മുംബൈ: ഐപിഎല്ലില്‍ ഇന്ന് പരാജിതരുടെ പോരാട്ടം. മുംബൈയിലെ വാങ്കഡെ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ആദ്യ മത്സരത്തില്‍ പരാജയമേറ്റുവാങ്ങിയ മുംബൈ ഇന്ത്യന്‍സും കിംഗ്‌സ് ഇലവന്‍ പഞ്ചാബുമാണ് മുഖാമുഖം വരുന്നത്. രാത്രി എട്ടിന് കളി ആരംഭിക്കും.
മുംബൈ ഇന്ത്യന്‍സ് ഈ സീസണിലെ ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോടും കിംഗ്‌സ് ഇലവന്‍ പഞ്ചാബ് രാജസ്ഥാന്‍ റോയല്‍സിനോടുമാണ് പരാജയപ്പെട്ടത്.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ ഏഴ് വിക്കറ്റുകള്‍ക്കാണ് മുംബൈ ഇന്ത്യന്‍സ് കീഴടങ്ങിയിരുന്നത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും ന്യൂസിലാന്‍ഡ് താരം കോറി ആന്‍ഡേഴ്‌സണുമാണ് ഈ കളിയില്‍ മുംബൈക്കായി മികച്ച ഇന്നിംഗ്‌സ് നടത്തിയത്.
എന്നാല്‍ ഓസീസ് താരം ആരോണ്‍ ഫിഞ്ച്, ഇന്ത്യന്‍ താരം അമ്പാട്ടി റായിഡു, ആദിത്യ താരെ എന്നിവര്‍ തീര്‍ത്തും നിറം മങ്ങിയിരുന്നു. ക്യാപ്റ്റന്റെ കളി പുറത്തെടുത്ത രോഹിത് ശര്‍മ്മ 65 പന്തില്‍ നിന്ന് 12 ഫോറും നാല് സിക്‌സറുമടക്കം 98 റണ്‍സും ഫിഞ്ച് 55 റണ്‍സും നേടി പുറത്താകാതെ നിന്നിരുന്നു. ആദ്യ മത്സരത്തില്‍ ചില മുന്‍നിര താരങ്ങള്‍ ബാറ്റിംഗില്‍ ശോഭിച്ചില്ലെങ്കിലും ഇന്ന് കിംഗ്‌സ് ഇലവനെതിരെ ഇവര്‍ ഫോമിലേക്ക് തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് മുംബൈ ഇന്ത്യന്‍സ് ക്യാമ്പ്.
മലിംഗ നേതൃത്വം നല്‍കുന്ന ബൗളര്‍മാരും നൈറ്റ് റൈഡേഴ്‌സിനെതിരായ കളിയില്‍ അവസരത്തിനൊത്തുയര്‍ന്നില്ല. ഹര്‍ഭജനും പ്രഗ്യാന്‍ ഓജയും വിനയ്‌കുമാറും ഉള്‍പ്പെടെയുള്ള ബൗളര്‍മാര്‍ക്ക് നൈറ്റ് റൈഡേഴ്‌സ് ബാറ്റ്‌സ്മാന്മാരെ സമ്മര്‍ദ്ദത്തിലാക്കാന്‍ കഴിഞ്ഞതുമില്ല.
ഇതാണ് ആദ്യം ബാറ്റ് ചെയ്ത് 168 റണ്‍സ് എന്ന നല്ല സ്‌കോര്‍ നേടിയിട്ടും പരാജയത്തിന് കാരണമായത്. ഒപ്പം ഫീല്‍ഡിംഗും അത്ര മികച്ചതായിരുന്നില്ല. ഇന്ന് ഈ കുറവുകളെല്ലാം പരിഹരിച്ചായിരിക്കും മുംബൈ ഇന്ത്യന്‍സ് കളത്തിലിറങ്ങുക. മാത്രമല്ല ഇന്ന് മുംബൈയിലാണ് മത്സരമെന്നതും ഇന്ത്യന്‍സിന്റെ ആത്മവിശ്വാസം ഉയര്‍ത്തുന്നു.
മറുവശത്ത് കഴിഞ്ഞ ദിവസം നടന്ന ആദ്യ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനോട് 26 റണ്‍സിന് പരാജയപ്പെട്ടതിന്റെ നിരാശയിലാണ് കിംഗ്‌സ് ഇലവന്‍ ഇന്ന് മുംബൈക്കതിരെ ഇറങ്ങുന്നത്. സെവാഗും വൃദ്ധിമാന്‍ സാഹയും ഓസീസ് വെടിക്കെട്ട് താരം ഗ്ലെന്‍ മാക്‌സ്‌വെല്ലും ഉള്‍പ്പെടെയുള്ള മുന്‍നിര താരങ്ങള്‍ ഫോമിലേക്കുയരാത്തതാണ് കിംഗ്‌സ് ഇലവന്റെ തോല്‍വിക്ക് പ്രധാനകാരണം. 37 റണ്‍സെടുത്ത മുരളി വിജയും 24 റണ്‍സ് വീതം നേടിയ അക്ഷര്‍ പട്ടേലും ക്യാപ്റ്റന്‍ ജോര്‍ജ് ബെയ്‌ലിയും 23 റണ്‍സെടുത്ത ഡേവിഡ് മില്ലറുമാണ് താരതമ്യേന ഭേദപ്പെട്ട പ്രകടനം ആദ്യ കളിയില്‍ നടത്തിയത്.
എന്നാല്‍ ബാറ്റ്‌സ്മാന്മാരെ അപേക്ഷിച്ച് ബൗളര്‍മാര്‍ മികവു പ്രകടിപ്പിച്ചു. മിച്ചല്‍ ജോണ്‍സണും കരണ്‍വീര്‍ സിംഗും സന്ദീപ് ശര്‍മ്മയും അക്ഷര്‍ പട്ടേലും നല്ല രീതിയിലായിരുന്നു പന്തെറിഞ്ഞത്. കഴിഞ്ഞ വര്‍ഷം ഇരുടീമുകളും രണ്ട് തവണ ഏറ്റുമുട്ടിയപ്പോഴും വിജയം മുംബൈ ഇന്ത്യന്‍സിനൊപ്പമായിരുന്നു. എന്തായാലും ആദ്യ വിജയം തേടി ഇരുടീമുകളും ഇന്ന് അങ്കത്തിനിറങ്ങുമ്പോള്‍ പോരാട്ടം ഏറെ ആവേശകരമായിരിക്കുമെന്ന് ഉറപ്പാണ്.
















