മാഡ്രിഡ്: സാന്റിയാഗോ ബര്‍ണബ്യൂ ഇന്നലെ അക്ഷരാര്‍ത്ഥത്തില്‍ ഗോള്‍ മഴയില്‍ കുളിച്ചു. സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ വക അഞ്ചെണ്ണം, കരീം ബെന്‍സേമയ്‌ക്ക് ഡബിള്‍, ഗാരെത് ബെയ്‌ലിനും ഒരു ഗോള്‍. അതിനൊപ്പം മെയ്ന്‍സിന്റെ സെല്‍ഫും ചേര്‍ന്നപ്പോള്‍ റയല്‍ മാഡ്രിഡിന് ഏറെ നാളിനുശേഷം സ്പാനിഷ് ലീഗില്‍ പേരിനൊത്തൊരു ജയം. ഇഞ്ചോടിഞ്ച് അങ്കം മുറുകുന്ന ലീഗില്‍ ഒന്നിനെതിരെ ഒമ്പതു ഗോളുകള്‍ക്ക് ഗ്രനാഡയെയാണ് ക്രിസ്റ്റിയാനോയും കൂട്ടരും കശക്കിയെറിഞ്ഞത്. റോബര്‍ട്ട് ഇബാനെസിന്റെ സ്‌ട്രൈക്ക് ഗ്രനാഡയുടെ മുറിവില്‍ തട്ടിയ ഇളംതെന്നലായി.
തുടക്കത്തിലെ താളപ്പിഴകള്‍ക്കുശേഷമായിരുന്നു സന്ദര്‍ശകരുടെ വലയെ റയല്‍ ഗോള്‍ കൊണ്ടുനിറച്ചത്. പൊസഷന്‍ കൈയടക്കിയെങ്കിലും മിസ് പാസുകളും ഓഫ്‌സൈഡ് കൊടികളും ഏറെക്കണ്ടു ആദ്യ വേളകളില്‍ റയല്‍. പക്ഷേ 25-ാം മിനിറ്റില്‍ ബെയ്ല്‍ വെടിപൊട്ടിച്ചതോടെ മത്സരഗതി മാറിമറിഞ്ഞു. 30, 36, 38 മിനിറ്റുകളിലായി ക്രിസ്റ്റിയാനോ റയലിന്റെ കുപ്പായത്തിലെ തന്റെ ഏറ്റവും വേഗമേറിയ ഹാട്രിക്ക് കുറിച്ചു; ലാ ലീഗയിലെ 24-ാമത്തെയും. അളന്നുമുറിച്ച ഫിനിഷിങ്ങിലൂടെ സിആര്‍7 എതിര്‍പാളയത്തെ ഭീതിയിലാഴ്‌ത്തിയ നിമിഷങ്ങള്‍ക്കൊടുവില്‍ ഒരു പകുതിയുടെ അന്ത്യം.
രണ്ടാം പകുതിയില്‍ ബെന്‍സേമ (52-ാം മിനിറ്റ്) സ്‌കോറിങ്ങിന് തുടക്കമിട്ടു. പിന്നാലെ ക്രിസ്റ്റിയാനോയുടെ (54) നാലാം ഗോളിന്റെ പിറവി. ബെന്‍സേമയും അടങ്ങിയില്ല. രണ്ടു മിനിറ്റുകള്‍ കൂടി പിന്നിടുമ്പോള്‍ ഫ്രഞ്ച് സ്‌ട്രൈക്കര്‍ ഡബിള്‍ തികച്ചു.
തുടര്‍ന്നെല്ലാം വെറും ചടങ്ങുകള്‍. എങ്കിലും 74-ാം മിനിറ്റില്‍ ഇബാനെസ് ഗ്രനാഡയ്‌ക്കുവേണ്ടി ഒരെണ്ണം മടക്കി. സ്വന്തംവലയില്‍ പന്തുകയറ്റി മെയ്ന്‍സ് ഗ്രനാഡയുടെ നാണക്കേടിന്റെ ആഴം കൂട്ടുന്നത് അടുത്ത ദൃശ്യം. ഒടുവില്‍ ഗോളടിയുടെ പഞ്ചതന്ത്രം പുറത്തെടുത്ത ക്രിസ്റ്റ്യാനോ (89) റയലിന്റെ ചരിത്രത്തിലെ വലിയൊരു ജയത്തിന് അപൂര്‍വ്വ ചാരുതയേകി.
ഇതോടെ ടോപ് സ്‌കോറര്‍മാരുടെ പട്ടികയില്‍ ബദ്ധവൈരിയും ബാഴ്‌സലോണയുടെ തുറുപ്പുചീട്ടുമായ ലയണല്‍ മെസിയെ (32) പിന്തള്ളി ഒന്നാം സ്ഥാനത്ത് നിലയുറപ്പിക്കാനും ക്രിസ്റ്റിയാനോയ്‌ക്ക് (36) സാധിച്ചു. 28 കളികളില്‍ 68 പോയിന്റുള്ള ബാഴ്‌സയാണ് ടേബിളില്‍ ആദ്യം. ഒരു മത്സരം കൂടുതല്‍ കളിച്ച റയല്‍ (67 പോയിന്റ്) രണ്ടാമതുണ്ട്.
കഴിഞ്ഞ ദിവസം നടന്ന മറ്റൊരു പോരാട്ടത്തില്‍ കൊര്‍ഡോബയെ 2-0ന് പരാജയപ്പെടുത്തിയ നിലവിലെ ചാമ്പ്യന്‍ അത്‌ലറ്റിക്കോ മാഡ്രിഡ് മൂന്നാം സ്ഥാനത്ത് നിലയുറപ്പിച്ചു.
അന്റോണിയെ ഗ്രിസ്മാന്‍, സൗള്‍ എന്നിവര്‍ അത്‌ലറ്റിക്കോയുടെ ഗോളടിക്കാര്‍.
















