യഥാര്‍ത്ഥവിദ്യ ആത്മവിദ്യ (മനസ്സിന്റെ വിദ്യ) യാണ്. ഈശ്വരത്വം ജീവിതത്തില്‍ എങ്ങനെ ഉപയോഗിക്കണമെന്നു പഠിപ്പിക്കുന്നതാണു ആത്മീയവിദ്യ. പക്ഷേ, അതിന്നാരും മനസ്സിലാക്കാന്‍ ശ്രമിക്കുന്നില്ല. എന്നാല്‍ ആദ്യം മനസ്സിലാക്കേണ്ടത് അതാണ്. പിന്നെയാണ് മറ്റു വിദ്യകള്‍ പഠിക്കേണ്ടത്. വേട്ടയാടാന്‍ പഠിച്ചിട്ടു വേട്ടയാടിയാല്‍ അമ്പു നഷ്ടമാകില്ല.
മൃഗങ്ങള്ക്കിരയാവുകയുമില്ല. അല്ലെങ്കില്‍ അമ്പും പോകും സ്വന്തം ജീവനും നഷ്ടമാകും. ജീവിതം എന്തെന്നു മനസ്സിലാക്കി ജീവിച്ചാല്‍ ജീവിതത്തിന് ഒരുറപ്പുണ്ടാകും. വഴിയറിഞ്ഞു യാത്ര ചെയ്താല്‍ അധികം അലയേണ്ടിവരില്ല. പ്ലാന്‍ വരച്ചിട്ടു വീടു പണിതാല്‍ ശരിയായി പണി തീര്‍ക്കാം. അതുപോലെ മനസ്സിന്റെ വിദ്യ പഠിച്ചിരുന്നാല്‍ സമാധാനമായി ജീവിക്കാം. പക്ഷേ, സ്വാര്ത്ഥബുദ്ധികള്ക്കതിനു മനസ്സു വരില്ല. അവര്‍ ലോകത്തിന്റെ നന്മ നോക്കില്ല.
സ്വന്തം സുഖം മാത്രമാണ് അവര്‍ക്കു വലുത്. എന്നാലതും അവര്‍ക്ക് ലഭിക്കുന്നില്ല. നിസ്വാര്‍ത്ഥമായി ജീവിക്കുന്നവരുടെ മുന്പില് സ്വാര്‍ത്ഥത പരമാത്മാവില്‍ അര്‍പ്പിക്കുന്നവരുടെ മുന്പില് ത്രിലോകങ്ങളും മുട്ടുകുത്തും. ഇതിനര്‍ത്ഥം മറ്റു കാര്യങ്ങളൊന്നും ചെയ്യേണ്ട എന്നല്ല.
പ്രാര്‍ത്ഥിക്കുന്ന സമയം ഈശ്വരന് മാത്രമായിരിക്കണം ഹൃദയത്തില്‍. മറ്റുള്ളവയ്ക്കൊന്നും സ്ഥാനം നല്‍കരുത്. ക്ഷേത്രത്തില്‍ചെന്നു പ്രാര്ത്ഥിച്ചിട്ടു അടുത്തുള്ള കള്ളുഷാപ്പില്പോയി കുടിക്കുന്നവരെയും അമ്മ കണ്ടിട്ടുണ്ട്.
അമ്മയുടെ അടുത്തുവന്നിട്ടു വെളിയില്‍പോയി സെക്കന്റിനു സെക്കന്റിനു സിഗററ്റു വലിക്കുന്നവരെയും കണ്ടിട്ടുണ്ട്. അര്‍ത്ഥമില്ലാത്ത ഈ നിസ്സാരകാര്യങ്ങള്‍പോലും അവര്‍ക്കു ത്യജിക്കുവാന്‍ വയ്യ. പിന്നെങ്ങനെ ഈശ്വരനെ കിട്ടും? മക്കളേ, ഈശ്വരനോടുള്ള സ്നേഹം സാധുക്കളോടുള്ള കരുണയും സേവനവുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: