ചെന്നൈ: ഐപിഎല്‍ എട്ടാം പതിപ്പില്‍ ചെന്നൈ സൂപ്പര്‍കിംഗ്സിന് ഇന്ന് രണ്ടാം അങ്കം. കഴിഞ്ഞ ദിവസം ദല്‍ഹി ഡെയര്‍ ഡെവിള്‍സിനെ ആവേശകരമായ പോരാട്ടത്തിനൊടുവില്‍ ഒരു റണ്‍സിന് കീഴടക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് ഇന്ന് രണ്ടാം അങ്കത്തിനിറങ്ങുന്നത്. എതിരാളികള്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ്. വൈകിട്ട് നാലിനാണ് മത്സരം.
2013-ല്‍ ഐപിഎല്ലില്‍ അരങ്ങേറ്റം കുറിച്ച ടീമാണ് സണ്‍റൈസേഴ്സ് ഹൈദരാബാദ്. ആ സീസണില്‍ പ്ലേ ഓഫില്‍ കൡച്ച് നാലാം സ്ഥാനത്തെത്തിയെങ്കിലും കഴിഞ്ഞ വര്‍ഷം പ്രതീക്ഷക്കൊത്തുയരാന്‍ കഴിഞ്ഞില്ല. എട്ട് ടീമുകള്‍ പങ്കെടുത്ത കഴിഞ്ഞവര്‍ഷം ആറാം സ്ഥാനമാണ് അവര്‍ സ്വന്തമാക്കിയത്. ഡെക്കാണ് ചാര്‍ജേഴ്സിനെ ഐപിഎല്ലില്‍ നിന്ന് പുറത്താക്കിയശേഷം 2012 ഒക്ടോബര്‍ 25ന് നടന്ന പുനര്‍ലേലത്തില്‍ ഡെക്കാന്‍ ചാര്‍ജേഴ്സിനെ സണ്‍ ടിവി ഗ്രൂപ്പ് സ്വന്തമാക്കി. ഇതോടെ ഡെക്കാന്‍ ചാര്‍ജേഴ്സ് എന്ന പേരുമാറ്റി സണ്‍റൈസേഴ്സ് ഹൈദരാബാദ് എന്നായി.
മുന്‍പ് ഡെക്കാണ് ക്രോണിക്കിളിന്റെ ഉടമസ്ഥതയിലായിരുന്ന ഡെക്കാന്‍ ചാര്‍ജേഴ്സിന് ഐപിഎലില്‍ തുടരാന്‍ 100 കോടി രൂപ ബാങ്ക് ഗ്യാരണ്ടി നല്‍കണമെന്ന ബിസിസിഐയുടെ നിര്‍ദ്ദേശം പാലിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് ഐപിഎല്ലില്‍ നിന്നും പുറത്താക്കിയത്. ഇത് ചോദ്യം ചെയ്ത് ഡെക്കാണ്ചാര്ജേഴ്സ് ഉടമകള്‍ നല്കിയ ഹര്‍ഡി സുപ്രീംകോടതി തള്ളിക്കളഞ്ഞതോടെ ടീമിനെ പുനര്‍ലേലം ചെയ്യാന്‍ തീരുമാനമായതും സണ്‍ ഗ്രൂപ്പ് ടീമിനെ സ്വന്തമാക്കിയതും.
ഇത്തവണ നിരവധി പുതുതാരങ്ങളെ ലേലത്തില്‍ പിടിച്ചാണ് സണ്‍റൈസേഴ്സ് ഒരുങ്ങിയിട്ടുള്ളത്. ഓസീസ് താരം ഡേവിഡ് വാര്‍ണര്‍ നായകനായ ടീമിലെ പ്രധാനതാരങ്ങള്‍ ഇംഗ്ലണ്ടിന്റെ ഇയോണ്‍ മോര്ഗന്, കെവിന് പീറ്റേഴ്സണ്, ന്യൂസിലാന്‍ഡ് താരങ്ങളായ കെയ്ന്‍ വില്ല്യംസണ്, ട്രെന്റ് ബൗള്‍ട്ട്, ഓസീസ് താരം മോയ്സസ് ഹെന്റിക്വസ്, ദക്ഷിണാഫ്രിക്കയുടെ ഡെയ്ല്‍ സ്റ്റെയിന്, ഇന്ത്യന്‍താരങ്ങളായ ശിഖര്‍ ധവാന്, ഭുവനേശ്വര്‍കുമാര്‍, ഇഷാന്ത്ശര്‍മ്മ, പ്രവീണ്‍കുമാര്‍ തുടങ്ങിയവരാണ്. മലയാളി താരം പി. പ്രശാന്തും ടീമില്‍ അംഗമാണ്.
ബാറ്റിംഗ്നിരയും പേസ് ബൗളിംഗ് പടയും ഏറെ കരുത്തുറ്റതാണെങ്കിലും മികച്ചൊരു സ്പിന്നറുടെ അഭാവം ടീമിലുണ്ട്. വാര്‍ണറും ധവാനും നയിക്കുന്ന ബാറ്റിംഗ്നിരയില് ഓരോ സ്ഥാനത്തേക്കും നിയോഗിക്കാന്‍ കഴിയുന്ന രണ്ടിലേറെ താരങ്ങളാണുള്ളത്. ട്രെന്റ് ബൗള്‍ട്ടും സ്റ്റെയിനും ഇഷാന്ത് ശര്‍മ്മയും നയിക്കുന്ന പേസ് ബൗളിംഗ്നിര അതിശക്തമാണ്. എന്നാല്‍ സ്പിന്‍ വിഭാഗം താരതമ്യേന ദുര്‍ബലമാണ്. കരണ്‍ ശര്‍മ്മയും പര്‍വേസ് റസൂലുമാണ് സ്പിന്നര്‍മാര്‍.
അതേസമയം ദല്‍ഹിയെ കീഴടക്കിയതിന്റെ ആത്മവിശ്വാസത്തിലിറങ്ങുന്ന ചെന്നൈക്ക് തന്നെയാണ് ഇന്ന് മുന്‍തൂക്കം. എന്നാല്‍ ദല്‍ഹിക്കെതിരായ മത്സരത്തില്‍ സംഭവിച്ച ചില പാളിച്ചകള്‍ അവര്‍ തിരുത്തണം. മുന്‍നിര ബാറ്റ്സ്മാന്മാരുടെ നിരുത്തരവാദപരമായ ബാറ്റിംഗാണ് ചെന്നൈയ്ക്ക് ദല്‍ഹിക്കെതിരെ തലവേദനയായത്. ബ്രണ്ടന്‍ മക്കല്ലം, സുരേഷ് റെയ്ന, രവീന്ദ്ര ജഡേജ, ഡ്വെയ്ന്‍ ബ്രാവോ തുടങ്ങിയവരെല്ലാം ഈ മത്സരത്തില്‍ നിരാശയാണ് സമ്മാനിച്ചത്.
ഓപ്പണര്‍ ഡെ്വയ്ന്‍ സ്മിത്തും, ക്യാപ്റ്റന്‍ ധോണിയും ഡുപ്ലെസിസും മാത്രമാണ് അല്പമെങ്കിലും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. ഇന്ന് സ്റ്റെയിനും ബൗള്ട്ടുമടങ്ങുന്ന പേസ് ബൗളിംഗ് നിരയെ ചെന്നൈ താരങ്ങള്‍ എങ്ങിനെ നേരിടുമെന്നതിനെ ആശ്രയിച്ചായിരിക്കും അവരുടെ സാധ്യതകള്‍. ബാറ്റ്സ്മാന്മാരെ അപേക്ഷിച്ച് ബൗളര്‍മാരുടെ തകര്‍പ്പന്‍ പ്രകടനമാണ് ദല്‍ഹിക്കെതിരെ ഒരു റണ്‍സിന്റെ വിജയം ചെന്നൈക്ക് നേടിക്കൊടുത്തത്.
പേസ് ബൗളര്‍ ആശിഷ് നെഹ്റയുടെ പ്രകടനം പ്രത്യേകം എടുത്തുപറയേണ്ടതാണ്.മൂന്ന് വിക്കറ്റുകളാണ് നെഹ്റ കഴിഞ്ഞ മത്സരത്തില്‍ വീഴ്ത്തിയത്. ബ്രാവോ രണ്ടും മോഹിത് ശര്‍മ്മ, ഈശ്വര്‍പാണ്ഡെ, ആര്. അശ്വിന് എന്നിവര്‍ ഓരോ വിക്കറ്റുകളും വീഴ്ത്തി. ദല്‍ഹിക്കെതിരെ കളിച്ച അതേ ടീമിനെ തന്നെ ഇറക്കാനായിരിക്കും സാധ്യത. 2014-ല്‍ രണ്ട് തവണ ഏറ്റുമുട്ടിയപ്പോള്‍ ഓരോ വിജയം ഇരുടീമുകള്‍ക്കും സ്വന്തമായിരുന്നു.
















