മിയാമി: മിയാമി ടെന്നീസ് കിരീടം ലോക ഒന്നാം നമ്പര്‍ സെര്‍ബിയയുടെ നൊവാക് ഡോക്കോവിച്ച് സ്വന്തമാക്കി. ഇന്നലെ നടന്ന ഫൈനലില്‍ ബ്രിട്ടീഷ് താരം ആന്‍ഡി മുറെയെ മൂന്ന് സെറ്റ് നീണ്ട വാശിയേറിയ പോരാട്ടത്തിനൊടുവില്‍ കീഴടക്കിയാണ് ഡോക്കോവിച്ച് കിരീടം നിലനിര്‍ത്തിയത്. സ്‌കോര്‍: 7-6 (7-3), 4-6, 6-0. ഇത് അഞ്ചാം തവണയാണ് ഡോക്കോവിച്ച് ഇവിടെ കിരീടം ചൂടുന്നത്.
ആദ്യ സെറ്റില്‍ ഇരുതാരങ്ങളും ഒപ്പത്തിനൊപ്പം മുന്നേറിയതോടെ ടൈബ്രേക്കറിലാണ് ഡോക്കോ സ്വന്തമാക്കിയത്. എന്നാല്‍ രണ്ടാം സെറ്റില്‍ തകര്‍പ്പന്‍ ഫോമിലേക്കുയര്‍ന്ന മുറെ നാല് ഗെയിം മാത്രം വിട്ടുകൊടുത്ത് സ്വന്തമാക്കി. നിര്‍ണായകമായ മൂന്നാം സെറ്റില്‍ മുറെയെ നിഷ്പ്രഭനാക്കി ഒരു ഗെയിം പോലും വിട്ടുകൊടുക്കാതെയായിരുന്നു ഡോക്കോവിച്ച് സ്വന്തമാക്കിയത്. രണ്ടാഴ്ച മുന്‍പ് ഇന്ത്യന വെല്‍സിലും ഡോക്കോവിച്ച് മുറെയെ കീഴടക്കിയിരുന്നു. ഇരുവരും തമ്മില്‍ ഏറ്റുമുട്ടിയ 26 മത്സരങ്ങളില്‍ 18 എണ്ണത്തിലും ഡോക്കോക്കായിരുന്നു വിജയം.
ഡോക്കോവിച്ചിന്റെ കരിയറിലെ 51-ാം കിരീടമാണിത്. മാത്രമല്ല ജയത്തോടെ ലോക ഒന്നാം റാങ്കില്‍ തുടര്‍ച്ചയായ 141 ആഴ്ച പിന്നിട്ട് റാഫേല്‍ നഡാലിനൊപ്പമെത്തുകയും ചെയ്തു ഡോക്കോവിച്ച്. ഫൈനലില്‍ തോറ്റെങ്കിലും മുറെ റാങ്കിംഗില്‍ നാലാം സ്ഥാനത്ത് നിന്ന് മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു.
അതേസമയം വനിതാ ഡബിള്‍സില്‍ ഇന്ത്യയുടെ സാനിയ മിര്‍സ-സ്വിറ്റ്‌സര്‍ലന്‍ഡ് താരം മാര്‍ട്ടിന ഹിംഗിസ് സഖ്യം ജേതാക്കളായി. ഫൈനലില്‍ റഷ്യന്‍ ജോഡികളായ ഏകത്‌റീന മകരോവ-എലേന വെസ്‌നി സഖ്യത്തെ 7-5, 6-1 എന്ന സ്‌കോറിന് തകര്‍ത്താണ് സാനിയ സഖ്യം കിരീടം ചൂടിയത്. ആദ്യ സെറ്റില്‍ 2-5ന് പിന്നിട്ടുനിന്നശേഷമായിരുന്നു സാനിയ-ഹിംഗിസ് സഖ്യത്തെ കുതിപ്പ്.
രണ്ടാഴ്ച മുന്‍പ് ഇന്ത്യന്‍ വെല്‍സ് ടെന്നീസ് ചാമ്പ്യന്‍ഷിപ്പിലും സാനിയ-ഹിംഗ്‌സ് ജോഡി ജേതാക്കളായിരുന്നു. കഴിഞ്ഞ വര്‍ഷം ഹിംഗ്‌സ് ജര്‍മ്മന്‍ താരം സബിന ലിസിക്കിയുമായി ചേര്‍ന്നും ഇവിടെ ചാമ്പ്യനായിരുന്നു. സാനിയയുടെ കരിയിലെ 25-ാമത് ഡബ്ല്യുടിഎ ഡബിള്‍ കിരീടമാണിത്.
















