മാഡ്രിഡ്: നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡും കരുത്തരായ എഫ്സി പോര്‍ട്ടോയും ചാമ്പ്യന്‍സ് ലീഗ് ഫുട്ബോൡന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു.
ഇന്നലെ സാന്റിയാഗോ ബെര്ണാബ്യൂവില് നടന്ന രണ്ടാം പാദ വാശിയേറിയ പോരാട്ടത്തില്‍ ഷാല്ക്കേയോട് മൂന്നിനെതിരെ നാല് ഗോളുകള്‍ക്ക് പരാജയപ്പെട്ടിട്ടും ആദ്യ പാദത്തിലെ വിജയത്തിന്റെ കരുത്തിലാണ് റയല്‍ മാഡ്രിഡ് അവസാന എട്ടില്‍ ഇടംപിടിച്ചത്. ആദ്യപാദത്തില്‍ 2-0ന്റെ വിജയം സ്വന്തമാക്കിയ റയല്‍ ഇരുപാദങ്ങളിലുമായി 5-4ന്റെ വിജയമാണ് സ്വന്തമാക്കിയത്. രണ്ട് തവണ പിന്നിട്ടുനില്‍ക്കുകയും ഒരിക്കല്‍ മുന്നിലെത്തുകയും ചെയ്തശേഷമാണ് റയല്‍ ഷാല്ക്കേയോട് പരാജയം ഏറ്റുവാങ്ങിയത്. കളിയുടെ സമസ്ത മേഖലകളിലും ഷാല്ക്കേയായിരുന്നു റയലിനേക്കാള്‍ മികച്ചുനിന്നത്. 2015ന് തുടങ്ങിയശേഷം റയലിന്റെ അഞ്ചാം പരാജയമാണിത്.
റയലിനായി സൂപ്പര്‍താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയും ഷാല്ക്കേക്കായി ഹണ്ട്ലറും രണ്ട് ഗോളുകള്‍ നേടി. ഇന്നലത്തെ ഗോളുകളോടെ ചാമ്പ്യന്‍സ് ലീഗില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന ബഹുമതിയും റയലിന്റെ ലോക ഫുട്ബോളര് ക്രിസ്റ്റിയാനോ സ്വന്തമാക്കി. 115 കളികളില്‍ നിന്ന് 76 ഗോളുകളാണ് ക്രിസ്റ്റിയാനോ ചാമ്പ്യന്‍സ് ലീഗില്‍ നേടിയിട്ടുള്ളത്. 93 കളികളില്‍ നിന്ന് 75 ഗോളുകള്‍ നേടിയ ബാഴ്സ താരം ലയണല്‍ മെസ്സിയാണ് രണ്ടാമത്.
കളിയുടെ 20-ാം ക്രിസ്റ്റിയന്‍ ഫുക്ക്സാണ് ഷാല്‍ക്കേയെ മുന്നിലെത്തിച്ചത്.
അഞ്ച് മിനിറ്റിനുശേഷം ടോണി ക്രൂസിന്റെ ക്രോസ് നല്ലൊരു ഹെഡ്ഡറിലൂടെ വലയിലെത്തിച്ച് ക്രിസ്റ്റിയാനോ റയലിന് സമനില നേടിക്കൊടുത്തു. എന്നാല്‍ 40-ാം മിനിറ്റില്‍ ഹണ്ട്ലറുടെ ഇടംകാലന്‍ ഷോട്ട് റയല്‍ ഗോളി കസീയസിനെ മറികടന്ന് വലയില്‍ പതിച്ചതോടെ അവര്‍ 2-1ന് മുന്നിലെത്തി. 45-ാം മിനിറ്റില്‍ മറ്റൊരു ഹെഡ്ഡറിലൂടെ ക്രിസ്റ്റിയാനോ വീണ്ടും റയലിനായി സമനിലഗോള്‍ നേടി. പിന്നീട് 52-ാം മിനിറ്റില്‍ റയല്‍ ലീഡ് സ്വന്തമാക്കി. കരിം ബെന്‍സേമ ബോക്സിനുള്ളില്‍ നിന്ന് വലംകാലുകൊണ്ട് പായിച്ച ഷോട്ട് ഷാല്‍ക്കെ വലയില്‍ കയറി. അഞ്ച് മിനിറ്റിനുശേഷം ലിറോയ് സാനെയിലൂടെ ഷാല്‍ക്കേ സമനില പിടിച്ചു. 84-ാം മിനിറ്റില്‍ ഹണ്ട്ലര്‍ തന്റെ രണ്ടാം ഗോളും ഷാല്ക്കേയുടെ വിജയഗോളും സ്വന്തമാക്കി.
എഫ്സി ബാസലിനെതിരായ രണ്ടാം പാദത്തില്‍ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് പോര്‍ട്ടോ വിജയിച്ചത്. ആദ്യ പാദം 1-1ന് സമനിലയില്‍ കലാശിച്ചിരുന്നു. ഇരുപാദങ്ങളിലുമായി 5-1ന്റെ ആധികാരിക വിജയവുമായിട്ടാണ് പോര്‍ട്ടോയുടെ ക്വാര്‍ട്ടര്‍ പ്രവേശനം.
















