കൊച്ചി: പ്രഥമ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ മിന്നിത്തിളങ്ങിയ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഇയാന്‍ ഹ്യൂം, അത്‌ലറ്റികോ ഡി കൊല്‍ക്കത്തയുടെ ഫിക്രു ടെഫേര, മുംബൈ സിറ്റിയുടെ നിക്കോളാസ് അനല്‍ക്ക, ആന്ദ്രെ മോറിറ്റ്‌സ് തുടങ്ങിയ സൂപ്പര്‍താരങ്ങള്‍ ഇത്തവണ അതാത് ടീമില്‍ ഉണ്ടാകുമെന്ന് ഉറപ്പില്ല. ഹ്യൂമിന്റെ മികവിലാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് ആദ്യ സൂപ്പര്‍ ലീഗിന്റെ ഫൈനലില്‍ കളിച്ചതെങ്കില്‍ അത്‌ലറ്റികോ കിരീടം നേടുന്നതില്‍ ഫിക്രു ടെഫേരയുടെ പങ്ക് നിര്‍ണായകമായിരുന്നു.
മലയാളികളുടെ പ്രിയപ്പെട്ട ഹ്യൂമേട്ടനായി മാറിയ ഇയാന്‍ ഹ്യൂം ഉള്‍പ്പടെ എട്ടു സൂപ്പര്‍ താരങ്ങള്‍ക്കാണ് ഇഷ്ട ടീം തെരഞ്ഞെടുക്കാന്‍ ഐഎസ്എല്‍ അധികൃതര്‍ അനുമതി നല്‍കിയിരിക്കുന്നത്. ഇതോടെ കൂടുതല്‍ പണം മുടക്കുന്നവര്‍ ഹ്യൂം അടക്കമുള്ള സൂപ്പര്‍ താരങ്ങളെ റാഞ്ചുമെന്ന് ഉറപ്പായി. രണ്ടാം സീസണില്‍ ഹ്യൂമിനെ ടീമില്‍ പിടിച്ചു നിര്‍ത്താന്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് കൂടുതല്‍ പണം മുടക്കേണ്ടി വരും. ഫിക്രുവും നിക്കോളസ് അനല്‍ക്കയും ടീം മാറ്റത്തിന് ശ്രമിക്കുന്നുണ്ട്.
ഇതിനിടെ കനേഡിയന്‍ സ്‌ട്രൈക്കര്‍ ഹ്യൂമിന് ഒരു ലക്ഷം ഡോളര്‍ (60 ലക്ഷം രൂപ) വരെ നല്‍കാന്‍ ബ്ലാസ്‌റ്റേഴ്‌സ് തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്. നിലവില്‍ ഹ്യൂമിന്റെ പ്രതിഫലം 58,125 ഡോളര്‍ (35 ലക്ഷം) ആണ്. ഐഎസ്എല്ലിലെ പ്രകടനത്തെ തുടര്‍ന്ന് ഒരു ഇടവേളയ്‌ക്കുശേഷം ഹ്യൂം കാനഡ ദേശീയ ടീമില്‍ ഇടംപിടിക്കുകയും ചെയ്തിരുന്നു.
തങ്ങള്‍ നല്‍കിയ വാഗ്ദാനത്തേക്കാള്‍ കൂടിയ തുക നല്‍കാന്‍ മറ്റു ഫ്രാഞ്ചൈസികള്‍ തയ്യാറായാല്‍ ഹ്യൂമിന് കേരള ബ്ലാസ്‌റ്റേഴ്‌സ് വിടാനുള്ള അനുവാദം ടീം ഉടമകള്‍ നല്‍കിയിട്ടുണ്ട്. ഇതില്‍ കൂടുതല്‍ തുക മുടക്കി ഹ്യൂമിനെ ടീമില്‍ പിടിച്ചു നിര്‍ത്തില്ലെന്നാണ് ബ്ലാസ്‌റ്റേഴ്‌സ് അധികൃതര്‍ വ്യക്തമാക്കിയത്. ഹ്യൂം നടത്തിയ മിന്നു പ്രകടനമാണ് ഡേവിഡ് ജെയിംസിനെയും സംഘത്തെയും ഫൈനലില്‍ എത്തിച്ചത്. പ്രഥമ ഐഎസ്എല്ലിലെ മികച്ച താരത്തിനായി നടത്തിയ വോട്ടെടുപ്പില്‍ ഹ്യൂം മുന്നിലെത്തിയിരുന്നു. ഹ്യൂം നിലവില്‍ ഇംഗ്ലണ്ടിലെ ട്രാന്‍മറെ റോവേഴ്‌സ് ക്ലബിന് വേണ്ടി കളിക്കുകയാണ്. 16 കളികളില്‍ നിന്ന് അഞ്ച് ഗോളുകളാണ് മലയാളികളുടെ സ്വന്തം ഹ്യൂമേട്ടനായി മാറിയ ഈ കനേഡിയന്‍ താരം ആദ്യ ഐഎസ്എല്ലില്‍ നേടിയത്.
ഫിക്രുവിന്റെ തകര്‍പ്പന്‍ പ്രകടനത്തിന്റെ കരുത്തിലായിരുന്നു അത്‌ലറ്റികോ ഡി കൊല്‍ക്കത്തയുടെ കുതിപ്പ്. 12 കളികളില്‍ നിന്ന് അഞ്ച് ഗോളുകള്‍ നേടിയ ഫിക്രു നിരവധി ഗോളുകള്‍ക്ക് അവസരമൊരുക്കുകയും ചെയ്ത താരമാണ്.
ഹ്യൂമിനും ഫിക്രുവിനും നിക്കോളസ് അനല്‍ക്കയ്‌ക്കും പുറമേ ജോഫ്രി മത്തേയു ഗോണ്‍സാലസ് (അത്‌ലറ്റികോ ഡി. കൊല്‍ക്കത്ത), ബ്രൂണോ ഹെരീരോ ആര്യാസ്, ക്രിസ്‌റ്റോഫ് വാന്‍ ഹൗട്ട് , വിം റെയ്‌േമക്കേഴ്‌സ് (ദല്‍ഹി ഡയ്‌നാമോസ്), ആന്ദ്രേ മോറിസ് (മുംബൈ സിറ്റി), ജെര്‍മിയന്‍ പെന്നറ്റ്, ബ്രൂണോ സിറില്ലോ, ക്രിസ്റ്റ്യന്‍ വാഡസ് (പൂനെ സിറ്റി) എന്നിവര്‍ക്കും ഇഷ്ട ടീമിനെ തെരഞ്ഞെടുക്കാന്‍ ഐഎസ്എല്‍ അധികൃതര്‍ അനുമതി നല്‍കിയിട്ടുണ്ട്.
















