കോഴിക്കോട്: മലയാള സിനിമാ ലോകത്തെ നിത്യഹരിത നായകൻ പ്രേം നസീറിന്റെ മൂത്ത മകൾ ലൈല റഷീദ് (76) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ബുധനാഴ്ച വൈകുന്നേരത്തോടെയായിരുന്നു അന്ത്യം. ഏറെ നാളുകളായി കോഴിക്കോട് പഴയഞ്ചേരിയിലെ ‘സോജിത്’ എന്ന വസതിയിലായിരുന്നു ഇവർ താമസിച്ചിരുന്നത്.
1954 ഓഗസ്റ്റ് 24-ന് തിരുവനന്തപുരത്തെ ചിറയിൻകീഴിലായിരുന്നു ലൈലയുടെ ജനനം. കോഴിക്കോട്ടെ വീട്ടിലെ പൊതുദർശനത്തിന് ശേഷം ഭൗതികശരീരം തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും. ഇന്ന് വൈകിട്ട് നാല് മണിക്ക് തിരുവനന്തപുരം മംഗലപുരം കോറക്കോട് ജുമാ മസ്ജിദ് ഖബർസ്ഥാനിലാണ് കബറടക്കം നിശ്ചയിച്ചിരിക്കുന്നത്.
പൊതുമരാമത്ത് വകുപ്പ് മുൻ സൂപ്രണ്ടിംഗ് എഞ്ചിനീയറായിരുന്ന പരേതനായ ഇ.എ റഷീദാണ് ലൈലയുടെ ഭർത്താവ്. സജിത് ഖാൻ, സോജ എന്നിവർ മക്കളും, വി. നൗഷാദ്, നസ്രീൻ എന്നിവർ മരുമക്കളുമാണ്. റസിയ ഹാഷിം, റീത ഷറഫുദ്ദീൻ, പരേതനായ നടൻ ഷാനവാസ് എന്നിവർ സഹോദരങ്ങളാണ്.











