ലാഹോര്‍: ബംഗ്ലാദേശ് പര്യടനത്തിനെത്തുന്ന പാക് ടീമില്‍ നിന്ന് സൊഹൈബ് മഖ്‌സൂദ് പുറത്ത്. ഇടതുകൈക്കേറ്റ പരിക്കാണ് മഖ്‌സൂദിന് തിരിച്ചടിയായത്.
മഖ്‌സൂദിന് പകരമായി ട്വന്റി 20 ടീമിലുള്‍പ്പെട്ട സാദ് നസീമിനെ ഏകദിന ടീമില്‍ ഉള്‍പ്പെടുത്തി. ഇന്നലെ ആരംഭിച്ച പാക് പരിശീലന ക്യാമ്പില്‍ മഖ്‌സൂദ് പങ്കെടുത്തെങ്കിലും വേദനയനുഭവപ്പെട്ടതിനെ തുടര്‍ന്ന് പിന്മാറുകയായിരുന്നു. തുടര്‍ന്ന് നടത്തിയ സ്‌കാനിംഗില്‍ കൈക്കുഴയിലെ എല്ലിന് ചെറിയ പൊട്ടലുണ്ടെന്ന് കണ്ടെത്തുകയും ചെയ്തു.
കഴിഞ്ഞ വര്‍ഷവും ഇതേ പരിക്കുകാരണം ന്യൂസിലാന്‍ഡിനെതിരായ ഏകദിന, ട്വന്റി 20 പരമ്പരയും മഖ്‌സൂദിന് നഷ്ടപ്പെട്ടിരുന്നു. പിന്നീട് സെലക്ടര്‍മാരോടും പിസിബി ചെയര്‍മാന്‍ ഷഹരിയാര്‍ ഖാനോടും സംസാരിച്ചശേഷം ചീഫ് സെലക്ടര്‍ ഹാരൂണ്‍ റഷിദാണ് മഖ്‌സൂദിന് പകരക്കാരനായി നസിമിന്റെ പേര് ഏകദിന ടീമിലേക്ക് നിര്‍ദ്ദേശിച്ചത്.
മൂന്ന് ട്വന്റി 20 മത്സരങ്ങളില്‍ മാത്രം കളിച്ചിട്ടുള്ള നസിം ആദ്യമായാണ് ഏകദിന ടീമില്‍ ഇടംപിടിക്കുന്നത്.
















