ന്യൂദല്‍ഹി: ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെതിരായ മത്സരത്തില്‍ ടീമിന്റെ വിജയംവരെ ക്രീസില്‍ നില്‍ക്കാനാവാത്തതില്‍ നിരാശയുണ്ടെന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്ടന്‍ ഗൗതം ഗംഭീര്‍.
ഒരു നായകന്‍ എന്ന നിലയില്‍ നിങ്ങള്‍ മത്സരം ഫിനിഷ് ചെയ്യണം. എങ്കില്‍ മാത്രമേ സഹതാരങ്ങളോട് അത്തരത്തിലൊരു ആവശ്യമുന്നയിക്കാന്‍ കഴിയു. ക്യാപ്ടന്‍ ടീമിനെ മുന്നില്‍നിന്നു നയിക്കണം. കളിയുടെ അന്ത്യംവരെ പിടിച്ചുനിന്ന് ജയിപ്പിക്കണം. എന്നാലേ മറ്റുള്ളവരില്‍ നിന്നും സമാന പ്രകടനം നിങ്ങള്‍ക്ക് പ്രതീക്ഷിക്കാനാവൂ, ഗംഭീര്‍ പറഞ്ഞു.
ചിലകാര്യങ്ങളില്‍ കുറച്ചകൂടി ശ്രദ്ധപുലര്‍ത്തേണ്ടിയിരിക്കുന്നു. കാരണം ഒരു ദൗത്യം നിര്‍വഹിക്കാന്‍ കളിക്കാരോട് ആവശ്യപ്പെടുമ്പോള്‍ സ്വയം അതുചെയ്യാനുള്ള പ്രാപ്തിയുണ്ടാവണമെന്ന് നിര്‍ബന്ധമുള്ളയാളാണ് ഞാന്‍.
പ്രൊഫഷണല്‍ കണ്ണുകൊണ്ട് നോക്കുമ്പോള്‍ ഡെവിള്‍സിനെതിരായ കളി അല്‍പ്പം നിരാശപ്പെടുത്തി. എങ്കിലും ജയിക്കാനായതില്‍ സന്തോഷമുണ്ടെന്നും ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.
തിങ്കളാഴ്ച രാത്രി നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനായിരുന്നു ഗംഭീറിന്റെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ദല്‍ഹി ചെകുത്താന്മാരെ കീഴടക്കിയത്. ആദ്യം ബാറ്റ് ചെയ്ത ദല്‍ഹി ഡെയര്‍ ഡെവിള്‍സ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സെടുത്തു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ക്യാപ്റ്റന്‍ ഗംഭീര്‍ മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ 11 പന്തുകള്‍ ബാക്കിനില്‍ക്കേ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയം കാണുകയും ചെയ്തു. ഹോം ഗ്രൗണ്ടില്‍ ദല്‍ഹി ഡെയര്‍ ഡെവിള്‍സിന്റെ തുടര്‍ച്ചയായ ഒമ്പതാം തോല്‍വിയായി ഇത്. 2013 ഏപ്രിലിന് ശേഷം ദല്‍ഹിയിലെ ഫിറോസ് ഷാ കോട്‌ല മൈതാനത്ത് ഡെയര്‍ ഡെവിള്‍സിന് വിജയിക്കാന്‍ കഴിഞ്ഞിട്ടില്ല.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനയക്കപ്പെട്ട ദല്‍ഹിക്ക് വേണ്ടി മനോജ് തിവാരി (32), ശ്രേയസ് അയ്യര്‍ (31), ആഞ്ചലോ മാത്യൂസ് (30), യുവരാജ് സിംഗ് (22) എന്നിവരുടെ ഭേദപ്പെട്ട പ്രകടനത്തിന്റെ കരുത്തിലാണ് 146 റണ്‍സ് നേടിയത്. ഉമേഷ് യാദവ്, മോണെ മോര്‍ക്കല്‍, പിയൂഷ് ചൗള എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി കൊല്‍ക്കത്തക്ക് വേണ്ടി മികച്ച ബൗളിംഗ് കാഴ്ചവെച്ചു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് വേണ്ടി 49 പന്തില്‍ നിന്ന് എട്ട് ബൗണ്ടറികളോടെ 60 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഗൗതം ഗംഭീറാണ് ടോപ് സ്‌കോറര്‍. ഈ സീസണിലെ നാല് കളികൡ നിന്ന് മൂന്നാം അര്‍ദ്ധസെഞ്ചുറിയാണ് ഗംഭീര്‍ നേടിയത്. യൂസഫ് പഠാനുമൊത്ത് ഗംഭീര്‍ നാലാം വിക്കറ്റില്‍ നേടിയ 65 റണ്‍സിന്റെ കൂട്ടുകെട്ടാണ് കൊല്‍ക്കത്ത വിജയം അനായാസമാക്കിയത്.
ഒടുവില്‍ വിജയത്തിന് മൂന്ന് റണ്‍സ് അകലെവച്ച് ഗംഭീര്‍ മടങ്ങിയെങ്കിലും 26 പന്തില്‍ നിന്ന് 6 ഫോറും ഒരു സിക്‌സറുമടക്കം പുറത്താകാതെ 40 റണ്‍സ് നേടിയ യൂസഫ് പഠാനും മൂന്ന് റണ്‍സ് നേടിയ ടെന്‍ ഡോസ്‌കെയ്റ്റും ചേര്‍ന്ന് കൊല്‍ക്കത്തയെ വിജയത്തിലേക്ക് നയിച്ചു. നാല് കളികളില്‍ നിന്ന് മൂന്നാം ജയമാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നേടിയത്. കൊല്‍ക്കത്തയുടെ പേസ് ബൗളര്‍ ഉമേഷ് യാദവാണ് മാന്‍ ഒാഫ് ദി മാച്ച്.
















