ലണ്ടന്‍: ക്യൂപിആറിന് കാര്യങ്ങളെല്ലാം സുരക്ഷിതമായിരുന്നു. സ്വന്തം കളത്തില്‍, വമ്പന്മാരായ ചെല്‍സിയെ ഏറെനേരം അവര്‍ തളച്ചിട്ടു. പക്ഷേ, 88-ാം മിനിറ്റില്‍ സെസ്ക് ഫാബ്രെഗസ് എന്ന മുഖംമൂടിക്കാരന്‍ കള്ളന് അവരുടെ സ്വപ്നങ്ങളെല്ലാം തട്ടിയുടച്ചുകളഞ്ഞു.
ഏറെ നാളത്തെ ഇടവേളയ്ക്കുശേഷം തനിനിറം കാട്ടിയ ഫാബ്രെഗസിന്റെ ഏക ഗോളിന്റെ ബലത്തില്‍ ക്യൂപിആറിനെ അതിജീവിച്ച ചെല്‍സി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് പോയിന്റ് ടേബിളില്‍ ആധികാരികത കാത്തു. ജയത്തോടെ, ഒന്നാം സ്ഥാനത്തുള്ള നീലപ്പട (73) ആഴ്സനലു(66)മായുള്ള വ്യത്യാസം ഏഴു പോയിന്റായി നിലനിര്‍ത്തി.
ലോഫ്റ്റസ് റോഡിലെ മൈതാനത്തില്‍ ചെല്‍സിക്ക് ഒന്നും ശുഭകരമായിരുന്നില്ല. സൂപ്പര്‍ സ്ട്രൈക്കര്‍ ഡീഗോ കോസ്റ്റയില്ലാത്ത മറ്റൊരു കളി. എതിര് പ്രതിരോധം പിളര്‍ക്കാന്‍ അവര്‍ ഏറെ പണിപ്പെട്ടു. ദിദിയര്‍ ദ്രോഗ്ബയെന്ന പഴയപടക്കുതിരയ്ക്ക് ഇന്നലെ ഉശിരത്ര പോരായിരുന്നു.
ആദ്യ പകുതിയില്‍ ക്യൂപിആര്‍ ചെല്‍സിയെ ഒപ്പത്തിനൊപ്പം പിടിച്ചു. രണ്ടാം ഘട്ടത്തില്‍ ഏറെ അപകടകാരികളായതും ക്യൂപിആര്‍ തന്നെ. മാറ്റ് ഫിലിപ്പ് ആതിഥേയര്‍ക്കുവേണ്ടി ഒരുവട്ടം ഗോളിനടുത്തെത്തുകയും ചെയ്തു.
എന്നാല്‍ പോയവാരം സ്റ്റോക്ക് സിറ്റിയുമായുള്ള കളിക്കിടെ മൂക്കിനേറ്റ പരിക്കിന്റെ ആകുലതയുമായി മുഖാവരണം ധരിച്ച് പന്തടിക്കാന്‍ ഇറങ്ങിയ ഫാബ്രെഗസിനായിരുന്നു മത്സരത്തിന്റെ ജാതകം തിരുത്താന്‍ യോഗം.
ഈഡന് ഹസാര്ഡുമൊത്തു മുന്നേറിയ ഫാബ്രെഗസ് നിലംപറ്റെയുള്ള സ്ട്രൈക്കിലൂടെ ക്യൂപിആറിന് അര്‍ഹിച്ച പോയിന്റ് നിഷേധിച്ചു.
കഴിഞ്ഞദിവസം നടന്ന മറ്റൊരു മത്സരത്തില്‍ ബേണ്‍ലിയെ എതിരില്ലാത്ത ഒരു ഗോളിനു ആഴ്സനല്‍ തോല്‍പ്പിച്ചു.
12-ാം മിനിറ്റില്‍ ആരോണ്‍ റാംസി ഗണ്ണേഴ്സിനുവേണ്ടി സ്കോര്‍ ചെയ്തു.
















