മെല്‍ബണ്‍: ഓസ്‍ട്രേലിയന്‍ നായകന്‍ മൈക്കല്‍ ക്ലാര്‍ക്ക് ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു. നാളത്തെ ലോകകപ്പ് ഫൈനലായിരിക്കും ക്ലാര്‍ക്കിന്റെ അവസാന ഏകദിന മത്സരം. ടെസ്റ്റ് ക്രിക്കറ്റില്‍ തുടരുമെന്നും ക്ലാര്‍ക്ക് പറഞ്ഞു.
മാസങ്ങളായി ഫോമില്‍ അല്ലാത്ത ക്ലാര്‍ക്കിനെ പരുക്കും അലട്ടിയിരുന്നു. ഭാരതത്തിന് എതിരായ ടെസ്റ്റ് പരമ്പയില്‍ മികച്ച പ്രകടനം നടത്താന്‍ ക്ലാര്‍ക്കിന് കഴിഞ്ഞിരുന്നില്ല. ലോകകപ്പിന് മുന്‍പ് അരങ്ങേറിയ ത്രിരാഷ്‌ട്ര പരമ്പരയും പരുക്കിനെ തുടര്‍ന്ന് ക്ലാര്‍ക്കിന് നഷ്ടമായിരുന്നു.
ഓസ്‍ട്രേലിയക്കു വേണ്ടി 244 ഏകദിന മത്സരങ്ങളിലാണ് ക്ലാര്‍ക്ക് പങ്കെടുത്തത്. എട്ട് സെഞ്ച്വറികളും 57 അര്‍ദ്ധ സെഞ്ച്വറികളും ഉള്‍പ്പടെ 7907 റണ്‍സ് എടുത്തിട്ടുണ്ട്. ക്ലാര്‍ക്ക് നായകനായ 73 മത്സരങ്ങളില്‍ 49 ലും ഓസ്‌ട്രേലിയ വിജയിച്ചിട്ടുണ്ട്. 2003ല്‍ ഇംഗ്ലണ്ടിനെതിരെയാണ് ക്ലാര്‍ക്ക് ആദ്യമായി രാജ്യാന്തര ഏകദിനമത്സരത്തില്‍ പങ്കെടുത്തത്.
















