ന്യൂദല്‍ഹി: ഭൂമിയേറ്റെടുക്കല്‍ നിയമത്തിനെതിരായ കോണ്‍ഗ്രസ് കര്‍ഷകറാലി രാഹുല്‍ഗാന്ധിയുടെ സ്ഥാനാരോഹണ വേദിയാക്കി മാറ്റുന്നു.
ഇന്ന് ദല്‍ഹിയിലെ രാംലീല മൈതാനിയില്‍ നടക്കുന്ന കര്‍ഷകറാലിയിലെ വേദിയില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷയ്‌ക്കൊപ്പം രാഹുല്‍ഗാന്ധി മാത്രമാകും ഉണ്ടാകുകയെന്നാണ് ലഭിക്കുന്ന വിവരം. രണ്ടുമാസമായി അജ്ഞാതവാസത്തിലായിരുന്ന രാഹുലിനെ പാര്‍ട്ടി നേതൃത്വം ഏല്‍പ്പിക്കുന്നതിനുള്ള അവസരമായി സോണിയാഗാന്ധിയും മറ്റു കോണ്‍ഗ്രസ് നേതാക്കളും പരിപാടി പ്രയോജനപ്പെടുത്തും.
കര്‍ഷകറാലിക്കു മുന്നോടിയായി രാഹുല്‍ഗാന്ധി ഇന്നലെ കോണ്‍ഗ്രസ് കര്‍ഷക സംഘടനാ പ്രതിനിധികളുമായി ചര്‍ച്ച നടത്തി. രാജ്യത്തെ കര്‍ഷക പ്രതിനിധികളുമായി ചര്‍ച്ച നടത്തുമെന്ന് വെള്ളിയാഴ്ച പറഞ്ഞെങ്കിലും രാഹുല്‍ഗാന്ധി അതിനു തയ്യാറായിരുന്നില്ല. വ്യാഴാഴ്ച രാവിലെ മടങ്ങിയെത്തിയെങ്കിലും വെള്ളിയാഴ്ച പൂര്‍ണ്ണമായും വിശ്രമത്തിലായിരുന്നു രാഹുല്‍.
തുടര്‍ന്ന് ഇന്നലെ കോണ്‍ഗ്രസിന്റെ കര്‍ഷക സംഘടനാ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി.
അതിനിടെ പഞ്ചാബില്‍ നിന്നും കര്‍ഷകറാലിക്കായി പുറപ്പെടുന്ന ബസ്സുകളിലെല്ലാം കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം രണ്ടുപെട്ടി വീതം മദ്യം വീതം കരുതിയിട്ടുണ്ടെന്ന വാര്‍ത്തകള്‍ ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടു. ദല്‍ഹിയിലെ റാലിയില്‍ ആളുകളെ ആകര്‍ഷിക്കുന്നതിനായാണ് സൗജന്യമദ്യവിതരണമെന്നാണ് വാര്‍ത്ത.
















