കൊല്‍ക്കത്ത: ഐപിഎല്‍ എട്ടാം പതിപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ജയിക്കാന്‍ 169 റണ്‍സ്. ഇന്നലെ ഈഡന്‍ ഗാര്‍ഡനില്‍ നടന്ന ആദ്യ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സ് അടിച്ചുകൂട്ടി.
ഒരുഘട്ടത്തില്‍ മൂന്നിന് 37 എന്ന നിലയില്‍ തകര്‍ന്ന മുംബൈ ഇന്ത്യന്‍സിനെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും (65 പന്തില്‍ 98 നോട്ടൗട്ട്), കോറി ആന്‍ഡേഴ്‌സണും (41 പന്തില്‍ 55 നോട്ടൗട്ട്) ചേര്‍ന്നുള്ള നാലാം വിക്കറ്റ് കൂട്ടുകെട്ടാണ് കരകയറ്റിയത്.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനയക്കപ്പെട്ട മുംബൈ ഇന്ത്യന്‍സിന് മോശം തുടക്കമാണ് ലഭിച്ചത്. സ്‌കോര്‍ എട്ട് റണ്‍സിലെത്തിയപ്പോള്‍ ആദ്യ വിക്കറ്റ് നഷ്ടമായി. അഞ്ച് റണ്‍സെടുത്ത ആരോണ്‍ ഫിഞ്ചിനെ മോണെ മോര്‍ക്കലിന്റെ പന്തില്‍ ഉമേഷ് യാദവ് പിടികൂടി. പിന്നീട് രോഹിത് ശര്‍മ്മയും ആദിത്യ താരെയും ചേര്‍ന്ന് സ്‌കോര്‍ 37-ല്‍ എത്തിച്ചു.
എന്നാല്‍ ഇതേ സ്‌കോറില്‍ രണ്ട് വിക്കറ്റുകള്‍ തുടര്‍ച്ചയായി മുംബൈക്ക് നഷ്ടമായി. 7 റണ്‍സെടുത്ത ആദിത്യ താരെയെ ഷാക്കിബ് അല്‍ ഹസ്സന്റെ ബൗളിംഗില്‍ ഉമേഷ് യാദവ് പിടികൂടിയപ്പോള്‍ രണ്ട് പന്തുകള്‍ നേരിട്ട് റണ്ണൊന്നുമെടുക്കാതിരുന്ന അമ്പാട്ടി റായിഡുവിനെ മോര്‍ക്കലിന്റെ പന്തില്‍ യൂസഫ് പഠാനും കയ്യിലൊതുക്കി.
പിന്നീട് രോഹിതിനൊപ്പം കോറി ആന്‍ഡേഴ്‌സണ്‍ ചേര്‍ന്നതോടെയാണ് മുംബൈ ഇന്നിംഗ്‌സ് തകര്‍ച്ചയില്‍ നിന്ന് കരകയറിയത്. ഇരുവരും ചേര്‍ന്ന് 15 ഓവറില്‍ മുംബൈ സ്‌കോര്‍ 100 കടത്തി. ഇതിനിടെ രോഹിത് ശര്‍മ്മ 46 പന്തില്‍ നിന്ന് അര്‍ദ്ധശതകവും തികച്ചു. ഇരുവരും ചേര്‍ന്ന് 14.4 ഓവറില്‍ 131 റണ്‍സാണ് അടിച്ചുകൂട്ടിയത്.
















