കൊച്ചി: കേരള അണ്ടര്‍ 14, അണ്ടര്‍ 19 ക്രിക്കറ്റ് ടീമുകള്‍ക്കെതിരെ കളിക്കാനെത്തിയ ഓസ്‌ട്രേലിയന്‍ റൗണ്ടന്‍കോ ക്രിക്കറ്റ് അക്കാദമിക്ക് പരാജയം. രണ്ട് വിഭാഗത്തിലും കേരള യുവതാരങ്ങള്‍ ആധികാരികമായ വിജയം സ്വന്തമാക്കി. അണ്ടര്‍ 19 വിഭാഗത്തില്‍ കേരളം എട്ട് വിക്കറ്റിനും അണ്ടര്‍ 14 വിഭാഗത്തില്‍ 184 റണ്‍സിനുമാണ് റൗണ്ടന്‍കോ ക്രിക്കറ്റ് അക്കാദമി പരാജയപ്പെട്ടത്.
ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന അണ്ടര്‍ 19 വിഭാഗത്തില്‍ ആദ്യം ബാറ്റ് ചെയ്ത റൗണ്ടന്‍കോ ക്രിക്കറ്റ് അക്കാദമി 50 ഓവറില്‍ 9 വിക്കറ്റിന് 189 റണ്‍സെടുത്തപ്പോള്‍ കേരളം 28.4 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സെടുത്താണ് എട്ട് വിക്കറ്റിന്റെ വിജയം സ്വന്തമാക്കിയത്. കേരളത്തിന് വേണ്ടി രോഹന്‍ (78 നോട്ടൗട്ട്), സല്‍മാന്‍ (48 നോട്ടൗട്ട്) എന്നിവര്‍ മികച്ച ബാറ്റിംഗ് നടത്തി. ബൗളിംഗില്‍ അഖില്‍ 29 റണ്‍സിന് നാലും അക്ഷയ് 28ന് രണ്ടും വിക്കറ്റുകള്‍ വീഴ്‌ത്തി.
കാക്കനാട് രാജഗിരി കോളേജ് ഗ്രൗണ്ടില്‍ നടന്ന കളിയില്‍ ആദ്യം ബാറ്റ് ചെയ്ത കേരളം 40 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 306 റണ്‍സെടുത്തു. എസ്. അര്‍ജുന്‍ 83ഉം വിഘ്‌നേഷ് സന്തോഷ് 78ഉം അര്‍ജുന്‍.ജെ. പുറത്താകാതെ 39ഉം റണ്‍സ് നേടി.പിന്നീട് മഴകാരണം സന്ദര്‍ശകരുടെ ലക്ഷ്യം 35 ഓവറില്‍ 269 റണ്‍സായി പുനര്‍നിര്‍ണയിച്ചു. എന്നാല്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 80 റണ്‍സെടുക്കാനേ റൗണ്ടന്‍കോ ക്രിക്കറ്റ് അക്കാദമിക്ക് കഴിഞ്ഞുള്ളൂ.
















