കൊല്‍ക്കത്ത: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ മൂന്നു വിക്കറ്റ് വിജയത്തിലേക്ക് നയിച്ച തന്റെ ബാറ്റിംഗ് പ്രകടനം ശനിയാഴ്ച പിറന്നാള്‍ ആഘോഷിച്ച അമ്മയ്‌ക്ക് സമര്‍പ്പിക്കുന്നെന്ന് വെസ്റ്റിന്‍ഡീസ് ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയ്ല്‍. സമ്മാനദാനച്ചടങ്ങിനിടെയാണ് ഗെയ്ല്‍ മാതാവിനോട് ആദരം പ്രകടിപ്പിച്ചത്.
അമ്മയ്‌ക്കു പിറന്നാള്‍ ആശംസകള്‍ നേരുന്നു. അമ്മയിതു കാണുന്നുണ്ടെന്ന് പ്രതീക്ഷിക്കുന്നു. നിങ്ങള്‍ക്കുള്ളതാണിത്, ഗെയ്ല്‍ പറഞ്ഞു.
രണ്ടു ടീമുകളും നന്നായി കളിച്ചു.വിക്കറ്റിനിടയില്‍ ഞാന്‍ നന്നായി ഓടിയെന്നു കരുതുന്നു. നമ്മള്‍ക്ക് തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടപ്പെട്ടുകൊണ്ടിരുന്നു. എബിഡി മികച്ച തുടക്കമിട്ടു. പക്ഷേ അദ്ദേഹവും വീണു. മോര്‍ക്കല്‍ എന്റെ ക്യാച്ച് കളഞ്ഞതൊഴിച്ചാല്‍, ഹര്‍ഷലുമായുള്ള കൂട്ടുകെട്ടാണ് വഴിത്തിരിവായത്.
സുനില്‍ നരെയ്‌ന്റെ പന്തില്‍ ഒരു സിക്‌സറടിക്കാന്‍ ഞാന്‍ ഹര്‍ഷലിനോട് ആവശ്യപ്പെട്ടു. ഹര്‍ഷല്‍ ശ്രമിക്കാമെന്നു പറഞ്ഞു. അദ്ദേഹത്തിന്റെ ആദ്യ ശ്രമം പരാജയപ്പെട്ടു. വീണ്ടും ശ്രമിക്കാന്‍ നിര്‍ദേശിച്ചു. ഹര്‍ഷല്‍ ഒരു സിക്‌സര്‍ പറത്തുകയും ചെയ്തു. സമ്മര്‍ദ്ദമില്ലാതെ ടീമിനെ വിജയതീരമണയ്‌ക്കാന്‍ ഹര്‍ഷലിനോട് ആവശ്യപ്പെട്ടതായും ഗെയ്ല്‍ കൂട്ടിച്ചേര്‍ത്തു.
ശനിയാഴ്ച രാത്രി ഈഡന്‍ ഗാര്‍ഡന്‍സ് വേദിയായ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സ് സ്‌കോര്‍ ചെയ്തപ്പോള്‍ റോയല്‍ ചലഞ്ചേഴ്‌സ് 19 ഓവറില്‍ ഏഴു വിക്കറ്റുകള്‍ കളഞ്ഞ് ലക്ഷ്യം മറികടന്നു.
56 പന്തില്‍ ഏഴു ഫോറുകളും ഏഴു സിക്‌സറുകളുമടക്കം 96 റണ്‍സെടുത്ത ഗെയ്‌ലായിരുന്നു ആര്‍സിബിയുടെ വിജയശില്‍പ്പി.
















