ക്വാലാലമ്പൂര്‍: സുല്‍ത്താന്‍ അസ്‌ലന്‍ഷാ ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് തോല്‍വി. ന്യൂസിലാന്‍ഡിനോടാണ് ഇന്ത്യ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഇന്നലെ തോല്‍വി വഴങ്ങിയത്. ആദ്യ രണ്ട് ക്വാര്‍ട്ടറുകളിലും ഇരുടീമുകളും ഗോള്‍ നേടുന്നതില്‍ പരാജയപ്പെട്ടു. മൂന്നാം ക്വാര്‍ട്ടറില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം വേടി.
38-ാം സുന്ദരമായ ഫീല്‍ഡ് ഗോളിലൂടെ ലക്ഷ്യത്തിലെത്തിച്ച് ക്യാപ്റ്റന്‍ ചില്‍ഡ് സിമോണാണ് ന്യൂസിലാന്‍ഡിന് ലീഡ് നേടിക്കൊടുത്തത്. അഞ്ച് മിനിറ്റിനുശേഷം ആകാശ് ദീപ് സിംഗ് പെനാല്‍റ്റി കോര്‍ണറിലൂടെ നേടിയ ഗോളിന് ഇന്ത്യ സമനില പിടിക്കുകയും ചെയ്തു. എന്നാല്‍ നാലാം ക്വാര്‍ട്ടറില്‍ ആന്‍ഡി ഹെയ്‌വാര്‍ഡ് പെനാല്‍റ്റി കോര്‍ണര്‍ മുതലാക്കി ന്യൂസിലാന്‍ഡിന്റെ വിജയഗോള്‍ നേടുകയും ചെയ്തു. പിന്നീട് അവസാന മിനിറ്റുകളില്‍ ഗോള്‍ മടക്കാന്‍ ഇന്ത്യ കിണഞ്ഞു ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
കഴിഞ്ഞ ദിവസം നടന്ന ആദ്യ മത്സരത്തില്‍ ഇന്ത്യ കൊറിയയുമായി 2-2ന് സമനില പാലിച്ചിരുന്നു. ന്യൂസിലാന്‍ഡിന്റെ തുടര്‍ച്ചയായ രണ്ടാം വിജയമാണിത്. ആദ്യ ദിവസം ആതിഥേയരായ മലേഷ്യയെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയിരുന്നു.
















