പാരീസ്: യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ ആദ്യപാദ ക്വാര്‍ട്ടര്‍ ഫൈനലില്‍ മുന്‍ ചാമ്പ്യന്മാരായ ബാഴ്സലോണ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയപ്പോള്‍ മറ്റൊരു മുന്‍ജേതാക്കളായ ബയേണ്‍ മ്യൂണിക്കിന് അപ്രതീക്ഷിത തിരിച്ചടി നേരിട്ടു. ബാഴ്സലോണ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് എവേ മത്സരത്തില്‍ പിഎസ്ജിയെ തകര്‍ത്തപ്പോള്‍ എഫ്സി പോര്‍ട്ടോയാണ് ബയേണിനെ 3-1ന് തകര്‍ത്തുവിട്ടത്.
പാരീസില്‍ നടന്ന പോരാട്ടത്തില്‍ സൂപ്പര്‍ സ്ട്രൈക്കര്‍ സ്ലാറ്റന് ഇബ്രാഹിമോവിച്ച്, മാര്‍ക്കോ വെറാറ്റി, സെര്‍ജിയോ അഗ്യൂറ തുടങ്ങിയവര്‍ക്കൊപ്പം മധ്യനിരതാരം തിയാഗോ മോട്ടോയുടെ അഭാവവും പിഎസ്ജിയുടെ കേളീ മികവിനെ ബാധിച്ചു. പ്രതിരോധനിരയിലെ കരുത്തനും നായകനുമായ തിയാഗോ സില്‍വ 21-ാം മിനിറ്റില്‍ പരിക്കേറ്റ് തിരിച്ചുകയറിയതും പിഎസ്ജിയെ ബാധിച്ചു. സില്‍വക്ക് പകരം ഡേവിഡ് ലൂയിസ് കളത്തിലിറങ്ങി.
പന്ത് നിയന്ത്രിച്ചുനിര്‍ത്തുന്നതിലും ഷോട്ടുകള്‍ ഉതിര്‍ക്കുന്നതിലും മുന്‍തൂക്കം നേടിയ ബാഴ്സലോണ സൂപ്പര്‍ താരം ലൂയിസ് സുവാരസിന്റെ ഇരട്ട ഗോളുകളുടെ കരുത്തിലാണ് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് വിജയം ആഘോഷിച്ചത്. ഒരെണ്ണം നെയ്മറുടെ വകയായിരുന്നു. പിഎസ്ജിയുടെ ആശ്വാസഗോളും ബാഴ്സയുടെ വകയായിരുന്നു. പകരക്കാരനായി ഇറങ്ങിയ ജെറേമി മത്തേയുവാണ് സ്വന്തം വലയില്‍ പന്തെത്തിച്ചത്.
സ്വന്തം മൈതാനത്ത് അപരാജിതനായി മുന്നേറിയിരുന്ന പിഎസ്ജിയുടെ കുതിപ്പിനും ഇന്നലത്തെ പരാജയത്തോടെ വിരാമമായി. രണ്ട് എവേ ഗോളുകളുടെ മുന്‍തൂക്കത്തിലാണ് 21ന് നൗകാമ്പില്‍ ബാഴ്സലോണ രണ്ടാം പാദത്തിനിറങ്ങുക. ഈ മത്സരത്തില്‍ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെട്ടാല്‍ മാത്രമേ ബാഴ്സയുടെ സെമി പ്രതീക്ഷ അസ്തമിക്കുകയുള്ളൂ. എന്നാല്‍ സൂപ്പര്‍താരം സ്ലാറ്റന് ഇബ്രാഹിമോവിച്ച് ഈ മത്സരത്തില്‍ പിഎസ്ജിക്ക് വേണ്ടി കളിക്കാനിറങ്ങും.
കളിയുടെ തുടക്കം മുതല്‍ മുന്നേറ്റങ്ങള്‍ സംഘടിപ്പിച്ച ബാഴ്സലോണ 14-ാം മിനിറ്റില്‍ ലീഡ് നേടിയെന്ന് ഉറപ്പിച്ചെങ്കിലും പോസ്റ്റ് വിലങ്ങുതടിയായി. ബോക്സിന് പുറത്തുനിന്ന് മെസ്സി പറത്തിയ ഇടംകാലന്‍ ഷോട്ടാണ് പോസ്റ്റില്‍ത്തട്ടി തെറിച്ചത്. തൊട്ടുപിന്നാലെ നെയ്മറും ഒരു അവസരം പാഴാക്കി. 18-ാം മിനിറ്റിലാണ് ആദ്യം ലീഡ് നേടിയത്. മെസ്സ ഒരുക്കിയ അവസരത്തില്‍ നിന്ന് നെയ്മറുടെ വലംകാലന്‍ ഷോട്ടാണ് വലയില്‍ കയറിയത്. പിന്നീട് 26-ാം മിനിറ്റില്‍ നെയ്മറുടെ മറ്റൊരു ഷോട്ട് പിഎസ്ജി ഗോളി രക്ഷപ്പെടുത്തി.
35-ാം മിനിറ്റിലാണ് പിഎസ്ജിക്ക് ആദ്യ അവസരം ലഭിച്ചത്. എന്നാല്‍ എഡിസണ് കവാനിയുടെ ഇടംകാലന്‍ ഷോട്ട് ബാഴ്സ ഗോളി രക്ഷപ്പെടുത്തി. 43-ാം മിനിറ്റില്‍ സുവാരസിന്റെ ഷോട്ടും പിഎസ്ജി ഗോളി രക്ഷപ്പെടുത്തി.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ പിഎസ്ജി താരങ്ങളായിരുന്നു മികച്ചുനിന്നത്. അഞ്ച് മിനിറ്റിനുള്ളില്‍ മൂന്ന് അവസരങ്ങളാണ് അവര്‍ നഷ്ടപ്പെടുത്തിയത്. എന്നാല്‍ 67-ാം മിനിറ്റില്‍ ബാഴ്സ ലീഡ് ഉയര്‍ത്തി. മാര്ട്ടിന് മൊണ്ടോയയുടെ പാസില്‍ നിന്ന് ലൂയിസ് സുവാരസാണ് ലക്ഷ്യം കണ്ടത്. മൂന്ന് മിനിറ്റിനുശേഷം എഡിസണ് കവാനിയുടെ ഒരു ഷോട്ട് ബാഴ്സ ഗോളി രക്ഷപ്പെടുത്തി.
79-ാം മിനിറ്റില്‍ സുവാരസ് തന്റെ രണ്ടാമത്തെയും ടീമിന്റെ മൂന്നാം ഗോളും കണ്ടെത്തി. ജാവിയര്‍ മസ്കരാനോയുടെ പാസ് സ്വീകരിച്ച് ബോക്സിന് പുറത്തുനിന്ന് സുവാരസ് പായിച്ച ഷോട്ടാണ് പിഎസ്ജി വലയില്‍ കയറിയത്. അവസാന 15 മത്സരങ്ങളില്‍ നിന്ന് സുവാരസ് നേടുന്ന 13-ാം ഗോളായി ഇത്. മൂന്നുമിനിറ്റിനുശേഷം ബാഴ്സ വല കുലുങ്ങി വാന്‍ ഡെര്‍ വീല്‍ ബോക്സിന് പുറത്തുനിന്ന് പായിച്ച ഷോട്ടാണ് ജെറേമി മത്തേയുവിന്റെ കാലില്‍ത്തട്ടി സ്വന്തം വലയില്‍ കയറിയത്.
















