വെല്ലിംഗ്ടണ്‍: ലോകകപ്പ് ഫൈനലില്‍ ന്യൂസിലാന്‍ഡ് പരാജയപ്പെട്ടതിനു പിന്നാലെ ഓള് റൗണ്ടര്‍ ഡാനിയേല്‍ വെട്ടോറി ക്രിക്കറ്റിനോട് വിടപറഞ്ഞു. 18 വര്‍ഷം നീണ്ട കരിയറിനാണ് ഇതോടെ തിരശ്ശീലവീണത്. ലോകകപ്പ് ക്രിക്കറ്റില്‍ ന്യൂസിലാന്‍ഡ് ടീം ഫൈനലില്‍ എത്തിയതില്‍ ആഹ്ലാദമുണ്ടെന്നും ടീമിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും വെട്ടോറി പറഞ്ഞു. ഇക്കഴിഞ്ഞ ലോകകപ്പില്‍ ഒന്‍പത് മല്‍സരങ്ങളില്‍ നിന്ന് 15 വിക്കറ്റുകള്‍ മുപ്പത്തിയാറുകാരനായ വെട്ടോറി നേടിയിരുന്നു.
2012-ല്‍ ക്രിക്കറ്റിനോട് വിടപറഞ്ഞ വെട്ടോറിയോട് തീരുമാനം മാറ്റി വീണ്ടും രാജ്യത്തിനായി കളിക്കണമെന്ന് ന്യൂസിലാന്‍ഡ് ക്രിക്കറ്റ് അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്നാണ് കഴിഞ്ഞ വര്‍ഷം വീണ്ടും ദേശീയ ടീമിനായി കളിക്കാനിറങ്ങിയത്.
1997-ല്‍ തന്റെ 18-ാം വയസ്സില്‍ ഇംഗ്ലണ്ടിനെതിരെ ടെസ്റ്റിലും ശ്രീലങ്കക്കെതിരെ ഏകദിനത്തിലും വെട്ടോറി അരങ്ങേറ്റം കുറിച്ചു. ന്യൂസിലാന്‍ഡിന് വേണ്ടി ടെസ്റ്റില്‍ അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായിരുന്നു വെട്ടോറി. ന്യൂസിലാന്‍ഡിനായി ഏറ്റവും കൂടുതല്‍ ടെസ്റ്റ്, ഏകദിനങ്ങള്‍ കളച്ച താരമാണണ് വെട്ടോറി. 113 ടെസ്റ്റുകളിലും 295 ഏകദിനങ്ങളിലുമാണ് വെട്ടോറി ന്യൂസിലാന്‍ഡ് ജേഴ്സി അണിഞ്ഞിട്ടുള്ളത്. 2007 മുതല്‍ 2011 ലോകകപ്പ് വരെ ന്യൂസിലാന്‍ഡ് ടീം നായകനുമായിരുന്നു ഈ ഇടംകയ്യന്‍ ഓള് റൗണ്ടര്‍. 32 ടെസ്റ്റുകളിലും 82 ഏകദിനങ്ങളിലുമാണ് വെട്ടോറി കിവികളെ നയിച്ചിട്ടുള്ളത്. 34 ട്വന്റി 20യിലും കളിച്ച വെട്ടോറി 38 വിക്കറ്റുകളും 205 റണ്‍സും സ്വന്തമാക്കിയിട്ടുണ്ട്.
ഏകദിനത്തില്‍ 305 വിക്കറ്റും ടെസ്റ്റില്‍ 362 വിക്കറ്റുമാണ് വെട്ടോറിയുടെ സമ്പാദ്യം. ഏകദിനത്തിലും ടെസ്റ്റിലും 300ല്‍ അധികം വിക്കറ്റുകള്‍ നേടുന്ന ഒമ്പതാമത്തെ ക്രിക്കറ്ററാണ് വെട്ടോറി. റിച്ചാര്‍ഡ് ഹാഡ്ലിക്കുശേഷം ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തിയ താരവുമാണ് വെട്ടോറി.
113 ടെസ്റ്റുകൡലെ 174 ഇന്നിംഗ്സില്‍ നിന്നുമായി ആറ് സെഞ്ചുറിയും 23 അര്‍ദ്ധസെഞ്ചുറിയുമടക്കം 4531 റണ്‍സും ഏകദിനത്തില്‍ നാല് അര്‍ദ്ധസെഞ്ചുറിയടക്കം 2253 റണ്‍സും വെട്ടോറി നേടിയിട്ടുണ്ട്.
















