ലണ്ടന്‍: ലയണല്‍ മെസിയുടെ പാസില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഗോള്‍, ഒന്നാലോചിച്ചുനോക്കൂ. ഫുട്‌ബോളിലെ എത്ര സുന്ദരമായ നിമിഷമായിരിക്കും അത്. സംശയിക്കേണ്ട അടുത്തിടെ തന്നെ ആ ചേതോഹര ദൃശ്യം പിറന്നേക്കാം.
ബദ്ധവൈരികളായ അര്‍ജന്റൈന്‍ താരം ലയണല്‍ മെസിയും പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഒരേ ടീമിനുവേണ്ടി കളിക്കാന്‍ പോകുന്നു. ടീമിന്റെ പേര് സൗത്ത് യൂറോപ്പ്. എതിരാളികള്‍ നോര്‍ത്ത് യൂറോപ്പും. ഒരു പ്രമുഖ മാര്‍ക്കറ്റിങ് കമ്പനിയാണ് ഈ ആശയം യുവേഫയ്‌ക്കു മുന്നില്‍വച്ചത്. ലോകത്തെ ഏറ്റവും പ്രചാരമുള്ള ബാസ്‌കറ്റ്‌ബോള്‍ ലീഗായ എന്‍ബിഎ വര്‍ഷതോറും നടത്താറുള്ള വെസ്റ്റേണ്‍- ഈസ്റ്റേണ്‍ മേഖലകള്‍ തമ്മിലെ ഓള്‍ സ്റ്റാര്‍ മത്സരമാണ് ആശയത്തിന് പിന്നില്‍.
ലാ ലീഗ, ഇറ്റാലിയന്‍ സീരി എ, ഫ്രഞ്ച് ലീഗ് വണ്‍ എന്നിവയിലെ താരങ്ങളാവും സൗത്ത് ടീമിലുണ്ടാവുക. പ്രീമിയര്‍ ലീഗ്, ബുണ്ടെസ് ലീഗ, റഷ്യന്‍ പ്രീമിയര്‍ ലീഗ് എന്നിവയിലെ കളിക്കാര്‍ നോര്‍ത്ത് ടീമില്‍ ഇടംപിടിക്കും. അങ്ങനെയെങ്കില്‍ മെസി, ക്രിസ്റ്റ്യാനോ, നെയ്‌മര്‍, സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച്, ഗാരെത് ബെയ്ല്‍, പോള്‍ പോഗ്ബ എന്നിവര്‍ക്കെതിരെ പന്തു തട്ടാന്‍ സെര്‍ജിയോ അഗ്യൂറോ, ഈഡന്‍ ഹസാര്‍ഡ്, എയ്ഞ്ചല്‍ ഡി മരിയ, മാനുവേല്‍ ന്യൂയര്‍ തുടങ്ങിയവര്‍ തോളോടുതോള്‍ ചേരും.
ഓണ്‍ലൈന്‍ വോട്ടിങ്ങിലൂടെയാവും ടീമുകളെ നിശ്ചയിക്കുക. ഒരു ക്ലബ്ബില്‍ നിന്ന് മൂന്നില്‍ കൂടുതല്‍ താരങ്ങളെ ഉള്‍പ്പെടുത്തില്ലെന്ന നിബന്ധനയുമുണ്ട്.
അതേസമയം, ഡ്രീം മാച്ച് യാഥാര്‍ത്ഥ്യമാകാന്‍ കടമ്പകള്‍ ചില്ലറയല്ല. മിക്ക ക്ലബ്ബുകളും താരങ്ങളെ വിട്ടുനല്‍കാന്‍ വിമുഖത കാട്ടുമെന്നതു തന്നെ പ്രധാനപ്രശ്‌നം.
















