ലണ്ടന്‍: ചിലിയന്‍ സ്‌ട്രൈക്കര്‍ അലെക്‌സിസ് സാഞ്ചസിന്റെ ഡബിള്‍ സ്‌ട്രൈക്കിന്റെ ചിറകേറി നിലവിലെ ചാമ്പ്യന്‍ ആഴ്‌സനല്‍ എഫ്എ കപ്പിന്റെ കലാശക്കളത്തിലേക്ക് കുതിച്ചു. അധിക സമയത്തേക്കു നീണ്ട സെമി ഫൈനലില്‍ റീഡിങ്ങിനെ 2-1ന് അതിജീവിച്ചാണ് ഗണ്ണേഴ്‌സിന്റെ പ്രയാണം.
ഒന്നാം പകുതിയില്‍ സാഞ്ചസ് ആഴ്‌സനലിന് ലീഡ് സമ്മാനിച്ചെങ്കിലും മക്ക്ലിയറി (54-ാം മിനിറ്റ്) റീഡിങ്ങിനെ ഒപ്പമെത്തിച്ചു. പക്ഷേ, 106-ാം മിനിറ്റില്‍ സാഞ്ചസ് ആഴ്‌സന്‍ വെംഗറുടെ സംഘത്തിന് ജയം പതിച്ചുനല്‍കി. 19-ാം തവണയാണ് ആഴ്‌സനല്‍ എഫ്എ കപ്പിന്റെ ഫൈനലില്‍ പ്രവേശിക്കുന്നത്. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ അതൊരു റെക്കോര്‍ഡുമായി.
ഒന്നാം പകുതിയില്‍ 76ശതമാനവും പന്തു കൈവശംവച്ച ആഴ്‌സനല്‍ ആധികാരികത പുലര്‍ത്തി. തുടക്കത്തില്‍ മെസൂട്ട് ഒസിലിന്റെ കോര്‍ണറിന് പെര്‍ മെര്‍ട്ട്‌സാക്കര്‍ തലവെച്ചെങ്കിലും റീഡിങ് ഗോളി ഫെഡറിക്കി തട്ടിയകറ്റിക്കളഞ്ഞു. മറുവശത്ത് ജോര്‍ഡാന്‍ ഒബിറ്റയുടെ ശക്തിയേറിയ ഹാഫ് വോളി ആഴ്‌സനല്‍ കാവല്‍ക്കാരനും നിര്‍വീര്യമാക്കി.
റീഡിങ്ങിനുവേണ്ടി ജാമി മക്കെയ് പന്ത് ലക്ഷ്യത്തിലെത്തിച്ചെങ്കിലും റഫറി ഓഫ്‌സൈഡ് വിളിച്ചു. 39-ാം മിനിറ്റില്‍ ഒസിലിന്റെ സുന്ദരമൊരു പാസ് കാലില്‍ കൊരുത്ത സാഞ്ചസ് ക്ലോസ് റേഞ്ചിലൂടെ ആഴ്‌സനലിനെ മുന്നിലെത്തിച്ചു (1-0).
രണ്ടാം പകുതിയാരംഭിച്ച് ഒമ്പതു മിനിറ്റായപ്പോള്‍ മക്ക്ലിയര്‍ലിയുടെ വോളി ആഴ്‌സനലിന്റെ വലയില്‍ ഓളങ്ങള്‍ തീര്‍ത്തു(1-1). തുടര്‍ന്ന് ഇരു ടീമുകളും ആത്മവിശ്വാസത്തോടെ കളിച്ചെങ്കിലും സ്‌കോറില്‍ മാറ്റമുണ്ടായില്ല. ആരോണ്‍ റാംസി സുവര്‍ണാവസരം തുലച്ചത് ആഴ്‌സനലിനെ പിന്നോട്ടടിച്ചു.
പക്ഷേ, അധികസമയത്ത് സാഞ്ചസിന്റെ ഷോട്ട് ഫെഡറിക്കിയുടെ കൈകളില്‍ നിന്ന് ചോര്‍ന്ന് വലയിലേക്ക് ഇഴഞ്ഞുകയറിയ വേളയില്‍ ആഴ്‌സനല്‍ ആരാധകര്‍ നൃത്തച്ചുവടുവച്ചു.
ആസ്റ്റണ്‍വില്ല- ലിവര്‍പൂള്‍ മത്സരവിജയിയെ ഫൈനലില്‍ ആഴ്‌സനല്‍ നേരിടും.
















