ആലപ്പുഴ: ശാരീരിക വെല്ലുവിളിനേരിടുന്നവര്‍ക്കായി പാണാവള്ളി ഗ്രാമപഞ്ചായത്ത് സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന മുച്ചക്രവാഹനങ്ങള്‍ വിതരണം ചെയ്തു. പാണാവള്ളി ഗ്രാമപഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതിയില്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കിയത്. അംഗവൈകല്യമുള്ളവര്‍ക്ക് യാത്രയ്‌ക്കിടെ വിവിധ തരം ജോലികള്‍ ചെയ്യാവുന്ന തരത്തിലാണ് വാഹനത്തിന്റെ രൂപകല്‍പ്പന.
വാഹനത്തിന്റെ മുകള്‍ഭാഗത്ത് സ്ഥാപിച്ചിരിക്കുന്ന രണ്ടു സൗരോര്‍ജ പാനലില്‍ സംഭരിക്കുന്ന ഊര്‍ജത്തിലാണ് വാഹനം പ്രവര്‍ത്തിക്കുന്നത്. നേരിട്ട് പതിക്കുന്ന സൗരോര്‍ജം വാഹനത്തിന്റെ കണ്‍ട്രോള്‍ യൂണിറ്റിലേക്കും അതില്‍നിന്നും വാഹനത്തിന്റെ മോട്ടോറിലേക്കും പ്രവഹിക്കും. വെയിലുള്ളപ്പോള്‍ തത്‌സമയം പ്രവര്‍ത്തിക്കുന്നതോടൊപ്പം ഘടിപ്പിച്ചിരിക്കുന്ന ബാറ്ററിയിലും ചാര്‍ജ് സംഭരിക്കും. 30-40 കിലോമീറ്റര്‍ വേഗതയില്‍ വരെ യാത്രചെയ്യാം. വൈദ്യുതിയില്‍ ബാറ്ററി ചാര്‍ജ് ചെയ്തും വാഹനം പ്രവര്‍ത്തിപ്പിക്കാം.
കെല്‍ട്രോണ്‍ വഴിയാണ് വാഹനം പാണാവള്ളി പഞ്ചായത്ത് ലഭ്യമാക്കിയത്. പാണാവള്ളി ഗ്രാമപഞ്ചായത്ത് 10-ാംവാര്‍ഡ് കൊച്ചുപെണ്ണ് വെളിവീട്ടില്‍ രമേശന്‍ (40), 11-ാംവാര്‍ഡ് കരീത്തറയില്‍ സഹദേവന്‍(49) എന്നിവര്‍ക്കാണ് വാഹനം വിതരണം ചെയ്തത്. എസ്‌സി വിഭാഗത്തിലെ മൂന്നു യുവാക്കള്‍ക്ക് നാലുചക്ര സ്‌കൂട്ടറുകളും വിതരണം ചെയ്തു. പാണാവള്ളി കോലോത്തുമഠത്തില്‍ രാജേഷ്, പത്തുതെങ്ങുംതറയില്‍ ഷാജി, മൂപ്പില്‍ച്ചിറയില്‍ ജ്യോതിഷ് എന്നിവര്‍ക്കാണ് നാലുചക്രസ്‌കൂട്ടറുകള്‍ വിതരണം ചെയ്തത്.
















