാധ്യതയില്ല.
കഴിഞ്ഞ ദിവസം മലാഗയ്‌ക്കെതിരായ കളിക്കിടെ പരിക്കേറ്റ ഗെയ്ല്‍ അഞ്ചാം മിനിറ്റില്‍ കൡക്കളത്തില്‍ നിന്ന് പുറത്തേക്ക് വന്നിരുന്നു. ഇന്ന് ബെയ്ല്‍ കളിക്കാനിറങ്ങില്ലെന്നാണ് ക്ലബ് അധികൃതര്‍ നല്‍കുന്ന സൂചന. എന്നാല്‍ മറ്റൊരു സൂപ്പര്‍താരവും ഫ്രഞ്ച് സ്‌ട്രൈക്കറുമായ കരിം ബെന്‍സേമ ഇന്ന് ആദ്യ ഇലവനില്‍ ഇറങ്ങിയേക്കും.
കാല്‍മുട്ടിനേറ്റ പരിക്കിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മലാഗയ്‌ക്കെതിരായ കളിയില്‍ നിന്നും വിട്ടുനിന്ന ബെന്‍സേമ ശാരീരികക്ഷമത വീണ്ടെടുത്തിട്ടുണ്ട്. എന്നാല്‍ ക്രൊയേഷ്യന്‍ താരമായ ലൂക്കാ മോഡ്രിച്ചിന്റെ സേവനവും ഇന്ന് റയലില്‍ നിരയില്‍ ഉണ്ടാകാന്‍ സാധ്യതയില്ല. കാല്‍മുട്ടിനേറ്റ പരിക്കിനെ തുടര്‍ന്ന് മോഡ്രിച്ചിന് ആറാ.ഴ്ചയോളം വിശ്രമം വേണ്ടിവരും. രണ്ട് മഞ്ഞക്കാര്‍ഡ് കണ്ട പ്രതിരോധനിരയിലെ കരുത്തന്‍ മാഴ്‌സെലോയും ഇന്ന് കളിക്കാനിറങ്ങില്ല. പകരം പോര്‍ച്ചുഗീസ് താരം ഫാബിയോ കോയന്‍ട്രോയായിരിക്കും ആദ്യ ഇലവനില്‍ ഇറങ്ങാന്‍ സാധ്യത. എന്നാല്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോക്കൊപ്പം കൊളംബിയന്‍ സൂപ്പര്‍താരം ജെയിംസ് റോഡ്രിഗസ് ഇറങ്ങുമെന്നത് കോച്ച് കാര്‍ലോസ് ആന്‍സലോട്ടിക്ക് സന്തോഷമേകുന്നു. കഴിഞ്ഞ ദിവസം മലാഗക്കെതിരായ കൡയില്‍ ഒരു ഗോള്‍ നേടുകയും മറ്റൊന്നിന് വഴിവെക്കുകയും ചെയ്ത റോഡ്രിഗസ് മികച്ച ഫോമിലുമാണ്.
അതേസമയം അത്‌ലറ്റികോയും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. പരിക്കിന്റെ പിടിയിലായിരുന്ന ക്രൊയേഷ്യന്‍ സ്‌ട്രൈക്കര്‍ മരിയോ മാന്‍സുകിച്ച് ശാരീരികക്ഷമത വീണ്ടെടുത്തിട്ടണ്ട്. മാന്‍സുകിച്ചിനെ ഇന്നത്തെ നിര്‍ണായക പോരാട്ടത്തില്‍ കോച്ച് ഡീഗോ സിമോണി ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്താനാണ് സാധ്യത. എന്നാല്‍ മറ്റൊരു പ്ലേ മേക്കറായ മരിയോ സുവാരസിന്റെ സേവനം അത്‌ലറ്റികോക്ക് ഇന്ന് ലഭിക്കില്ല.
എന്നാല്‍ ഫെര്‍ണാണ്ടോ ടോറസ്, ഗ്രിസ്മാന്‍, കോകെ, റൗള്‍ ഗാര്‍ഷ്യ എന്നിവരടങ്ങുന്ന അത്‌ലറ്റികോ റയലിനെ ഇന്നും തകര്‍ത്തെറിയാമെന്ന പ്രതീക്ഷയിലാണ്. മാത്രമല്ല സമീപകാലത്ത് മാഡ്രിഡ് ഡെര്‍ബിയില്‍ മികച്ച പ്രകടനം അത്‌ലറ്റികോയുടേതാണ്. അവസാനം കളിച്ച ഏഴ് കളികളിലും റയലിന് അത്‌ലറ്റികോയെ പരാജയപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. ഇത്തവണ ആദ്യപാദത്തില്‍ അത്‌ലറ്റികോ മാഡ്രിഡ് ഗോളിയുടെ മിന്നുന്ന പ്രകടനമായിരുന്നു റയലിന് വിജയം നിഷേധിച്ചത്. എന്തായാലും സെമിയില്‍ കടക്കണമെങ്കില്‍ ഇരുടീമുകള്‍ക്കും വിജയം അനിവാര്യമായതിനാല്‍ ഇന്ന് തീപാറും പോരാട്ടത്തിനായിരിക്കും സാന്റിയാഗോ ബെര്‍ണാബ്യൂ സാക്ഷ്യം വഹിക്കുക.
മറ്റൊരു മത്സരത്തില്‍ ജുവന്റസ് എവേ മത്സരത്തില്‍ ഫ്രഞ്ച് കരുത്തരായ മൊണാക്കോയെ നേരിടും. ജുവന്റസിന്റെ സ്‌റ്റേഡിയത്തില്‍ നടന്ന ആദ്യപാദത്തില്‍ 1-0ന് അവര്‍ ജയിച്ചിരുന്നു. അതുകൊണ്ടുതന്നെ ഇന്ന് ഒരു സമനില മാത്രം മതി ജുവന്റസിന് സെമിയിലെത്താന്‍. എന്നാല്‍ മൊണാക്കോയിലാണ് കളി എന്നത് അവര്‍ക്ക് മുന്‍തൂക്കം നല്‍കുന്നു. രണ്ട് ഗോളുകള്‍ക്ക് വിജയിച്ചാല്‍ മൊണാക്കോക്കും ഇന്ന് സെമിയിലെത്താം.
















