കൊച്ചി: സംസ്ഥാന സീനിയര്‍-യൂത്ത് അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പുകളില്‍ പാലക്കാടിന് ഇരട്ട കിരീടം. സീനിയര്‍ വിഭാഗത്തില്‍ 185 പോയിന്റുകളും യൂത്ത് വിഭാഗത്തില്‍ 184 പോയിന്റുകളും നേടിയാണ് പാലക്കാട് കിരീടം ചൂടിയത്. സീനിയര്‍ വിഭാഗത്തില്‍ 128 പോയിന്റ് നേടിയ കോട്ടയം രണ്ടാം സ്ഥാനം സ്വന്തമാക്കിയപ്പോള്‍ യൂത്ത് മീറ്റില്‍ 103 പോയിന്റ് നേടിയ എറണാകുളം രണ്ടാമതെത്തി. സീനിയര്‍ വിഭാഗത്തില്‍ 116 പോയിന്റ് നേടി എറണാകുളവും ജൂനിയറില്‍ 91.5 പോയിന്റ് നേടി മലപ്പുറവും മൂന്നാം സ്ഥാനത്തെത്തി.
സീനിയര്‍ മീറ്റിലും യൂത്ത് മീറ്റിലും പുരുഷ, വനിതാ വിഭാഗങ്ങളിലും പാലക്കാടാണ് ചാമ്പ്യന്മാര്‍. സീനിയര്‍ വനിതകളില്‍ പാലക്കാട് 108 പോയിന്റും പുരുഷന്മാരില്‍ 77 പോയിന്റും യൂത്ത് വിഭാഗം പെണ്‍കുട്ടികള്‍ 87 പോയിന്റും ആണ്‍കുട്ടികള്‍ 97 പോയിന്റും നേടിയാണ് ചാമ്പ്യന്‍പട്ടം സ്വന്തമാക്കിയത്. സീനിയര്‍ വനിതകളില്‍ കോട്ടയവും (100 പോയിന്റ്) പുരുഷന്മാരില്‍ എറണാകുളവും (68 പോയിന്റ്) രണ്ടാം സ്ഥാനം നേടി. യൂത്ത് ഗേള്‍സില്‍ എറണാകുളത്തിനാണ് രണ്ടാം സ്ഥാനം. ആണ്‍കുട്ടികളില്‍ മലപ്പുറം റണ്ണേഴ്‌സ് അപ്പായി.
സീനിയര്‍, യൂത്ത് വിഭാഗങ്ങളിലായി ഇന്നലെ നാല് പുതിയ റെക്കോര്‍ഡുകളാണ് പിറന്നത്. ഇതോടെ മീറ്റില്‍ ആകെ എട്ട് റെക്കോര്‍ഡുകള്‍ പിറവിയെടുത്തു.
ഡിസ്‌കസ് ത്രോയില്‍ കോഴിക്കോടിന്റെ രാഹുല്‍ രതീഷ് 48.31 മീറ്റര്‍ ദൂരമെറിഞ്ഞ് 18 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് തകത്തു. 1997-ല്‍ ആലപ്പുഴയുടെ ബി. ലാല്‍ബാബു സ്ഥാപിച്ച 44.62 മീറ്റര്‍ ദൂരമാണ് രാഹുല്‍ രതീഷ് തിരുത്തിയത്.
മീറ്റില്‍ സീനിയര്‍ വിഭാഗത്തിലെ ഏക റെക്കോര്‍ഡ് നേട്ടമാണിത്. യൂത്ത് ചാമ്പ്യന്‍ഷിപ്പില്‍ മൂന്നു റെക്കോര്‍ഡുകളാണ് ഇന്നലെ സ്ഥാപിക്കപ്പെട്ടത്. 3000 മീറ്റര്‍ ഓട്ടത്തില്‍ പാലക്കാടിന്റെ അജിത്. പി.എന്‍. (8 മിനിറ്റ് 58.10 സെക്കന്റ്), ഡെക്കാത്‌ലണില്‍ എറണാകുളത്തിന്റെ രാഹുല്‍ സിബി (5206 പോയിന്റ്), ട്രിപ്പിള്‍ ജമ്പില്‍ ആലപ്പുഴയുടെ ബോബി സാബു (14.41 മീറ്റര്‍) എന്നിവരാണ് റെക്കോര്‍ഡ് ബുക്കില്‍ ഇടം നേടിയവര്‍.
സീനിയര്‍ പുരുഷന്‍മാരുടെ ഹൈജമ്പില്‍ ശ്രീനിത് മോഹന്‍ (2.10), വനിതകളുടെ 3000 മീറ്റര്‍ സ്റ്റീപ്ള്‍ ചേസില്‍ തിരുവനന്തപുരത്തിന്റെ സഫീദ. എം.പി, 1500, 5000 മീറ്റര്‍ ഓട്ടത്തില്‍ പാലക്കാടിന്റെ ചിത്ര. പി.യു, ഡിസ്‌കസ്‌ത്രോയില്‍ നീന എലിസബത്ത് ബേബി, യൂത്ത് ചാമ്പ്യന്‍ഷിപ്പിന്റെ പെണ്‍കുട്ടികളുടെ 200 മീറ്റര്‍ ഓട്ടത്തില്‍ കോഴിക്കോടിന്റെ കെ.സ്‌നേഹ (26.40), 800 മീറ്ററില്‍ അബിത മേരി മാനുവല്‍ (2:13.60), 3000 മീറ്ററില്‍ എറണാകുളത്തിന്റെ അലീഷ പി.ആര്‍ (10:37.60), ട്രിപ്പിള്‍ ജമ്പില്‍ പാലക്കാടിന്റെ രുഗ്മ ഉദയന്‍ (11.67 മീ), ആണ്‍കുട്ടികളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ പാലക്കാടിന്റെ മുഹമ്മദ് അനസ് (55.60), ഹൈജമ്പില്‍ എറണാകുളത്തിന്റെ മനു ഫ്രാന്‍സിസ് (1.95) എന്നിവര്‍ ഇന്നലെ സ്വര്‍ണം നേടി. ഇരു ചാമ്പ്യന്‍ഷിപ്പുകളില്‍ നിന്നും മെയ് ഒന്ന് മുതല്‍ നാല് വരെ മംഗലാപുരത്ത്‌ദേശീയ ചാമ്പ്യന്‍ഷിപ്പുകളിലേക്ക് യോഗ്യത നേടിയവരെ സംസ്ഥാന ടീമില്‍ ഉള്‍പ്പെടുത്തും. ടീമിനെ പിന്നീട് പ്രഖ്യാപിക്കും.
















