ന്യൂദല്‍ഹി: ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ്. ധോണിക്കെതിരേ അതിരൂക്ഷ വിമര്‍ശനങ്ങളുമായി യുവരാജ് സിംഗിന്റെ അച്ഛന്‍ യോഗരാജ് സിംഗ് രംഗത്ത്. ധോണി അഹങ്കാരിയാണെന്നും ഒരുനാള്‍ തെണ്ടുമെന്നും യോഗരാജ് പറഞ്ഞു. അന്നു ധോണിയുടെ സഹായത്തിന് ആരുമുണ്ടാവില്ല. ലോകകപ്പ് ടീമില്‍ നിന്നും യുവരാജിനെ തഴഞ്ഞതിനു പിന്നില്‍ പ്രവര്‍ത്തിച്ചതു ധോണിയാണെന്നും യോഗരാജ് ആരോപിച്ചു.
ധോണി ഒന്നുമല്ല. ക്രിക്കറ്റില്‍ വലിയ ആളായി ധോണിയെ ചിത്രീകരിക്കുന്നത് മാധ്യമങ്ങളാണ്. മാധ്യമങ്ങള്‍ പറയുന്നതുപോലെ വലിയ ആളൊന്നുമല്ല ധോണിയെന്നും ഒരു വാര്‍ത്താ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ യോഗരാജ് പറഞ്ഞു.
ഇന്ത്യന്‍ ടീമിലെ സഹതാരങ്ങള്‍ ധോണിയെ പുകഴ്‌ത്തുന്നതു കണ്ടിട്ടു സഹതാപം തോന്നി. ധോണിയോടുള്ള അസൂയകൊണ്ടാണെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ ധോണിയെക്കുറിച്ചു മറ്റു താരങ്ങള്‍ പറഞ്ഞപ്പോള്‍ ഇത്ര മോശപ്പെട്ട വ്യക്തി വേറെയില്ലെന്ന് ബോധ്യമായെന്നും യോഗരാജ് കൂട്ടിച്ചേര്‍ത്തു.
2011 ലോകകപ്പ് ഫൈനലില്‍ യുവരാജിനെ മറികടന്ന് ധോണി ബാറ്റിംഗിനെത്തിയത് ഹീറോ ആകാന്‍ വേണ്ടിയാണ്. കഴിഞ്ഞ ലോകകപ്പ് സെമിഫൈനലില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരേ ധോണി എന്തുകൊണ്ടു ബാറ്റ് ചെയ്യാന്‍ നേരത്തേ എത്തിയില്ലെന്നും യോഗരാജ് ചോദിച്ചു. അദ്ദേഹം സ്വയം ഹീറോയായി കരുതുന്നുണ്‌ടെങ്കില്‍ ആറാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ വരാതെ നേരത്തെ എത്തി ടീമിനെ ജയിപ്പിക്കണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ലോകകപ്പ് ടീമില്‍നിന്നു യുവരാജിനെ ഒഴിവാക്കിയതിനു പിന്നില്‍ ധോണിയാണെന്ന് യോഗരാജ് മുന്‍പും ആരോപിച്ചിരുന്നു. എന്നാല്‍ ആരോപണം തള്ളി യുവരാജ് ഉടന്‍ തന്നെ രംഗത്തുവരുകയും ചെയ്തു. പിതാവ് പെട്ടന്നുള്ള ദേഷ്യത്തില്‍ പറഞ്ഞതാണെന്നും ധോണിയുടെ കീഴില്‍ കളിച്ചത് എന്നും ആസ്വദിച്ചിട്ടുണ്‌ടെന്നുമാണു യുവരാജ് അന്ന് വ്യക്തമാക്കിയത്.
















