വേദാന്തത്തെ അധികരിച്ച് പ്രഭാഷണം ചെയ്യുന്നത് എളുപ്പമാണ്. അതിലും എളുപ്പമാണു കേട്ടുകൊണ്ടിരിക്കുന്നത്. എന്നാല്‍ വേദാന്ത സത്യങ്ങളും സാന്മാര്‍ഗ്ഗിക തത്വങ്ങളും ആചരണത്തില്‍ കൊണ്ടുവരുന്നത് ദുഷ്‌ക്കരം തന്നെ. യഥാര്‍ത്ഥ ഭക്തന്മാര്‍ ധര്‍മ്മാനുഷ്ഠാനങ്ങളുടെ വിശുദ്ധിയില്‍ അങ്ങേയറ്റം ശ്രദ്ധാലുക്കളായിരിക്കും.
ഭദ്രമായ സമാചാരാനുഷ്ഠാനത്തിന്റെ അടിത്തറയില്‍ വ്യക്തിത്വത്തെ വീണ്ടും കെട്ടിപ്പടുക്കാതെ ഒരാള്‍ക്ക് അന്തര്‍മാര്‍ഗ്ഗത്തില്‍ പുരോഗമിക്കുക സാദ്ധ്യമല്ല. നിങ്ങളുടെ സ്വഭാവവും ആചരണവും ആത്മീയരക്ഷയ്‌ക്ക് അനുരൂപമായിരിക്കണം. നിങ്ങളുടെ ജീവിതം ധാര്‍മ്മിക പരിമളം പ്രസരിപ്പിക്കുന്നതായിരിക്കണം.
ഈശ്വര സാക്ഷാത്കാരം നേടിയ മഹാത്മാവിന്റെ മുഖാരവിന്ദത്തില്‍ നിന്നായിരിക്കണം സത്യം ശ്രവിക്കേണ്ടത്. നിത്യശുദ്ധമായ ബ്രഹ്മത്തിന്റെ അനുഭൂതിയില്‍ ആ മഹാത്മാവിന്റെ സര്‍വ്വേന്ദ്രിയങ്ങളും പവിത്രമായ ഉപകരണങ്ങളായി രൂപാന്തരപ്പെട്ടിരിക്കുന്നു. പരിപൂര്‍ണമായ വാഗിന്ദ്രിയം വഴി അദ്ദേഹം ശിഷ്യനിലേക്ക് തന്റെ അനുഭൂതികളുടെ സത്യസത്ത പകരുന്നു. ഇതാണ് ആത്മോപനയനം അഥവാ ഉപദേശം എന്ന മംഗളകര്‍മ്മം.
ആന്തരികമായ മൗനത്തിന്റെ വേദിയിലാണ് ബ്രഹ്മാനുഭൂതി ഉണ്ടാകുന്നത്. സ്വാനുഭവത്തിന്റെ ഈ ശക്തി പ്രകടിതരൂപം പൂണ്ടതാണ് മഹാവാക്യം.
ഗുരു ഈ വാക്യം നിയന്ത്രണം ചെയ്യുമ്പോള്‍ അത് ശിഷ്യന്റെ ശ്രവണേന്ദ്രിയത്തിലൂടെ ഉള്ളില്‍ പ്രവേശിച്ച് മനസ്സിന്റെയും കടന്നു പ്രബുദ്ധത സൃഷ്ടിച്ചുകൊണ്ട് ബുദ്ധിയുടെ അഗാധതലങ്ങളില്‍ ചെന്നെത്തുന്നു. ശിഷ്യനു ശ്രദ്ധയും ആദരവും ഇല്ലെങ്കില്‍ അവന്റെ ചിത്തം വികാരങ്ങളുടെ ഒരു നേര്‍ച്ചുഴിയാണെങ്കില്‍ അവന്‍ ഗുരുവിനോടും ഉപദേശവാക്യത്തോടും ഇണങ്ങിച്ചേര്‍ന്നിട്ടില്ലെങ്കില്‍ ഈ പ്രബുദ്ധത ഉദയം ചെയ്യുകയില്ല. അത് അനശ്വരമാണ്. പരിതസ്ഥിതി അനുകൂലമാകുമ്പോള്‍ അതായത് ചിത്തഭൂമി പാകപ്പെട്ട് കഴിയുമ്പോള്‍ മഹാവാക്യമാകുന്ന വിത്ത് നാമ്പിടുകയും ക്രമേണ ജ്ഞാനഫലം വിളയുന്ന കല്പപാദപമായി വളരുകയും ചെയ്യും.
ഗുരു അതുല്യനാണ്. അതുപോലെതന്നെ മഹാവാക്യത്തിന്റെ മഹത്വവും സ്പര്‍ശമണികൊണ്ട്, ഇരുമ്പിനെ സ്പര്‍ശിച്ചാല്‍ ഉടന്‍ അത് സ്വര്‍ണമാകും. പക്ഷേ, അത് ഇരുമ്പിനെ സ്പര്‍ശമണിയാക്കി മാറ്റാറില്ല. എന്നാല്‍ പരമ ഗുരുവാകട്ടെ മഹാവാക്യത്തിന്റെ വിസ്മയകരമായ ശക്തിയാല്‍ ശിഷ്യനെ സ്വരൂപത്തിലേക്ക് പരിവര്‍ത്തനം ചെയ്യിക്കുന്നു.
















