റിയോ ഡി ജനീറോ: ബ്രസീലിയന്‍ ഫുട്ബോള്‍ ടീമിന്റെ പരിശീലകനാകാന്‍ താത്പര്യമുണ്ടെന്ന് മുന്‍ താരം റോബര്‍ട്ടോ കാര്‍ലോസ്. 42കാരനായ കാര്‍ലോസ് ഇപ്പോള്‍ തുര്‍ക്കി ക്ലബ്ബ് അഖിസറിന്റെ കോച്ചാണ്.
ബ്രസീല്‍ ടീമിനെ പരിശീലിപ്പിക്കുകയാണ് എന്റെ ലക്ഷ്യം. അതിനേറെ യത്നിക്കേണ്ടതുണ്ടെന്നറിയാം. എത്രകാലമെടുക്കുമെന്നതും നിശ്ചയമില്ല. ബ്രസീലിനുവേണ്ടി കളിച്ചകാലത്തെ അനുഭവങ്ങള്‍ മനോഹരമായിരുന്നു, കാര്‍ലോസ് പറഞ്ഞു.
പതിനാല് വര്‍ഷം ദേശീയ ടീമിന്റെ ഭാഗമായി. കോപ്പ അമേരിക്ക, കോണ്‍ഫെഡറേഷന്‍സ് കപ്പ്, ലോകകപ്പ് അങ്ങനെ നിരവധി ട്രോഫികള്‍ സ്വന്തമാക്കുകയും ചെയ്തു. ദേശീയ ടീമിനോട് പ്രതിപത്തി തോന്നുന്നു. എനിക്ക് തിരിച്ചുവരണം.
മരിയോ സഗാലോ, കാര്‍ലോസ് ആല്‍ബര്‍ട്ടോ പെരേര, വിന്‍സെന്റ് ഡെല്‍ ബോസ്ക്, ലൂയിസ് സ്കൊളാരി തുടങ്ങിയ മഹാന്മാരിലൂടെയാണ് തന്റെ പരിശീലന ശൈലി രൂപപ്പെട്ടതെന്നും കാര്‍ലോസ് വ്യക്തമാക്കി.
കളിക്കാരനെന്ന നിലയിലെ വര്‍ഷങ്ങള്‍ നീണ്ട സമ്മര്‍ദ്ദങ്ങള്‍ക്കുശേഷം പുതിയ റോളിനു തയ്യാറാണെന്നും തോന്നുന്നു. നിരവധി ക്ലബ്ബുകളെ പ്രതിനിധീകരിച്ചു. മാനസികമായ തയ്യാറെടുപ്പും പ്രധാനം തന്നെ. ക്ലബ്ബ് ഫുട്ബോളിലൂടെ അതും നേടിയെടുത്തതായും കാര്‍ലോസ് കൂട്ടിച്ചേര്‍ത്തു.
















