മെല്‍ബണ്‍: ലോകകപ്പിന് ശേഷം ഏകദിനത്തില്‍ നിന്ന് വിരമിക്കുമെന്ന വാര്‍ത്ത നിഷേധിച്ച് പാക്ക് താരം യൂനിസ് ഖാന്. താന്‍ അത്തരത്തില്‍ ട്വീറ്റ് ചെയ്തിട്ടില്ലെന്ന് അദ്ദേഹം അറിയിച്ചു. ഏകദിനത്തില്‍ നിന്ന് വിരമിക്കുന്നെന്നും ടെസ്റ്റില്‍ തുടരുമെന്നും യൂനിസ് ട്വീറ്റ് ചെയ്തതായി വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ഇതിനെ നിഷേധിച്ചാണ് യൂനിസ് രംഗത്ത് വന്നിരിക്കുന്നത്.
ലോകകപ്പിലെ പാക്കിസ്ഥാന് തോറ്റ ആദ്യ രണ്ടു മത്സരങ്ങളിലും യുനിസ് തിളങ്ങിയിരുന്നില്ല. ദീര്‍ഘകാലത്തെ ഇടവേളയ്്ക്കു ശേഷമാണു യൂനിസ് ഏകദിന ടീമിലേക്കു തിരിച്ചെത്തിയത്. അടുത്തിടെ നടന്ന ഓസ്ട്രേലിയ, ന്യൂസിലന്‍ഡ് ടെസ്റ്റ് പരമ്പരയിലെ തകര്‍പ്പന്‍ പ്രകടനമായിരുന്നു തിരിച്ചുവരവിനു വഴിവച്ചത്. തുടര്‍ന്നു ന്യൂസിലന്ഡിനെതിരേ നടന്ന ഏകദിന പരമ്പരയിലും സെഞ്ചുറി നേടി യൂനിസ് വരവറിയിച്ചു.
എന്നാല്‍ ലോകകപ്പിലെ പാക്കിസ്ഥാന്റെ രണ്ടു ദയനീയ തോല്‍വികള്‍ക്കു പിന്നാലെ യൂനിസ് വിരമിക്കണമെന്ന ആവശ്യവുമായി മുന്‍ താരങ്ങള്‍ രംഗത്തെത്തിയിരുന്നു. 37 വയസുകാരനായ യുനിസ് 263 ഏകദിനങ്ങളില്‍ പാക്കിസ്ഥാനു വേണ്ടി പാഡണിഞ്ഞിട്ടുണ്ട്. 31.31 ശരാശരിയില്‍ 7,203 റണ്‍സ് നേടിയ യൂനിസ് ഏഴു സെഞ്ചുറികളും 48 അര്‍ധ സെഞ്ചുറികളും ഇതുവരെ നേടിയിട്ടുണ്ട്
















