ചെന്നൈ : ആന്ധ്രാ പ്രദേശിലെ കൂട്ടവെടിവെപ്പില്‍ കൊല്ലപ്പെട്ട ആറുപേരുടെ മൃതദേഹങ്ങള്‍ വീണ്ടും പരിശോധന നടത്താന്‍ ഉത്തരവ്. ഹൈദരാബാദ് ഹൈക്കോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഉസ്മാനിയ ആശുപത്രിയില്‍ നിന്നുള്ള മൂന്നുഡോക്ടര്‍മാരുടെ വിദഗ്ധ സംഘമാണ് പരിശോധന നടത്തുന്നത്.
കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്തണമെന്നാവശ്യപ്പെട്ട് ഹൈദരാബാദ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഒസ്മാനിയ, ഗാന്ധി എന്നീ ആശുപത്രികളിലെ വിദഗ്ധ സംഘത്തോട് വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്താന്‍ കോടതി ഉത്തരവിടുകയായിരുന്നു. പരിശോധനയ്‌ക്കായി വിദഗ്ധ സംഘം ചെന്നൈയില്‍ എത്തിയിട്ടുണ്ട്. ഇവിടെ നിന്നും 190 കിലോമീറ്റര്‍ ദൂരെയായുള്ള തിരുവണ്ണാമലൈ സര്‍ക്കാര്‍ ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.
വെടിവെപ്പില്‍ കൊല്ലപ്പെട്ട ശശികുമാറിന്റെ ഭാര്യ മുനിയമ്മാള്‍ വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്തണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് ഏപ്രില്‍ 16ന് വിദഗ്ധസംഘം മൃതദേഹം വീണ്ടും പരിശോധന നടത്തിയിരുന്നു. കഴിഞ്ഞ ഏപ്രില്‍ഏഴിനാണ് ചിറ്റൂരിലെ ശേഷാചലം വനത്തില്‍ നിന്നും രക്തചന്ദനം കടത്താന്‍ ശ്രമിച്ചെന്ന കുറ്റത്തില്‍ ആന്ധ്രപോലീസ് 20 പേരെ വെടിവെച്ചു കൊന്നത്.
















