ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടത്തിലേക്ക് ചെല്‍സി ഒരുചുവടുകൂടി അടുത്തു. സ്വന്തം തട്ടകത്തില്‍ സ്റ്റോക്ക് സിറ്റിയെ ബ്ലൂസ് തുരത്തി (2-1). ഈഡന്‍ ഹസാര്‍ഡും ലോയിക് റെമിയും ചെല്‍സിക്കുവേണ്ടി മൂര്‍ച്ചകാട്ടി. 65 വാര അകലെ നിന്നു സൃഷ്ടിച്ച അത്ഭുതഗോളിലൂടെ സ്‌റ്റോക്കിന്റെ ചാര്‍ളി ആദം യഥാര്‍ത്ഥ താരമായെന്നതും മത്സരത്തിന്റെ സവിശേഷത.
പേശിവലിവുമൂലം വലയുന്ന സൂപ്പര്‍ സ്‌ട്രൈക്കര്‍ ഡീഗോ കോസ്റ്റയെ കരയ്‌ക്കിരുത്തിയാണ് ഹോസെ മൗറീഞ്ഞോ സ്‌റ്റോക്കിനോട് ഇടയാന്‍ പിള്ളാരെ ഇറക്കിവിട്ടത്. ആദ്യ അരമണിക്കൂറില്‍ അത്ഭുതമൊന്നും സംഭവിച്ചില്ല. ഒന്നാം പകുതി തീരാന്‍ ആറു മിനിറ്റുകള്‍ മാത്രം അവശേഷിക്കെ ചെല്‍സി ആധിപത്യം നേടുകതന്നെ ചെയ്തു. പന്തിനായുള്ള മല്ലിടലിനിടെ സെസ്‌ക് ഫാബ്രെഗസിനെ ഫൗള്‍ ചെയ്ത ഫിലിപ്പ് വോള്‍സ്‌ചെയ്ഡ് ചെല്‍സിക്ക് പെനാല്‍റ്റി ദാനം നല്‍കി. കിക്കെടുത്ത ഹസാര്‍ഡ് കൂളായി ഫിനിഷ് ചെയ്തു (1-0).
സ്‌റ്റോക്കിന് തിരിച്ചുവരവുണ്ടാകില്ലെന്ന് ഗാലറി കരുതി. എന്നാല്‍ ആദം ഒറ്റയ്‌ക്കു കളിതിരിച്ചു. 44-ാം മിനിറ്റില്‍ സ്വന്തം പകുതിയില്‍വച്ചു പന്തു പിടിച്ച ആദം ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും മനോഹരമായ ലോങ് റേഞ്ചിലൂടെ ചെല്‍സിയുടെ നെഞ്ചകം പിളര്‍ത്തി (1-1).
രണ്ടാം പകുതിയില്‍ ഓസ്‌കറിനു പകരം കോസ്റ്റ ചെല്‍സിക്കായിറങ്ങി. എന്നാല്‍ പതിനൊന്നു മിനിറ്റുകള്‍ക്ക് ശേഷം താരത്തിന് മുടന്തിക്കൊണ്ട് കരകയറേണ്ടിവന്നു. ദിദിയര്‍ ദ്രോഗ്ബയായിരുന്നു കോസ്റ്റയുടെ പകരക്കാരന്‍.
ആകാംഷയ്‌ക്ക് വിരാമമിട്ട് 62-ാം മിനിറ്റില്‍ റെമി സ്‌കോര്‍ ഷീറ്റില്‍. വില്യന്‍ നല്‍കിയ പാസുമായി പെനാല്‍റ്റി ഏരിയയിലേക്ക് കുതിച്ച ഹസാര്‍ഡ് തളികയിലെന്നോളം നല്‍കിയ പന്ത് റെമി ലക്ഷ്യത്തിലെത്തിക്കുമ്പോള്‍ ചെല്‍സിയുടെ വിജയാരവം (2-1). 70 പോയിന്റുമായി ചെല്‍സി ഒന്നാം സ്ഥാനത്ത് കൂടുതല്‍ കരുത്തോടെ നിലകൊണ്ടു. ആഴ്‌സനല്‍ (63 പോയിന്റ്), മാഞ്ചസ്റ്റര്‍ യുണൈറ്റഡ് (62) തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.
മറ്റു മത്സരങ്ങളില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആസ്റ്റണ്‍ വില്ലയെയും (3-1) സ്വാന്‍സി ഹള്‍ സിറ്റിയെയും (3-1) ക്യൂപിആര്‍ വെസ്റ്റ്‌ബ്രോമിനെയും (4-1) എവര്‍ട്ടന്‍ സതാംപ്റ്റനെയും (1-0) ലെയ്‌സെസ്റ്റര്‍ സിറ്റി വെസ്റ്റ് ഹാമിനെയും (2-1) തോല്‍വിയറിയിച്ചു.
മാന്‍.യുവിനായി ആന്‍ഡെര്‍ ഹെരേരയും (43, 90) വെയ്ന്‍ റൂണിയും (79) ആസ്റ്റണ്‍ വില്ലയുടെ വലകുലുക്കി. ക്രിസ്റ്റ്യന്‍ ബെന്റെകെയുടെ (80) വക വില്ലയുടെ മറുപടി.
















