മാഡ്രിഡ്: സ്പാനിഷ് ലീഗിലെ കിരീടപ്പോരാട്ടത്തിന്റെ എരിവേറ്റുന്ന മത്സരഫലം, അതു സൃഷ്ടിച്ചത് അതികായരായ ബാഴ്‌സലോണയും. നിര്‍ണായകമൊരങ്കത്തില്‍ സെവിയയുമായി ബാഴ്‌സ സമനില വഴങ്ങി (2-2). രണ്ടു ഗോളുകള്‍ക്ക് മുന്നിട്ടുനിന്നശേഷമായിരുന്നു ബാഴ്‌സയ്‌ക്ക് തിരിച്ചടിയേറ്റത്.
നേരത്തെ മറുപടിയില്ലാത്ത മൂന്നു ഗോളുകള്‍ക്ക്് ഐബറിനെ റയല്‍ മാഡ്രിഡ് കീഴടക്കിയിരുന്നു. അതോടെ ബാഴ്‌സയുമായുള്ള റയലിന്റെ പോയിന്റ് വ്യത്യാസം രണ്ടായി കുറഞ്ഞു. 31 മത്സരങ്ങള്‍ വീതം പിന്നിടുമ്പോള്‍ ഒന്നാം സ്ഥാനക്കാരായ ബാഴ്‌സലോണയ്‌ക്ക് 75ഉം റയലിന് 73ഉം പോയിന്റ് വീതമുണ്ട്.
സെവിയയുടെ തട്ടകത്തില്‍ ബാഴ്‌സ അരങ്ങുവാഴുമെന്നു തോന്നിച്ചതായിരുന്നു തുടക്കം. 14-ാം മിനിറ്റില്‍ സൂപ്പര്‍ താരം ലയണല്‍ മെസി ലൂയീസ് എന്റികയുടെ സംഘത്തെ മുന്നിലെത്തിച്ചു (1-0). പതിനേഴു മിനിറ്റുകള്‍ കൂടി കടന്നുപോയപ്പോള്‍ ബ്രസീലിയന്‍ തുറുപ്പുചീട്ട് നെയ്‌മറും സ്‌കോര്‍ഷീറ്റില്‍ (2-0). എന്നാല്‍ ഒന്നാം പകുതിയുടെ അന്ത്യവേളകളിലൊന്നില്‍ ബാഴ്‌സ ഗോളി ക്ലൗഡിയോ ബ്രാവോയുടെ പിഴവു മുതലാക്കിയ എവെര്‍ ബനേഗ (38-ാം മിനിറ്റ്) സെവിയയ്‌ക്കുവേണ്ടി ഒരു ഗോള്‍ മടക്കി (2-1). രണ്ടാം പകുതിയില്‍ സെവിയ കൂടുതല്‍ ഒത്തിണക്കത്തോടെ പന്തുതട്ടിയപ്പോള്‍ ബാഴ്‌സ നിലവാരത്തിലേക്ക് എത്തിച്ചേര്‍ന്നില്ല.
ഒടുവില്‍ കൗണ്ടര്‍ അറ്റാക്കിന് പൂര്‍ണതയേകി കെവിന്‍ ഗെമിരോയോ (84) ബാഴ്‌സയുടെ വിജയമോഹം നുള്ളിക്കളഞ്ഞു (2-2). ക്രിസ്റ്റിയാനോ റൊണാള്‍ഡോ (21), ജാവിയര്‍ ഹെര്‍ണാണ്ടസ് (31), ജെസെ റോഡ്രിഗസ് (83) എന്നിവര്‍ റയലിനുവേണ്ടി ഐബറിന്റെ വലചലിപ്പിച്ചു.
















