ന്യൂദല്‍ഹി: ആറന്മുള വിമാനത്താവളത്തിന് മുന്‍കേന്ദ്രസര്‍ക്കാര്‍ നല്‍കിയ അനുമതികളുടെ പിന്‍ബലത്തില്‍ വീണ്ടും എയര്‍പോര്‍ട്ട് വിഷയം കുത്തിപ്പൊക്കാനും ആശയക്കുഴപ്പം ഉണ്ടാക്കാനും നടത്തുന്ന ശ്രമങ്ങളെ പരാജയപ്പെടുത്തിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി വിഷയത്തില്‍ നേരിട്ട് ഇടപെടണമെന്ന് ആറന്മുള പൈതൃകഗ്രാമ കര്‍മ്മ സമിതി രക്ഷാധികാരി കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു.
മുന്‍ കേന്ദ്രസര്‍ക്കാരിന്റെ വിവിധ മന്ത്രാലയങ്ങള്‍ നല്‍കിയ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി കെജിഎസ് ഗ്രൂപ്പും തല്‍പ്പരകക്ഷികളും ക്രമപ്രകാരമുള്ള മന്ത്രാലയ ഉപസമിതികളുടെ യോഗത്തില്‍ പങ്കെടുക്കുന്നത് നിയമവിരുദ്ധമാണെന്നും കുമ്മനം പറഞ്ഞു.
ജനങ്ങളുടെ ഉത്ക്കണ്ഠയും ആശങ്കയും കണക്കിലെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി ഇക്കാര്യത്തില്‍ ഇടപെടണം. സുപ്രീംകോടതിയും ഗ്രീന്‍ ട്രിബ്യൂണലും ആറന്മുളയില്‍ വിമാനത്താവളം പണിയുവാന്‍ പാടില്ലെന്നും പദ്ധതി പ്രദേശത്തെ ഭൂമിയില്‍ യാതൊരുവിധ രൂപഭേദവും വരുത്തരുതെന്നും സംശയലേശമന്യേ വിധിച്ചിട്ടുണ്ട്. കോടതി വിധിയോടെ വിമാനത്താവള വിഷയം അടഞ്ഞ അധ്യായമായി തീര്‍ന്നു.
പുതുതായി നിര്‍മ്മിക്കുന്ന വിമാനത്താവളങ്ങളെ കുറിച്ച് അവലോകനം ചെയ്യുന്ന വ്യോമയാന മന്ത്രാലയത്തിന്റെ കീഴിലുള്ള ഉന്നതാധികാര സമിതിയിലേക്ക് കെജിഎസ് ഗ്രൂപ്പിനെ ക്ഷണിക്കാന്‍ പാടുള്ളതല്ലെന്ന് വ്യോമയാന സഹമന്ത്രി മഹേഷ് ശര്‍മ്മയോട് നിവേദനത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. മുന്‍കേന്ദ്രസര്‍ക്കാരിന്റെ കാലത്ത് രാഷ്‌ട്രപതി പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തില്‍ നിര്‍മ്മിക്കാനുദേശിക്കുന്ന വിമാനത്താവളങ്ങളില്‍ ആറന്മുളയുടെ പേരും ചൂണ്ടിക്കാണിച്ചിരുന്നു.
പിന്നീട് ഉണ്ടായ സുപ്രീംകോടതി വിധിക്കു ശേഷവും ആ ലിസ്റ്റ് ഇന്നും സര്‍ക്കാര്‍ രേഖകളില്‍ തുടരുന്നത് പ്രതിഷേധാര്‍ഹമാണ്. ലിസ്റ്റില്‍ നിന്നും ആറന്മുള പദ്ധതിയുടെ പേര് ഒഴിവാക്കണമെന്നും മുന്‍സര്‍ക്കാര്‍ നല്‍കിയ അനുമതി ഒഴിവാക്കണമെന്നും മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
മാര്‍ച്ച് 16ന് ലോക്‌സഭയില്‍ ദിലീപ് സിങ് ഭൂരിയയുടെ ചോദ്യത്തിന് വ്യോമയാന മന്ത്രി നല്‍കിയ മറുപടിയില്‍ സുപ്രീംകോടതിയുടേയും ഗ്രീന്‍ ട്രിബ്യൂണലിന്റെയും വിധിയുടെ അടിസ്ഥാനത്തില്‍ വ്യോമയാന അനുമതി പ്രവര്‍ത്തിപഥത്തിലില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഫലത്തില്‍ അനുമതി നിലവിലില്ല. ഈ സാഹചര്യത്തില്‍ നിലവിലില്ലാത്ത അനുമതിയുടെ പേരില്‍ ബന്ധപ്പെട്ട യോഗങ്ങളില്‍ കെജിഎസിനെ പങ്കെടുപ്പിക്കാനും പാടില്ല.
ഏപ്രില്‍ 23ന് കൂടുന്ന പാരിസ്ഥിതിക വിദഗ്ധ സമിതി കെജിഎസ് ഗ്രൂപ്പ് രണ്ടാമത് നല്‍കിയിട്ടുള്ള അപേക്ഷ പരിഗണിക്കരുതെന്ന് പരിസ്ഥിതിമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. സുപ്രീംകോടതിയും ദേശീയ ഹരിത ട്രിബ്യൂണലും വിമാനത്താവളത്തിനെതിരെ വിധി പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തില്‍ അപേക്ഷ ഒന്നാകെ തള്ളിക്കളയേണ്ടതാണ്. അപേക്ഷ സംബന്ധിച്ചുള്ള എല്ലാ നടപടികളും നിര്‍ത്തിവെയ്‌ക്കണം.
പ്രതിരോധ വകുപ്പ് നല്‍കിയ അനുമതി പിന്‍വലിക്കണമെന്ന ആവശ്യത്തെക്കുറിച്ചുള്ള അഭിപ്രായം തേടിക്കൊണ്ട് പ്രതിരോധ വകുപ്പ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് കേന്ദ്രപ്രതിരോധ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ജോയിന്റ് സെക്രട്ടറി, അണ്ടര്‍ സെക്രട്ടറി, നേവല്‍ കമാണ്ടന്റ് തുടങ്ങിയവരുടെ അഭിപ്രായങ്ങള്‍ അറിഞ്ഞശേഷവും നടപടി സ്വീകരിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ ഒന്‍പത് മാസമായി വിവിധ തവണകളായി പ്രതിരോധ-പാരിസ്ഥിതിക-വ്യോമയാന മന്ത്രാലയങ്ങള്‍ക്ക് ആറന്മുള സമരസമിതി നല്‍കിയ നിവേദനങ്ങളിന്മേല്‍ അടിയന്തിരവും അനുകൂലവുമായ തീരുമാനം കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണം. അല്ലെങ്കില്‍ സമരസമിതി യോഗം ചേര്‍ന്ന് ഭാവി പരിപാടികള്‍ക്ക് രൂപം നല്‍കുമെന്നും കുമ്മനം രാജശേഖരന്‍ കൂട്ടിച്ചേര്‍ത്തു.
















