ചെന്നൈ: ഐപിഎല്ലില്‍ ദല്‍ഹിക്ക് ജയിക്കാന്‍ 151 റണ്‍സ്. ഇന്നലെ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പര്‍ കിംഗ്‌സ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സ് നേടി. 34 റണ്‍സെടുത്ത ഓപ്പണര്‍ ഡ്വെയ്ന്‍ സ്മിത്ത്, 32 റണ്‍സെടുത്ത ഡുപ്ലെസിസ്, ക്യാപ്റ്റന്‍ ധോണി (30) എന്നിവരാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നിരയില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയത്.
നേരത്തെ ടോസ് നേടിയ ദല്‍ഹി സൂപ്പര്‍കിംഗ്‌സിനെ ബാറ്റിംഗിനയച്ചു. രണ്ടാം ഓവറിലെ രണ്ടാം പന്തില്‍ ചെന്നൈയ്‌ക്ക് ആദ്യ വിക്കറ്റും നഷ്ടമായി. രണ്ട് പന്തുകളില്‍ നിന്ന് നാല് റണ്‍സെടുത്ത ബ്രണ്ടന്‍ മക്കല്ലത്തെ കള്‍ട്ടര്‍ നീല്‍ യുവരാജിന്റെ കൈകളിലെത്തിച്ചു. തുടര്‍ന്നെത്തിയ സുരേഷ് റെയ്‌നക്കും കാര്യമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല.
7 പന്തുകള്‍ നേരിട്ട് നാല് റണ്‍സുമായി സുരേഷ് റെയ്‌ന കള്‍ട്ടര്‍ നീലിന്റെ പന്തില്‍ ബൗള്‍ഡായി മടങ്ങുമ്പോള്‍ ചെന്നൈ സ്‌കോര്‍ബോര്‍ഡില്‍ 38 റണ്‍സായിരുന്നു. പിന്നീട് ഡ്വെയ്ന്‍ സ്മിത്തിനൊപ്പം ഡുപ്ലെസിസ് ഒത്തുചേര്‍ന്നതോടെ ചെന്നൈ വീണ്ടും മത്സരത്തിലേക്ക് തിരിച്ചെത്തി. മൂന്നാം വിക്കറ്റില്‍ ഇരുവരും 31 റണ്‍സ് കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ സ്‌കോര്‍ ബോര്‍ഡില്‍ 71 റണ്‍സായപ്പോള്‍ 31 പന്തില്‍ നിന്ന് ആറ് ബൗണ്ടറികളോടെ 34 റണ്‍സെടുത്ത സ്മിത്തിനെ ഇമ്രാന്‍ താഹിറിന്റെ പന്തില്‍ കള്‍ട്ടര്‍ നീല്‍ പിടികൂടി. പിന്നീട് 12.2 ഓവറില്‍ സ്‌കോര്‍ നൂറിലെത്തിയപ്പോള്‍ നാലാം വിക്കറ്റും ചെന്നൈയ്‌ക്ക് നഷ്ടമായി. 24 പന്തില്‍ നിന്ന് മൂന്ന് ബൗണ്ടറികളോടെ 32 റണ്‍സെടുത്ത ഡുപ്ലെസിസിനെ ഡുമ്‌നിയുടെ പന്തില്‍ അരങ്ങേറ്റക്കാരന്‍ ശ്രേയസ് അയ്യര്‍ പിടികൂടി. തുടര്‍ന്ന് സ്‌കോര്‍ 117-ല്‍ എത്തിയപ്പോള്‍ അഞ്ചാം വിക്കറ്റും ചെന്നൈക്ക് നഷ്ടമായി.
17 റണ്‍സെടുത്ത രവീന്ദ്ര ജഡേജയെ അമിത് മിശ്രയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഗൗതം സ്റ്റമ്പ് ചെയ്തു. രണ്ട് റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തപ്പോഴേക്കും ആറാം വിക്കറ്റും നിലംപതിച്ചു. ഒരു റണ്‍സെടുത്ത ഡ്വെയ്ന്‍ ബ്രാവോയെ ഡൊമിനിക് ജോസഫ് വിക്കറ്റിന് മുന്നില്‍ കുടുക്കി. പിന്നീട് സ്‌കോര്‍ 148-ല്‍ എത്തിയപ്പോള്‍ 26 പന്തില്‍ നിന്ന് 30 റണ്‍സെടുത്ത ക്യാപ്റ്റന്‍ ധോണിയും മടങ്ങി. കള്‍ട്ടര്‍ നീലിന്റെ പന്തില്‍ മയാങ്ക് അഗര്‍വാളാണ് ധോണിയെ പിടികൂടിയത്. ദല്‍ഹിക്ക് വേണ്ടി കള്‍ട്ടര്‍ നീല്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്‌ത്തി.
















