സഗുണേശ്വര സാന്നിദ്ധ്യത്തില്‍ മനനം ചൈതന്യപൂര്‍ണമായിരിക്കും. അത് ചിത്ത തരംഗങ്ങളെ നിശ്ചലമാക്കും. സംശയങ്ങളെ അകറ്റും. ഉത്കൃഷ്ട ചിന്തകള്‍ക്കും ഭദ്രമായ ആശയങ്ങള്‍ക്കും ഉദ്ദീപനം നല്‍കും. അപകൃഷ്ട സംസ്കാരങ്ങളെ നിഹനിക്കും. അഹന്തയെ നിര്‍മ്മാര്‍ജ്ജനം ചെയ്യും. ഏറ്റവും ഉല്‍ക്കടമായ ദുഃഖത്തെപോലും തുടച്ചുമാറ്റും. ആത്മാഭിലാഷത്തെ ഉണര്‍ത്തും. പക്വ മനസ്സുകളെ ജ്ഞാനനിര്ഭരമാക്കും. ഈശ്വരകൃപയ്ക്ക് പാത്രമാകുന്നവരില്‍ പെടുന്ന സമഗ്രമായ പരിവര്‍ത്തനം ഉണ്ടാകും.
പുരുഷ പ്രയത്നംകൊണ്ട് നേടാവുന്നതിനു ഒരു പരിധിയുണ്ട്. എന്തെന്നാല്‍ വ്യക്ത്യധിഷ്ഠിതമായ അഹന്തയുടെ മണ്ഡലത്തില്‍ മാത്രമേ ആ യത്നത്തിന് വ്യാപരിക്കാന്‍ കഴിയൂ. സത്യമണ്ഡലത്തില് യത്നത്തിനു സ്ഥാനമില്ല. ഏറ്റവും വലിയ പ്രലോഭനങ്ങളില്‍നിന്നു നിങ്ങളെ രക്ഷിക്കുന്ന ശക്തിയും ഏറ്റവും കഠിനമായ ദുരന്തങ്ങളില്‍ അവലംബമേകുന്ന ശാന്തിയും ധര്‍മ്മസങ്കടങ്ങളില്‍ നിങ്ങളെ അനുഗ്രഹിക്കുന്ന ആന്തരികചോദനയും വിപത് സന്ധികളില്‍ നിങ്ങളെ സംരക്ഷിക്കും. ആത്മധൈര്യവും എല്ലാം നിങ്ങള്‍ സ്വയം വളര്‍ത്തിയെടുത്ത ശക്തിയുടേയും നന്മയുടെയും ഫലങ്ങളല്ല. ഇവയെല്ലാം നിങ്ങളിലുള്ള ഈശ്വരന്റെ പ്രകാശനങ്ങളാണ്. വിധിയെ അനുകൂലമാക്കുന്ന ഈശ്വരകാരുണ്യമാണ്.
ഒരു മന്ത്രമോ മഹാവാക്യമോ മുഖേന ഉപദിഷ്ടനായി എന്നുള്ളതുകൊണ്ടുമാത്രം ഒരാള്‍ക്ക് ആ
ദ്ധ്യാത്മികശക്തിയുടെ അനുഭൂതി സിദ്ധിച്ചു എന്നു വരുന്നതല്ല. അതിനോടു ശ്രദ്ധയും പുരുഷപ്രയത്നവും ശുദ്ധമായ കര്‍മ്മാനുഷ്ഠാനവും കൂട്ടിച്ചേര്‍ക്കണം. ആത്മീയവികാസത്തിന് അത്യന്താപേക്ഷിതമായ വിനയത്തിലും പ്രയത്നത്തിലും സഹാനുഭൂതിയിലും ഒരു ഉറുമ്പിനെപോലെ വര്‍ത്തിക്കുക. എവിടെയാണോ പഞ്ചാര സൂക്ഷിച്ചിട്ടുള്ളത് അവിടെ ഉറുമ്പ് എത്തും.
അത് കണ്ടെത്തിയാലുടന്‍ മറ്റുറുമ്പുകളെ വിവരമറിയിക്കാന്‍ അത് കൃതാര്ത്ഥതകൊള്ളുന്നു.
ആത്മസത്യം സൂക്ഷ്മതയും അതീവ ഗഹനവും ഗോപ്യാല് ഗോപ്യതമവുമാണ്. ആര്‍ക്കാണോ ഗുരുവചനത്തില്‍ ശ്രദ്ധയുള്ളത് ആരുടെ മനസ്സാണോ പ്രശാന്തമായത് ആര്‍ക്കാണോ നിര്‍മോഹത്വം സിദ്ദിച്ചത് ജ്ഞാനത്തിനും മോചനത്തിനുമുള്ള അഭിവാഞ്ച തീവ്രമായിതീര്ന്നത് ആരിലാണോ അവരിലാണ് ആത്മസത്യം അനാവരണം ചെയ്യപ്പെടുന്നത്.
ശ്രീ രമാദേവി
പ്രതികരിക്കാൻ ഇവിടെ എഴുതുക: