തിരുവനന്തപുരം: ജില്ലയിലെ ആദ്യ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് സ്റ്റേഡിയം കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഇന്ന് ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം അതിരൂപതാ ആര്‍ച്ച് ബിഷപ്പ് ഡോ. സൂസപാക്യം, ബിസിസിഐ വൈസ് പ്രസിഡന്റ് ടി.സി. മാത്യു, കെസിഎ സെക്രട്ടറി ടി. എന്‍. അനന്തനാരായണന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.
തുമ്പ സെന്റ് സേവ്യേഴ്സ് കോളേജും കെസിഎയും (കേരള ക്രിക്കറ്റ് അസോസിയേഷന്) സഹകരിച്ചാണ് ഇംഗ്ലണ്ടിലെയും ഓസ്ട്രേലിയയിലെയും കളങ്ങളുടെ മാതൃകയിലെ സ്റ്റേഡിയം നിര്‍മ്മിച്ചിരിക്കുന്നത്.
ഒമ്പത് പിച്ചുകളുള്ള സംസ്ഥാനത്തെ ആദ്യ സ്റ്റേഡിയം കൂടിയായ ഇതിന്റെ നിര്‍മ്മാണത്തിന് ആറ് കോടി രൂപ ചെലവിട്ടു.
പവലിയന് പകരം മണ്ണ് ഉയര്‍ത്തി പുല്ലു പിടിപ്പിച്ച തിട്ടകള്‍ ഒരുക്കിയിട്ടുണ്ട്. ടര്‍ഫില്‍ വച്ചുപിടിപ്പിച്ചിരിക്കുന്നത് ബര്‍മുഡ ഗ്രാസും. ഗ്രൗണ്ടിന്റെ നാല് മൂലകളിലുമായി വെള്ളം പമ്പ് ചെയ്ത് പുല്ല് നനയ്ക്കാന്‍ ആറ് സെക്ടറുകളില്‍ സ്പ്രിംഗറുകളും സ്ഥാപിച്ചിട്ടുണ്ട്.
മഴവെള്ളം കെട്ടിനില്‍ക്കാതെ പതിനഞ്ച് മിനിറ്റിനുള്ളില്‍ തന്നെ താഴ്ന്നിറങ്ങും വിധമാണ് ഗ്രൗണ്ടിന്റെ നിര്‍മ്മാണ ഘടന. ഗ്രൗണ്ടിന്റെയും പ്ലേയേഴ്സ് പവിലിയന്റെയും പണി പൂര്‍ത്തീകരിക്കാന്‍ രണ്ടുവര്‍ഷം വേണ്ടിവന്നു.
















