ആന്റ്വിഗ: വെസ്റ്റിന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക് നീളുന്നു. ഒരു ദിവസത്തെ കളി ബാക്കിനില്‍ക്കേ വിന്‍ഡീസിന് വിജയിക്കാന്‍ എട്ട് വിക്കറ്റ് കയ്യിലിരിക്കെ 340 റണ്‍സ് കൂടി വേണം.
നാലാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍ വിന്‍ഡീസ് രണ്ടാം ഇന്നിംഗ്സില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 98 റണ്‍സെടുത്തിട്ടുണ്ട്. 59 റണ്‍സുമായി സ്മിത്തും 2 റണ്‍സുമായി മര്‍ലോണ്‍ സാമുവല്‍സുമാണ് ക്രീസില്‍. 5 റണ്‍സെടുത്ത ബ്രാത്ത്വെയ്റ്റും 32 റണ്‍സെടുത്ത ഡാരന്‍ ബ്രാവോയുമാണ് പുറത്തായ ബാറ്റ്സ്മാന്മാര്.
നേരത്തെ 116ന് മൂന്ന് എന്ന നിലയില്‍ രണ്ടാം ഇന്നിംഗ്സ് പുനരാരംഭിച്ച ഇംഗ്ലണ്ട് 7ന് 333 എന്ന നിലയില്‍ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തു. ഒന്നാം ഇന്നിംഗ്സില്‍ 104 റണ്‍സ് ലീഡ് നേടിയ ഇംഗ്ലണ്ടിന് ഇതോടെ മൊത്തം 437 റണ്‍സിന്റെ ലീഡായി. 122 റണ്‍സെടുത്ത ബല്ലാന്സിന്റെയും പുറത്താകാതെ 59 റണ്‍സെടുത്ത ജെയിംസ് ബട്ട്ലറുടെയും 59 റണസെടുത്ത ജോ റൂട്ടിന്റെയും മികച്ച ബാറ്റിംഗിന്റെ കരുത്തിലാണ് ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്സിലും മികച്ച സ്കോര്‍ പടുത്തുയര്‍ത്തിയത്.
വിന്‍ഡീസിന് വേണ്ടി ജെറോം ടെയ്ലറും ബെന്നും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി. ഒന്നാം ഇന്നിംഗ്സില്‍ ഇംഗ്ലണ്ട് 399 റണ്‍സെടുത്തിരുന്നു. 143 റണ്‍സെടുത്ത ഇയാന്‍ ബെല്‍ സെഞ്ചുറി നേടി. വിന്‍ഡീസ് ഒന്നാം ഇന്നിംഗ്സില്‍ 295 റണ്‍സാണെടുത്തത്. ബ്ലാക്ക്വുഡ് 122 റണ്‍സുമായി പുറത്താകാതെ നിന്നു.
















