കൊച്ചി: അന്‍പത്തിയൊന്‍പതാമത് സംസ്ഥാന സീനിയര്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പനും അഞ്ചാമത് ഒളിമ്പ്യന്‍ സുരേഷ്ബാബു മെമ്മോറിയല്‍ യൂത്ത് മീറ്റിനും ഇന്നലെ തുടക്കമായി. ആദ്യ ദിവസത്തെ മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ ഓവറോള്‍ സീനിയര്‍ വിഭാഗത്തില്‍ കോട്ടയം 74 പോയിന്റുമായി ഒന്നാം സ്ഥാനത്താണ്.
48 പോയിന്റുള്ള എറണാകുളം രണ്ടാം സ്ഥാനത്തും 41 പോയിന്റുമായി പാലക്കാട് മൂന്നാം സ്ഥാനത്തുമാണ്. എന്നാല്‍ പുരുഷന്മാരുടെ വിഭാഗത്തില്‍ 27 പോയിന്റുമായി കോഴിക്കോടും വനിതകളില്‍ 61 പോയിന്റുമായി കോട്ടയവുമാണ് ഒന്നാം സ്ഥാനത്ത്. രണ്ട് വിഭാഗങ്ങളിലും എറണാകുളമാണ് രണ്ടാമത്. പാലക്കാട് മൂന്നാമതും.
യൂത്ത് മീറ്റില്‍ 93 പോയിന്റുമായി പാലക്കാട് ഒന്നാം സ്ഥാനത്തും 50 പോയിന്റുള്ള ഇടുക്കിയും 48 പോയിന്റുമായി മലപ്പുറവും രണ്ടും മൂന്നും സ്ഥാനത്ത് നില്‍ക്കുന്നു. യൂത്ത് മീറ്റില്‍ ഇന്നലെ നാല് പുതിയ റെക്കോര്‍ഡുകളാണ് പിറന്നത്. അണ്ടര്‍ 18 പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ എറണാകുളത്തിന്റെ ലിനറ്റ് ജോര്‍ജ് 58.53 സെക്കന്റില്‍ ഫിനിഷ് ചെയ്ത് റെക്കോര്‍ഡോടെ സ്വര്‍ണ്ണമണിഞ്ഞു. ഈയിനത്തില്‍ വെള്ളിമെഡല്‍ നേടിയ കോഴിക്കോടിന്റെ സ്‌നേഹ. കെ 58.68 സെക്കന്റില്‍ ഓടിയെത്തിയും നിലവിലെ റെക്കോര്‍ഡ് മറികടന്നു.
2011-ല്‍ കോഴിക്കോടിന്റെ അഞ്ജു വര്‍ഗ്ഗീസ് സ്ഥാപിച്ച 59.89 സെക്കന്റിന്റെ റെക്കോര്‍ഡാണ് ഇരുവരും മറികടന്നത്. ഹാമര്‍ ത്രോയില്‍ എറണാകുളത്തിന്റെ ദീപ ജോഷി 44.38 മീറ്റര്‍ എറിഞ്ഞാണ് പുതിയ റെക്കോര്‍ഡിന് അവകാശിയായത്. കഴിഞ്ഞ വര്‍ഷം തിരുവനന്തപുരത്തിന്റെ വി.ഒ. ശാന്തിനി സ്ഥാപിച്ച 44.16 മീറ്ററിന്റെ റെക്കോര്‍ഡാണ് ദീപക്ക് മുന്നില്‍ വഴിമാറിയത്.
ആണ്‍കുട്ടികളുടെ ലോങ്ജമ്പിലും പോള്‍വോള്‍ട്ടിലുമാണ് മറ്റ് റെക്കോര്‍ഡുകള്‍. പാലക്കാടിന്റെ ശ്രീശങ്കര്‍ 6.76 മീറ്റര്‍ ചാടിയാണ് നിലവിലെ റെക്കോര്‍ഡ് തിരുത്തിക്കുറിച്ചത്. 2013ല്‍ കോഴിക്കോടിന്റെ സി.സിറാജുദ്ധീന്‍ സ്ഥാപിച്ച 6.62 മീറ്റര്‍ റെക്കോഡാണ് ലോങ്ജമ്പില്‍ ശ്രീശങ്കര്‍ തകര്‍ത്തത്.
പോള്‍വോള്‍ട്ടില്‍ പാലക്കാടിന്റെ ജെസ്സണ്‍. കെ.ജിയാണ് 3.71 മീറ്റര്‍ ചാടി നിലവിലെ റെക്കോര്‍ഡ് മാറ്റിയെഴുതിയത്. പാലക്കാടിന്റെ തന്നെ ഗോഡ്‌വിന്‍ ഡാമിയന്‍ കഴിഞ്ഞ വര്‍ഷം സ്ഥാപിച്ച 3.70 മീറ്ററിന്റെ റെക്കോര്‍ഡാണ് ജെസ്സണ്‍ ഇന്നലെ തിരുത്തിയത്. മീറ്റ് ഇന്ന് സമാപിക്കും.
















