സര്‍ ഐസക് ന്യൂട്ടന്‍ ലോകപ്രസിദ്ധനായ ശാസ്ത്രജ്ഞനായിരുന്നു. 1642 ഡിസംബര്‍ 25-ാം തീയതിയാണ് അദ്ദേഹത്തിന്റെ ജനനം. ഇരുപത്തിരണ്ടാമത്തെ വയസില്‍ ബീജഗണിതത്തിലെ ദ്വിപദ സിദ്ധാന്തം കണ്ടെത്തി. ഗുരുത്വാകര്‍ഷണ സിദ്ധാന്തം ആവിഷ്‌കരിച്ചതും അദ്ദേഹം തന്നെ. സൂര്യകിരണങ്ങളില്‍ ഏഴുനിറമാണെന്ന തത്ത്വവും അദ്ദേഹം കണ്ടെത്തി. സമുദ്രത്തിലെ വേലിയേറ്റത്തിന്റെ കാരണം വിശദമായി കണ്ടെത്തിയതും അദ്ദേഹം തന്നെ. ന്യൂട്ടന്റെ ബുദ്ധിയില്‍ ഇംഗ്ലണ്ട് ഇന്നും അഭിമാനം കൊള്ളുന്നു. എന്നാലും ന്യൂട്ടന് യാതൊരു വിധത്തിലുമുള്ള അഭിമാനമോ അഹങ്കാരമോ ഉണ്ടായിരുന്നില്ല.
ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റര്‍ പള്ളിയോടനുബന്ധിച്ചാണ് ന്യൂട്ടന്റെ ഭൗതികശരീരം അടക്കം ചെയ്തിട്ടുള്ളത്. അവിടെ നിത്യവും അനേകം സ്ത്രീപുരുഷന്‍മാര്‍ സന്ദര്‍ശനത്തിനെത്തുന്നു. അവര്‍ കുറെനേരം ചിന്താമഗ്നരായി നിലകൊണ്ടശേഷം മടങ്ങിപ്പോകുന്നു. കാരണം വലിയൊരു പ്രതിഭാശാലിയും ചിന്തകനുമായി ജനങ്ങള്‍ അദ്ദേഹത്തെ കാണുന്നു. ഒരിക്കല്‍ വിദൂഷിയായ ഒരു മഹിള ന്യൂട്ടനെ കണ്ട് അദ്ദേഹത്തിന്റെ ബുദ്ധിയെയും പ്രതിഭയെയും അങ്ങേയറ്റം പ്രശംസിച്ചു.
ന്യൂട്ടന്‍ അതിനു മറുപടിയെന്നോണം പറഞ്ഞു:
”സത്യമെന്ന വിശാല സമുദ്രത്തിന്റെ കരയിലെത്തി അവിടത്തെ ചരല്‍ക്കല്ലുകള്‍ പെറുക്കുന്ന ഒരു ബാലനു തുല്യനാണ് ഞാന്‍. എന്റെ വിജ്ഞാനത്തെ സംബന്ധിച്ചിടത്തോളം അതേ പറയാനുള്ളൂ.”
















